നിന്റെ വാതിലിൽ മുട്ടുന്നത് ദൈവം, ആകയാൽ വാതിൽ തുറക്കുക: മാർപാപ്പ

സ്വാഗതം ചെയ്യുന്നതിന്റെ സംസ്കൃതി ഊട്ടിവളർത്തേണ്ടത് ഇന്ന് ഏറെ ആവശ്യമായിരിക്കുന്നു. നിന്റെ വാതിലിൽ മുട്ടുന്നത് ദൈവമാണ് ആകയാൽ വാതിൽ തുറക്കുക എന്ന് മാർപാപ്പാ. ഇറ്റലിയിലെ ജ്യാവെര ദെൽ മൊന്തെല്ലൊ പ്രദേശത്ത് 1996 -ൽ ജന്മം കൊണ്ട സാംസ്കാരികാന്തര ഉത്സവത്തിന് നേതൃത്വം വഹിക്കുന്നവരുടെ നൂറോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

കുടിയേറ്റക്കാരുമായി ഇടപഴകുന്ന നാല്പതോളം സംഘടനകളും കുടിയേറ്റക്കാരുടെ സമിതികളും സഹജീവനത്തിൽ നിന്നു പിറവിയെടുത്ത ഈ ഉത്സവത്തിൽ പങ്കുചേരുകയും അതു മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പാപ്പായുടെ പ്രസംഗം കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ ഊന്നിയതായിരുന്നു.

ചിലപ്പോഴൊക്കെ നമ്മെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭാവം ആർന്നിരിക്കുന്ന ഒന്നാണ് നമ്മുടെ ഇക്കാലത്തെ കുടിയേറ്റ യാഥാർത്ഥ്യമെന്നും വസ്തുനിഷ്ഠമായി, ഈ പ്രതിഭാസം വളരെ സങ്കീർണ്ണമാണെന്നും നിർഭാഗ്യവശാൽ അത് മുതലെടുക്കുന്ന കുറ്റകൃത്യസംഘടനകളുണ്ടെന്നും പാപ്പാ പറഞ്ഞു.

ഭൗമ രാഷ്ട്രീയ സംഘട്ടനങ്ങൾക്കുള്ളിലും കുടിയേറ്റക്കാർ ഉപകരണങ്ങളാക്കപ്പെടുന്ന അപകടമുണ്ടെന്നും അങ്ങനെ അവരുടെ വ്യക്തിഭാവം നഷ്ടപ്പെടുകയും അവർ വെറും സംഖ്യകളായി കണക്കാക്കപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതുകൊണ്ടു തന്നെ, കുടിയേറ്റക്കാരുടെ വദനങ്ങളും അവരുടെ കഥകളും ഗാനങ്ങളും പ്രാർത്ഥനകളും കലകളും എല്ലാം കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്ന വേദികളുടെ ആവശ്യകത എന്നത്തേക്കാളുപരിയാണെന്ന് പാപ്പാ പറയുന്നു. കുടിയേറ്റ യാഥാർത്ഥ്യത്തെ ഇപ്രകാരം നോക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നത് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മറച്ചുവയ്ക്കുകയോ, അവഗണിക്കുകയോ ചെയ്യുകയെന്നല്ലെന്നു പാപ്പാ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.