ഇതു കരുണയുടെ സമയം: പുതിയ അപ്പസ്തോലിക ലേഖനത്തിൽ ഫ്രാൻസീസ് പാപ്പ

ക്രിസ്തുരാജന്റെ തിരുനാളിൽ  ഫ്രാൻസീസ് പാപ്പ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കായിലെ വിശുദ്ധ കവാടം അടച്ചു കൊണ്ട് കരുണയുടെ  അസാധാരണമായ ജൂബിലിക്കു സമാപനം കുറിച്ചു. കരുണയുടെ വിശുദ്ധവർഷം സമാപിച്ചെങ്കിലും പുതിയ അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസീസ് പാപ്പ പറയുന്നു: “നമ്മൾ ഇപ്പോഴും കരുണയുടെ സമയത്താണ് ജീവിക്കുക.”

അസാധാരണമായ കരുണയുടെ ജൂബിലി വർഷം സമാപിച്ചെങ്കിലും നമ്മൾ ഇപ്പോഴും കരുണയുടെ സമയത്താണ് ജീവിക്കുക. ഫ്രാൻസീസ് പാപ്പയുടെ ‘കരുണയും  ദുരവസ്ഥയും‘  Misericordia et misera, (Mercy and Misery) എന്ന ജൂബിലി സമാപനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിലെ  മുഖ്യ സന്ദേശമാണിത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യയത്തിൽ യേശുവും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയെ ആണ് ശീർഷകം സൂചിപ്പിക്കുന്നത്.  വിശുദ്ധ ആഗസ്തീനോസിന്റെ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ പറയുന്നതുപോലെ “അവർ രണ്ടു പേരും – യേശുവും സ്ത്രീയും – തനിച്ചായി: കാരുണ്യം ദുരവസ്ഥയോടൊപ്പം.” പാപ്പയുടെ അഭിപ്രായത്തിൽ ഈ സുവിശേഷത്തിലെ പഠനം, ” കരുണയുടെ അസാധാരണമായ ജൂബിലി വർഷത്തിന്റെ സമാപനത്തിൽ വെളിച്ചം വീശുക മാത്രമല്ല ചെയ്യുന്നത്,  മറിച്ച് ഭാവിയിൽ നാം നടക്കേണ്ട വഴിയിലേക്കു കൂടിയുള്ള വെളിച്ചം വീശലാണ്.”

ജൂബിലി വർഷത്തിൽ നാം സ്വീകരിച്ച കാരുണ്യത്തിന്റെ വലിയ കൃപകളുടെ വെളിച്ചത്തിൽ, ദൈവത്തിന്റ ദാനങ്ങൾക്കു നന്ദി പറയുക എന്നതായിരിക്കണം നമ്മുടെ ആദ്യ പ്രതികരണം. മുൻപോട്ടു പോകുന്നതനുസരിച്ച് കരുണയുടെ ആഘോഷം,   സഭയുടെ ആരാധനക്രമ ആഘോഷങ്ങളിൽ, സവിശേഷമായി വിശുദ്ധ ബലിയുടെ അർപ്പണണത്തിലും, മറ്റു കൂദാശകളുടെ പരികർമ്മത്തിലും പ്രത്യേകമായി സൗഖ്യത്തിന്റെ രണ്ട് കൂദാശകളായ കുമ്പസാരത്തിലും രോഗിലേപനത്തിലും തുടരണം.

കരുണയുടെ ആഘോഷം തുടരാനായി നിരവധി പുതിയ ആശയങ്ങൾ പാപ്പാ മുൻപോട്ടു വച്ചു: വിശുദ്ധ ഗ്രന്ഥം കൂടുതൽ അറിയിക്കുവാനും വ്യാപകമായി പ്രചരിപ്പിക്കാനും വർഷത്തിൽ ഒരു ദിവസം കൊണ്ടാടണം. കൂടാതെ അനുരജ്ഞനത്തിന്റെ കൂദാശയെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ജബിലി വർഷത്തിൽ ആരംഭം കുറിച്ച പല സംരംഭങ്ങളും തുടരാൻ മാർപാപ്പ തീരുമാനിച്ചു. ഉദാഹരണത്തിന് കരുണയുടെ പ്രേഷിതരോട് അവരുടെ ശുശ്രൂഷ തുടരാൻ ആവശ്യപ്പെട്ടു, കുമ്പസാരം കേൾക്കുവാനും പാപമോചനം നൽകുവാനും വിശുദ്ധ പത്താം പീയൂസിന്റെ സൊസേറ്റീയിലെ വൈദീകർക്കു നൽകിയ അധികാരം അനന്തമായി നീട്ടി നൽകി.

