വിശുദ്ധരെ അനുകരിക്കൽ, അനുദിന ജീവിതത്തില്‍ വിശുദ്ധി നേടാനുള്ള മാർഗം: മാർപാപ്പ

അസാമാന്യ കാര്യങ്ങൾ ചെയ്യുന്നതല്ല മറിച്ച് വിശുദ്ധരുടെ പാതകളും ജീവിതവും പിന്തുടരുന്നതാണ് വിശുദ്ധി നേടാനുള്ള ഏറ്റവും എളുപ്പ മാർഗമെന്ന് മാർപാപ്പ. സകലവിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തിയതി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

വിശുദ്ധരോട് പ്രാർത്ഥിക്കുകയും അവരെക്കുറിച്ച് ധ്യാനിക്കുകയും മാത്രം ചെയ്താൽ പോരാ. മറിച്ച് അവരുടെ ജീവിതം അനുകരിക്കുകയും വേണം. നാം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിശുദ്ധരോട് മാത്രമല്ല പ്രാർത്ഥിക്കേണ്ടതും. നമ്മുടെ ഇടയിൽ നിന്നുതന്നെ വേർപിരിഞ്ഞ് ഇപ്പോൾ നിത്യമഹത്വത്തിൽ ആയിരിക്കുന്ന പൂർവപിതാക്കന്മാരോടും പ്രാർത്ഥിക്കുകയും അവരുടെ ജീവിതപാത അനുകരിക്കുകയും ചെയ്യണം. അതുകൊണ്ട് തന്നെ സകലവിശുദ്ധരുടെയും തിരുനാൾ ദിനം ഒരുതരത്തിൽ ഒരു കുടുംബ സംഗമം കൂടിയാണ്. പാപ്പാ പറഞ്ഞു.

ലോകത്തിന്റെ രീതികൾക്ക് എതിരായി സുവിശേഷത്തെ അനുസരിച്ചും അനുകരിച്ചും ജീവിച്ചവരാണ് വിശുദ്ധർ. സമ്പന്നരെയും ഉന്നതരെയും ലോകം അനുഗ്രഹീതർ എന്നു വിളിച്ചപ്പോൾ പാവപ്പെട്ടവരെയും എളിയവരെയുമാണ് വിശുദ്ധർ അക്കൂട്ടത്തിൽ കരുതിയത്. അതുകൊണ്ട് തന്നെ വിജയികളായി സുവിശേഷം വ്യക്തമാക്കിയിരിക്കുന്നത് ലോകത്തിന്റെ മോഹങ്ങൾക്ക് എതിരായി ജീവിച്ചവരെയാണ്. പാപ്പാ വ്യക്തമാക്കി.

അതുകൊണ്ട് നമുക്ക് സ്വയം വിലയിരുത്താം, ലോകത്തിന്റെ സന്തോഷത്തിനായാണോ നിത്യതയുടെ സന്തോഷത്തിനായാണോ ഞാൻ ജീവിക്കുന്നതെന്ന്. ലോകത്തിന് അനുരൂപരാകാതെ ജീവിച്ചവരാണ് വിശുദ്ധരെല്ലാം. എളിമയെയും സഹനത്തെയും ശുദ്ധതയെയും കരുണയെയും മുഖമുദ്രയാക്കി ജീവിച്ചവർ. അതുകൊണ്ട് അവരെയും അവർ അനുസരിച്ച സുവിശേഷത്തെയും അനുകരിച്ച് ജീവിക്കാം. പാപ്പാ ആഹ്വാനം ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.