മെഡിറ്ററേനിയന്‍ ജനതയോട് പാപ്പാ പറഞ്ഞത്

‘മെഡിറ്ററേനിയന്‍ സമാധാനത്തിന്റെ അതിര്‍ത്തിയാക്കാം’ – Mediterranean the Frontier of Peace എന്ന സംഗമത്തിന്റെ സമാപനദിനമായ ഫെബ്രുവരി 23, ഞായറാഴ്ച രാവിലെയാണ് ഫ്രാന്‍സിസ് പാപ്പാ ബാരിയില്‍ എത്തിച്ചേര്‍ന്നത്. ഇറ്റലി ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ വിവിധ സഭകള്‍ കൂട്ടുചേര്‍ന്നു നടത്തുന്ന സമാധാനസംഗമത്തെ അഭിനന്ദിച്ചുകൊണ്ടും അതില്‍ പങ്കെടുക്കുന്നതിനുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുമാണ് ഫ്രാന്‍സിസ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്.

യുദ്ധം മനുഷ്യന്റെ ഭ്രാന്താണ് എന്ന് തന്റെ മുന്‍ഗാമിയായ വി. ജോണ്‍ 23-ാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുള്ളത് പാപ്പാ ഉദ്ധരിച്ചു (Pacem in Terris, 62). സമാധാനപരമായ ജീവിതത്തിന് രാഷ്ട്രങ്ങള്‍ തമ്മില്‍ മാനവികവും സാമ്പത്തികവുമായ ബന്ധങ്ങള്‍ വളര്‍ത്തണം. യുദ്ധത്തെ മനുഷ്യന്റെ ഒരു സ്വാഭാവിക നീക്കമായോ, അഭിപ്രായഭിന്നതകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗ്ഗങ്ങളോ ആയി ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. ഇവിടെല്ലാം സുബുദ്ധിയുള്ള മനുഷ്യന്‍ തേടേണ്ടത് സംവാദത്തിന്റെയും അനുരജ്ഞനത്തിന്റെയും പാതയും അതുവഴി സാമാധാനവുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനലക്ഷ്യം സമാധാനപൂര്‍ണ്ണമായ ജീവിതമായിരിക്കണം, യുദ്ധമല്ല. സമാധാനത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ലെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

മെഡിറ്ററേനിയന്‍ പ്രവിശ്യകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് യുദ്ധവും കലാപങ്ങളും കെടുതികളുമുള്ള രാജ്യങ്ങളില്‍ നിന്നും കുടിയേറുന്നവരെക്കുറിച്ചുള്ള ആശങ്കകളാണെന്നും അതിനാല്‍ മെഡിറ്ററേനിയന്‍ പ്രവിശ്യയിലെ ഭരണകര്‍ത്താക്കളും സഭയും സംഘടനകളും സന്നദ്ധസേവകരും നിരാലംബരായി എത്തുന്നവരെ തള്ളിക്കളയാതെ അവരെ തുണയ്ക്കാന്‍ സന്നദ്ധരാവണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

പ്രതിസന്ധികള്‍ തരണം ചെയ്ത് ക്രിസ്തുവിന്റെ സുവിശേഷം യൂറോപ്പിലെത്തിക്കാന്‍ മെഡിറ്ററേനിയന്‍ ആദ്യം താണ്ടിയ വി. പൗലോസ് അപ്പസ്‌തോലന്റെ ധീരതയും സമര്‍പ്പണവും പ്രചോദനമാവട്ടെയെന്ന് പാപ്പാ ആശംസിച്ചു. അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റെയും വഴികളില്‍ തകര്‍ന്നത് സമുദ്ധരിക്കുവാനും അങ്ങനെ മാനവികതയ്ക്ക് പ്രത്യാശയും ധൈര്യവും പകര്‍ന്നുകൊടുക്കുവാനും സഭയ്ക്കും സഭാശുശ്രൂഷകര്‍ക്കും വിശ്വാസ സമൂഹത്തിനും ഭീതി കൂടാതെ സാധിക്കണം എന്ന പ്രവാചകദൗത്യത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടും അതിനുള്ള ദൈവാനുഗ്രഹം നേര്‍ന്നുകൊണ്ടുമാണ് പാപ്പാ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.