ഭ്രൂണഹത്യയുടെ പാപം മോചിക്കാൻ വൈദീകർക്കു നൽകിയ അനുവാദം നീട്ടി കൊടുത്തുകൊണ്ട് പാപ്പ പറഞ്ഞു: “ഭ്രൂണഹത്യ ഒരു വലിയ പാപമാണന്നു എനിക്കു കഴിയുന്നതു പോലെ  തറപ്പിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിഷ്കളങ്കമായ ഒരു ജീവിതത്തിന് അതു അന്ത്യം കുറിക്കുന്നു.” പാപ്പ തുടർന്നു: “ദൈവത്തിന്റെ കരുണ എത്തിച്ചേരാത്തതോ, ഹൃദയത്തിൽ അനുതപിച്ച് പിതാവിനോട് ഐക്യപ്പെട്ടാൽ തുടച്ചു കളയാത്തതോ ആയ ഒരു പാപവുമില്ലന്നു സമർത്ഥിക്കാനും എനിക്കു സാധിക്കും.”

ജൂബിലി സമാപിച്ചെങ്കിലും നമ്മുടെ ഹൃദയത്തിലെ കരുണയുടെ വാതിൽ വിശാലമായി തുറന്നു കിടക്കുന്നതു തുടരും. കരുണയുടെ പുതിയ പ്രവർത്തികളുടെ പരിശീലനം തുടരാനും പരമ്പരാഗതമായ കരുണയുടെ പ്രവർത്തികൾക്കു പുതിയ മാനം നൽകുവാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.  ആത്മീയ ഭൗതീക കാരുണ്യ പ്രവർത്തികൾ  നമ്മുടെ കാലഘട്ടത്തിലെ സാമൂഹ്യ മൂല്യങ്ങളെ സ്വാധീനിക്കുന്ന കാരുണ്യത്തിന്റെ ഭാവാത്മകമായ തെളിവുകളായി തുടരണം.” ഈ മനോഭാവത്തിൽ സഭ, മനുഷ്യ മഹത്വത്തെ വെല്ലുവിളിക്കുന്ന അക്രമണങ്ങളെ അഭിമുഖീകരിക്കുന്നതും,  ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നെതും, ജാഗ്രത പാലിക്കുന്നതും തീർച്ചയായും തുടരണമെന്നു പാപ്പ പറഞ്ഞു.

“ഇതു കരുണയുടെ സമയമാണ്, കാരണം ഈ കരുണയുടെ സമയത്തു ഒരു പാപി പോലും ഒരിക്കലും ക്ഷമയാചിച്ചു തളരില്ല. എല്ലാവർക്കും  സ്നേഹത്തോടെ ആശ്ലേഷിക്കുന്ന പിതാവിനെ അനുഭവിക്കാൻ കഴിയും.”

ആരാധനക്രമവസത്തിലെ അവസാന ഞായറാഴ്ചക്കു മുമ്പുള്ള ഞായറാഴ്‌ച ദരിദ്രരുടെ ലോക ദിനമായി ഭാവിയിൽ ആചരിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ഈ ദിനം നവ സുവിശേഷവത്കരണത്തിന്റെ യഥാർത്ഥ രൂപം പ്രതിനിധീകരിക്കുമെന്നും (cf. Mt 11:5), ഇതു ഇടവിടാതെയുള്ള   അജപാലനപരമായ സംഭാഷണത്തിലൂടെയും  കാരുണ്യത്തിന്റെ സാക്ഷ്യത്തിലൂടെയും സഭയുടെ മുഖം  നവീകരിക്കുന്നതു  നിലനിർത്തുമെന്നും” പാപ്പ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.