ഉത്തര കൊറിയയില്‍ ക്വാറന്റീനിലായിരിക്കുന്നവര്‍ പട്ടിണി മൂലം മരിക്കുന്നു: ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ഉത്തര കൊറിയയിൽ കോവിഡ് ബാധിച്ച്‌ ക്വാറന്റീനിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നവർ പട്ടിണി മൂലം മരിക്കുന്ന സാഹചര്യമാണുള്ളതെന്ന കാര്യം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നു. ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ലഭിക്കാതെ ആളുകൾ പട്ടിണി കിടക്കുന്നു. ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനായ ടിം പീറ്റേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ക്വാറന്റീനിലായിരിക്കുന്നവർക്ക് വളരെ അത്യാവശ്യമായ സഹായം പോലും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാകുന്നില്ല. ഇവർക്ക് വേണ്ടത്ര ഭക്ഷണമോ മരുന്നോ നൽകുന്നില്ല എന്നത് വളരെ ആശങ്കാജനകമായ വസ്തുതയാണ്. അതിനാൽ പകർച്ചവ്യാധി മൂലം മാത്രമല്ല ഇവിടെ ആളുകൾ മരിക്കുന്നത്. പട്ടിണി കൊണ്ടു കൂടിയാണ്” – പീറ്റേഴ്‌സ് പറയുന്നു.

രാജ്യത്തെ ജയിലിലും ഇതു തന്നെയാണ് അവസ്ഥ. വളരെ കുറഞ്ഞ അളവിൽ ഭക്ഷണം നൽകുന്നതുമൂലം പല തടവുകാരും പട്ടിണി കിടന്നു മരിക്കുന്നു. ഉത്തര കൊറിയയിലേയ്ക്ക് മെഡിക്കൽ സഹായവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്ന പീറ്റേഴ്‌സ് കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് ബാധിച്ചവരുടെ നിരവധി മൃതദേഹങ്ങൾ അധികൃതർ കത്തിച്ചതായി ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള മറ്റൊരു മനുഷ്യാവകാശ പ്രവർത്തകൻ പറഞ്ഞു. എന്നാൽ, ലോകത്തെ മുഴുവൻ ബാധിക്കുന്ന ദോഷകരമായ പകർച്ചവ്യാധികളിൽ നിന്ന് ഞങ്ങളുടെ എല്ലാ ആളുകളെയും ഞങ്ങൾ പ്രതിരോധിച്ചു എന്നാണ് ഉത്തര കൊറിയൻ പ്രസിഡന്റിന്റെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.