പ്രളയത്തിന് ശേഷമുള്ള വ്യക്തി ശുചിത്വം

പ്രളയം വലിയ വേദനയാണ് കേരളത്തിന്‌ നല്‍കിയത്. നഷ്ടങ്ങളുടെ കണക്ക് ഒരുപക്ഷേ വര്‍ണ്ണിക്കാവുന്നതിലും അധികമാണ്. എന്നാല്‍ ആരോഗ്യമുണ്ടെങ്കില്‍ ഇവയെല്ലാം നമുക്ക് നേടിയെടുക്കാവുന്നതേ ഉള്ളു. അതിനാല്‍ ആരോഗ്യവും വ്യക്തി ശുചിത്വവും ഉറപ്പു വരുത്തേണ്ടത് ഏറെ അനിവാര്യമാണ്. പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സമയം കൂടിയാണ് ഇത്. ഇവ വരാതെ സൂക്ഷിക്കേണ്ടത് ഏറെ ആവശ്യവുമാണ്. വ്യക്തി ശുചിത്വം ഇത്തരം ഒരു സാഹചര്യത്തില്‍, കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വ്യക്തി ശുചിത്വം ഉറപ്പു വരുത്താന്‍ ചില മാര്‍ഗങ്ങള്‍ ഇതാ:

കൈകള്‍ കഴുകുക

കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത്, രോഗാണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കും. സാധാരണ ഗതിയില്‍ കൈകള്‍ കഴുകാറുണ്ടെങ്കിലും, ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

  • ടാപ്പില്‍ നിന്നോ മറ്റോ ഒഴുകുന്ന വെള്ളത്തില്‍ കൈകള്‍ കഴുകുക.

  • കൈകള്‍ കഴുകുമ്പോള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

  • സോപ്പുകള്‍ വഴിയും രോഗാണുക്കള്‍ പകരാന്‍ സാധ്യത ഉള്ളതിനാല്‍, ഹാന്‍ഡ്‌ വാഷ് ഉപയോഗിക്കുന്നതാകും കുറച്ചു കൂടി ഉചിതം.

  • കൈകള്‍ സോപ്പ് ഉപയോഗിച്ച്, സോപ്പ് നന്നായി പതപ്പിച്ചു, തേച്ചു കഴുകുക. ഇങ്ങനെ ചെയ്യുമ്പോള്‍, കൈയ്യുടെ പുറകിലും, നഖങ്ങള്‍ക്കിടയിലും ഒക്കെ കഴുകാന്‍ ശ്രദ്ധിക്കുക.

  • കൈകള്‍ കുറഞ്ഞത്‌, 20 സെക്കന്റ് എങ്കിലും ഈ രീതിയില്‍ കഴുകുക.

  • ഇതിനു ശേഷം വീണ്ടും ഒഴുക്കുള്ള ശുദ്ധ ജലത്തില്‍ കൈകള്‍ കഴുകുക.

  • കൈകള്‍ കഴുകിയ ശേഷം നിത്യേന കഴുകുന്ന വൃത്തിയുള്ള ടവലിലോ തോര്‍ത്തിലോ തുടയ്ക്കുക.

  • വെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍, 60% ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.

എപ്പോഴൊക്കെ കൈ കഴുകണം ?  

  • ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും, ഇടയ്ക്കും, ശേഷവും.

  • ഭക്ഷണം കഴിക്കുന്നതിനു മുമ്പ്.

  • ടോയിലെറ്റില്‍ പോയതിനു ശേഷം.

  • കുട്ടികളുടെ ഡൈപ്പറുകള്‍ മാറിയ ശേഷവും, അവരുടെ വ്യക്തിഗത കാര്യങ്ങള്‍ ചെയ്ത ശേഷവും.

  • രോഗം ബാധിച്ച ആളുടെ ശുശ്രൂഷയ്ക്ക് മുമ്പും ശേഷവും.

  • ചുമയ്ക്കുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ഒക്കെ ചെയ്ത ശേഷം.

