താന്‍ അംഗമായിട്ടുള്ള ഈശോസഭയുടെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ച് മാര്‍പാപ്പ

ഈശോസഭയുടെ റോമിലെ ആസ്ഥാനകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂലൈ എട്ടാം തീയതി തിങ്കളാഴ്ചയാണ് വത്തിക്കാനില്‍ നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയുള്ള ഈശോസഭയുടെ റോമിലെ ആസ്ഥാനത്തേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ സ്വകാര്യസന്ദര്‍ശനം നടത്തിയത്. വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസ്സോത്തിയാണ് പ്രസ്താനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഉച്ച കഴിഞ്ഞ് 12 മണിയോടെ കാറില്‍ ഈശോസഭയുടെ ആസ്ഥാനത്തെത്തിയ പാപ്പായെ, ഇപ്പോഴത്തെ സഭാതലവന്‍ ഫാ. അര്‍ത്തൂരോ സോസയും മറ്റ് സഭാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ജനറലേറ്റ് സമൂഹത്തിലെ തന്റെ സഹോദരങ്ങളുമായി ഏതാനും നിമിഷങ്ങള്‍ കുശലം പറഞ്ഞിരുന്ന പാപ്പാ, പ്രാദേശികസമയം 12.30-ന് അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്.

ഈശോസഭയുടെ പിതാവായ വി. ഇഗ്‌നേഷ്യസ് ലയോളയുടെ തിരുനാളിനോട് അനുബന്ധിച്ച് ഒരു ദിവസം പാപ്പാ, താന്‍ അംഗമായിട്ടുള്ള ഈശോസഭയുടെ ജനറലേറ്റ് സന്ദര്‍ശിക്കുന്നതും, അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതും, ജനറലിനോടും അവിടെയുള്ള മറ്റു സഹോദരങ്ങളോടൊപ്പം ഏതാനും സമയം ചിലവഴിക്കുന്നതും പതിവായിട്ടുണ്ട്. ജൂലൈ 31-ന് ആസന്നമാകുന്ന വി. ഇഗ്‌നേഷ്യസ് ലയോളയുടെ തിരുനാളിനോടനുബന്ധിച്ചായിരിക്കണം പാപ്പായുടെ അനൗപചാരിവും സാഹോദര്യഭാവവുമുള്ള ഈ സന്ദര്‍ശനമെന്ന് റോമില്‍ അലസാന്ദ്രോ ജിസ്സോത്തി വ്യക്തമാക്കി.