മറിയത്തോട് പ്രാര്‍ത്ഥിക്കാം, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച ഈ രീതിയിലൂടെ

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ബസലിക്ക ഓഫ് മരിയ സെല്ലിലാണ് 2007-ലെ മാതാവിന്റെ ജനന തിരുനാള്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആചരിച്ചത്. അന്ന് അദ്ദേഹം മാതാവിനോട് മാധ്യസ്ഥ്യം തേടേണ്ടത് എങ്ങനെയെന്നും പഠിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘ഈശോയെ കാണിച്ചു തരണമേ, എന്ന ഒരു വാചകം മറിയത്തോടായി എപ്പോഴും ഉരുവിട്ടു കൊണ്ടിരിക്കാം. രക്ഷകനായ ഈശോയെ ആഗ്രഹിച്ചു കൊണ്ട് ‘ ഈശോയെ കാണിച്ചു തരണമേ’ എന്ന് മാതാവിനോട് പറയാം.

ഉണ്ണീശോയെയാണ് മാതാവ് ആദ്യം കാട്ടിത്തരിക. ദൈവം എളിയവരില്‍ എളിയവനായി ഈശോയെ ഭൂമിയിലേയ്ക്ക് അയക്കുകയായിരുന്നുവല്ലോ. അതുപോലെ തന്നെ അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും പാത വിട്ട്, കുഞ്ഞുങ്ങളെപ്പോലെ എളിമപ്പെടാന്‍ ഈശോയും മറിയവും നമ്മെയും ക്ഷണിക്കുകയാണ്.

അടുത്തതായി ഈശോയിലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്താന്‍ സഹായിക്കണമേയെന്ന് മാതാവിനോട് പ്രാര്‍ത്ഥിക്കാം. അള്‍ത്താരയുടെ ഉയരത്തിലെ ക്രൂശിത രൂപത്തിലേയ്ക്ക് ആദ്യം നോക്കാം. നമുക്ക് ജീവന്‍ നല്‍കുന്നതിനു വേണ്ടിയാണ് അവിടുന്ന് കുരിശുമരണം വരിച്ചതെന്ന കാര്യം ഇടയ്ക്കിടെ നന്ദിയോടെ സ്മരിക്കാം.

വീണ്ടും ഒരു കാര്യം നമുക്ക് മറക്കാതിരിക്കാം. പരിശുദ്ധ കന്യകാമറിയം നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും ശ്രവിക്കുന്നുണ്ട്. എപ്പോഴൊക്കെ മാതാവിനെ നാം നിസ്സഹായതയോടെ നോക്കുന്നുണ്ടോ അപ്പോഴെല്ലാം അവിടുന്ന് ഈശോയെ നമുക്ക് കാണിച്ചു തരും. അതുവഴിയായി ശരിയായ പാത നമുക്ക് തെളിഞ്ഞു കിട്ടും. വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന ആ പാത നമ്മിലേയ്ക്ക് സന്തോഷവും സ്‌നേഹവും നിറയ്ക്കുകയും ചെയ്യും.