  • മാലിന്യം നീക്കം ചെയ്ത ശേഷമോ, അവയില്‍ തോട്ട ശേഷമോ.

  • മൃഗങ്ങളുടെയും മറ്റും വിസര്‍ജ്ജനം തൊട്ട ശേഷം.

  • മുറിവ്  ശുശ്രൂഷിക്കുന്നതിന് മുമ്പും ശേഷവും.

മലിനമായ ജലം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുകയോ, പല്ല് തെയ്ക്കുകയോ, അവ തണുപ്പിച്ചു ഐസ് ആക്കുകയോ ചെയ്യരുത്.

കുളി

ടാപ്പുകള്‍, ഷവര്‍ എന്നിവ മലിന ജലത്തില്‍ മുങ്ങിയതിനാല്‍ ഏറെ ശോചനീയമായ അവസ്ഥയിലായിരിക്കും. അതിനാല്‍ ഡിസ്റ്റില്‍ട്   വൈറ്റ് വിനെഗര്‍ ഒരു ചെറിയ കവറില്‍ ഒഴിച്ച്, അവ ഷവര്‍ ഹെഡ് മുങ്ങും വിധത്തില്‍ അതിനു മുകളിലായി കെട്ടി വയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു അഴിച്ചു മാറ്റുക.  ഇത്തരത്തില്‍ അവ വൃത്തിയാക്കാം.

  • എപ്പോഴും വൃത്തിയുള്ള ശുദ്ധ ജലത്തില്‍ മാത്രം കുളിക്കുക.

  • എന്നാല്‍ കുടിക്കാന്‍ ഉപയോഗിക്കാന്‍ കഴിയാത്തതും, പക്ഷേ വൃത്തി ഉള്ളതുമായ ജലം ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇവ വായിലോ കണ്ണുകളിലോ പോകാതെ സൂക്ഷിക്കണം.

ദന്ത ശുചിത്വം

  • വായില്‍ മുറിവുകളോ മറ്റോ ഉള്ളപ്പോള്‍, ശുദ്ധമായ ജലം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

  • പ്രളയം ഉണ്ടായപ്പോള്‍ വെള്ളത്തില്‍ വീണു പോയ ബ്രഷുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

  • ദന്ത സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

  • നിര്‍ബന്ധമായും രണ്ടു നേരവും പല്ലുകള്‍ വൃത്തിയായി തെയ്ക്കുക.

മുറിവ് പരിചരിക്കുന്നത് എങ്ങനെ ?   

  • മുറിവുണ്ടെങ്കില്‍ പ്രളയത്തില്‍ തളം കെട്ടി കിടക്കുന്ന ജലവുമായി ഒരു രീതിയിലും സമ്പര്‍ക്കത്തിലെത്തരുത്.

  • മുറിവ് നന്നായി വൃത്തിയാക്കിയ ശേഷം, വാട്ടര്‍പ്രൂഫ്‌ ബാന്‍ഡേജ് ഉപയോഗിച്ച് മുറിവ് പൊതിയുക.

  • മുറിവിനു ചുറ്റും ചുവന്ന പാടുകളോ, പഴുപ്പോ, വീക്കമോ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തി വൈദ്യ ചികിത്സ ഉറപ്പു വരുത്തുക.

  • സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വിബ്രിയോ (vibrios) ഗണത്തില്‍പ്പെട്ട സൂക്ഷ്മ ജീവികള്‍ ഉണ്ടാകും. ഈ സൂക്ഷ്മാണുക്കള്‍ മുറിവുകളില്‍ എത്തിയാല്‍ ത്വക്ക് സംബന്ധമായ  അസ്വസ്ഥതകള്‍ ഉണ്ടാകും. സമുദ്രത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

വ്യക്തി ശുചിത്വത്തിലെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ആരോഗ്യം നിലനിര്‍ത്തി മുന്നോട്ട് നീങ്ങാന്‍ സാധിക്കും. ഇത്തരത്തില്‍ വരാനിരിക്കുന്ന പല പകര്‍ച്ചവ്യാധികളില്‍ നിന്നും നമുക്ക് രക്ഷപെടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.