റോക്ഫെല്ലർ നല്‍കിയ കടം

വലിയ കടക്കെണിയിൽ കുടുങ്ങിയ ഒരു ബിസിനസുകാരൻ, അതിൽനിന്ന് മോചിതനാവാൻ ഒരു മാർഗവും കാണാതെ പ്രയാസപ്പെട്ടു.

അങ്ങേയറ്റത്തെ വിഷമത്തോടെയും ദുഖത്തോടെയും അദ്ദേഹം പാർക്കിലെ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു, തന്നെയും തന്റെ കമ്പനിയെയും പാപ്പരത്തത്തിൽനിന്ന് രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചുകൊണ്ട്.

പെട്ടെന്ന് ഒരു വൃദ്ധൻ അദ്ദേഹത്തിന്റെ മുമ്പിൽ ആഗതനായി.

വൃദ്ധൻ പറഞ്ഞു: “താങ്കളെ എന്തോ അലട്ടുന്നു എന്നെനിക്ക് തോന്നുന്നു…!” ബിസിനസുകാരൻ തന്റെ അവസ്ഥകളെല്ലാം വൃദ്ധനോട് വിവരിച്ചു.

“എനിക്ക് താങ്കളെ സഹായിക്കാൻെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” – വൃദ്ധൻ പ്രതികരിച്ചു.

ഉടനെ ആ മനുഷ്യൻ ബിസിനസുകാരനോട് അദ്ദേഹത്തിന്റെ പേര് ചോദിച്ച് ഒരു ചെക്ക് എഴുതുകയും അതദ്ദേഹത്തെ ഏല്പിക്കുകയും ചെയ്തു; എന്നിട്ട് പറഞ്ഞു: “താങ്കൾ ഇത് കൊണ്ടുപോയി പണമെടുക്കുക; കൃത്യം ഒരു വർഷം കഴിഞ്ഞ് ഇതേ സ്ഥലത്തുവെച്ച് എനിക്ക് പണം തിരിച്ചുനൽകുകയും ചെയ്യുക.” അതേത്തുടർന്ന് വൃദ്ധൻ സ്ഥലംവിട്ടു.

ചെക്കിലേക്കു നോക്കിയ ബിസിനസുകാരൻ അത്ഭുതപ്പെട്ടു: അര മില്യൺ ഡോളർ മൂല്യമുള്ള ചെക്കിൽ ഒപ്പുവെച്ചിരിക്കുന്നത് അമേരിക്കൻ ബിസിനസുകാരനായ ജോൺ ഡി റോക്ഫെല്ലർ…!!! (1839 – 1937 കാലങ്ങളിൽ ജീവിച്ച, പെട്രോൾ രംഗത്തെ വിപണനംകൊണ്ട് പണം സമ്പാദിച്ച ലോകത്തിലെ ഏറ്റവും വലിയ ധനികൻ. കുറഞ്ഞ കാലംകൊണ്ട് ലോക പ്രശസ്തനായിത്തീർന്ന അദ്ദേഹം തന്റെ ജീവിതകാലത്തിനിടെ ഏതാണ്ട് 550 മില്യൺ അമേരിക്കൻ ഡോളർ വിവിധ സഹായ പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്).

ബിസിനസുകാരൻ സുബോധത്തിലേക്കുണർന്നു. ആവേശപൂർവം സ്വയം പറഞ്ഞു: “ഈ പണം കൊണ്ട് എന്റെ അസ്വസ്ഥതകളെല്ലാം മായ്ച്ചു കളയാൻ എനിക്കാവും…”

പിന്നെ, പാപ്പരായ അവസ്ഥയിൽനിന്ന് തന്റെ കമ്പനിയെ രക്ഷിക്കാനുള്ള വഴിയെക്കുറിച്ച് അദ്ദേഹം ആലോചിച്ചു. ആ ചെക്ക് മാറാതെ, അത് തന്റെ ഗ്യാരണ്ടിയായും ശക്തിസ്രോതസ്സായും സ്വീകരിച്ച് സൂക്ഷിച്ച് വച്ചു. ആത്മവിശ്വാസത്തോടെ തന്റെ കമ്പനിയിൽ ചെന്ന് പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

താൻ കടംകൊണ്ടവരോട് അത് വീട്ടാൻ അവധി നീട്ടിച്ചോദിച്ച് പുതിയ ഇടപാടുകളിൽ ഏർപ്പെട്ടു. വലിയ വലിയ പുത്തൻ കച്ചവട നടപടികളിലൂടെ കമ്പനിക്ക് പഴയ പ്രതാപം തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടാനും വലിയ ലാഭം നേടാനും സാധിച്ചു…

വൃദ്ധൻ പറഞ്ഞ നിശ്ചിത വർഷം പൂർത്തിയായപ്പോൾ അദ്ദേഹം ആവേശപൂർവം ആ പാർക്കിലേക്ക് പോയി. അവിടെ ആ വൃദ്ധൻ അതേ കസേരയിൽ തന്നെ കാത്തിരിക്കുന്നതായി കണ്ടപ്പോൾ അദ്ദേഹത്തിന് അതിയായ സന്തോഷമായി. വലിയ കൃതജ്ഞതാ ബോധത്തോടെ, അതുവരെ മാറാതിരുന്ന ചെക്ക് തിരിച്ചു നല്കിക്കൊണ്ട്, താൻ സാക്ഷാത്ക്കരിച്ച വിജയ കഥകൾ ഓരോന്നായി പറയാൻ തുടങ്ങി…

പെട്ടെന്ന് അദ്ദേഹത്തിന്റെ സംസാരത്തിന് ഭംഗം വരുത്തിക്കൊണ്ട്, ഒരു വനിതാ നഴ്സ് വൃദ്ധന്റെ നേരെ ഓടി വന്ന് പറഞ്ഞു: “ഹോ, ദൈവത്തിന് സ്തുതി…! തന്നെ ഇവിടെ കണ്ടെത്താൻ കഴിഞ്ഞല്ലോ…”

ആ വൃദ്ധന്റെ കൈ കടന്നുപിടിച്ചുകൊണ്ട് നഴ്സ് ബിസിനസുകാരനോട് പറഞ്ഞു: “ഇയാൾ താങ്കളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ലെന്ന് കരുതട്ടെ. ഈ പാർക്കിന്റെ തൊട്ടപ്പുറത്തുള്ള ഭ്രാന്താശുപത്രിയിൽനിന്ന് ഇയാൾ ഇടയ്ക്കിടെ ചാടിപ്പോകും; കാണുന്ന ജനങ്ങളോടെല്ലാം, താനാണ് ജോൺ ഡി റോക്ഫെല്ലർ എന്ന് അവകാശപ്പെടുകയും ചെയ്യും…”

ബിസിനസുകാരൻ തരിച്ചിരുന്നുപോയി…!

കഴിഞ്ഞ ഒരു വർഷത്തെക്കുറിച്ച് അദ്ദേഹം ആലോചിച്ചു: അപകടകരമായ അവസ്ഥയൽനിന്ന് കമ്പനിയെ കരകയറ്റിയതും വലിയ ഇടപാടുകൾ നടത്തിയതുമെല്ലാം ആ അര മില്യൺ ഡോളർ തന്റെ പിന്നിലുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നല്ലോ…!

യഥാർഥത്തിൽ ആ പണമായിരുന്നില്ല, മറിച്ച്, ആത്മവിശ്വാസത്തോടെയുള്ള തന്റെ പുതിയ കണ്ടെത്തലുകളായിരുന്നു ജീവിതത്തെ മാറ്റിമറിച്ചതും കമ്പനിയെ രക്ഷപ്പെടുത്തിയതുമെന്നുള്ള സത്യം അദ്ദേഹം തിരിച്ചറിഞ്ഞു.

ആ ആത്മവിശ്വാസം മാത്രമാണ് നിന്റെ ജീവിതത്തിലെ ഏതൊരു പ്രയാസത്തെയും നേരിടാനുള്ള കരുത്ത് നല്കുന്നത്.

ദൈവത്തിൽ മാത്രം വിശ്വസിക്കൂ – വിജയിക്കും; സൗഭാഗ്യവാനാകും – അറബിയിൽനിന്ന് മൊഴിമാറ്റം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.