പെന്തക്കുസ്താ ദിനം

തംബുരുവിലെ തന്ത്രികള്‍ ചിലര്‍ പൊട്ടിച്ചു കളഞ്ഞു. സംഗീതജ്ഞര്‍ അത് കൂട്ടിക്കെട്ടി, മനോഹരമായി ശ്രുതി മീട്ടി മനസുകളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. വീണ്ടും അതിലെ തന്ത്രികള്‍ പലവട്ടം ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ടു. സംഗീതജ്ഞന്‍ അത് കെട്ടിയും പാകത്തിന് മുറുക്കിയും തന്റെ മനസിലെ താളത്തിനൊത്ത് വായിച്ചുകൊണ്ടിരുന്നു. കരുതലും കരുത്തും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായിരുന്നു സംഗീതകാരന്റെ മനസിന്റെ സവിശേഷത. അതിനാല്‍ നാദം നിലച്ചുപോയില്ല.

ഇതുപോലെ എത്രയോ തവണ പരുക്കേല്‍പ്പിക്കപ്പെട്ട പുണ്യമാണ് കത്തോലിക്കാ സഭ. ആരംഭം മുതല്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്നു വരെ സഭ പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരുന്നു. എന്നിട്ടും അതിലൂടെ പരിത്രാണ പദ്ധതികള്‍ ഇന്നും തുടരുന്നു. മുറിവേല്‍പ്പിക്കപ്പെട്ടിട്ടും മുടങ്ങി പോകാത്ത സ്‌നേഹധാരയായി സഭയിന്നും അതിന്റെ അസ്ഥിത്വം സൂക്ഷിക്കുന്നതിലെ രഹസ്യമന്വേഷിച്ച് ചെല്ലുമ്പോള്‍ നാമൊരു പന്തക്കുസ്താ ദിനത്തില്‍ ചെന്ന് നില്‍ക്കും.

ഗുരുവിന്റെ മരണത്തിനു ശേഷം അനശ്ചിതത്വത്തിലായി, ശിഷ്യന്മാരുടെ ജീവിതം. ക്രിസ്തുവില്‍ ആരോപിക്കപ്പെട്ട കുറ്റം അപ്പസ്‌തോലന്മാരിലും ചാര്‍ത്തപ്പെടുക സ്വാഭാവികം. അതിനാല്‍ അവര്‍ ഒരു മുറിക്കുള്ളില്‍, ഭയന്ന് കതകടച്ചിരുന്നു. ഉത്ഥിതനായ ക്രിസ്തു അവരുടെ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ട്, സമാധാനം ആശംസിച്ച് അവരുടെമേല്‍ നിശ്വസിച്ചിട്ടു പറഞ്ഞു, ‘ നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ ‘.

പൂഴികൊണ്ടുണ്ടാക്കിയ മനുഷ്യരൂപത്തിന്റെ നാസാരന്ത്രങ്ങളിലേയ്ക്ക് ദൈവം ജീവന്റെ ശ്വാസം നിശ്വസിച്ചപ്പോള്‍ അതു മനുഷ്യനായതുപോലെ, യേശു അപ്പസ്‌തോലന്മാരുടെ മേല്‍ നിശ്വസിച്ചപ്പോള്‍ അവര്‍ക്ക് നവജീവന്‍ ലഭിച്ചു. പരിശുദ്ധാത്മാവിലൂടെ പുത്തനുണര്‍വും ലഭിച്ചു. ആ നിമിഷം സഭ ഉത്ഘാടനം ചെയ്യപ്പെട്ടു. ഒരു പുലരിയില്‍ എങ്ങനെയോ പൊട്ടിമുളച്ചതല്ല സഭ. എങ്കിലത് എന്നേ വിസ്മൃതിയില്‍ ആകുമായിരുന്നു.

ദൈവപുത്രന്റെ കാലിത്തൊഴുത്തിലെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയുണ്ടായത്. പാഠങ്ങള്‍ പറഞ്ഞു കൊടുത്തും അത് ജീവിതമാക്കി കാണിച്ചും വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയും മൂന്നു വര്‍ഷത്തോളം, അപ്പസ്‌തോലന്മാരെ സഭയുണ്ടാക്കുവാന്‍ ക്രിസ്തു ഒരുക്കുകയായിരുന്നു. ഗുരുവിന്റെ കുരിശു മരണത്തിനു ശേഷം ഉത്കണ്ഠാകുലരായി എങ്കിലും അപ്പസ്‌തോലന്മാര്‍ ചിതറിപ്പോയില്ല. കാരണം, വിശ്വാസവും പ്രാര്‍ത്ഥനയും ബോധ്യവും അവര്‍ക്ക് കൊടുത്തിട്ടാണ് ക്രിസ്തു കാല്‍വരിയിലേയ്ക്ക് നടന്നു പോയത്. പിന്നീട് അവന്‍ ജീവനും കൊടുത്തു. അങ്ങനെ സഭയ്ക്ക് അടിസ്ഥാനമിട്ടു, അതിനെ ഒന്നുകൂടി ബലപ്പെടുത്തുവാന്‍ ക്രിസ്തു  ഉത്ഥാനം ചെയ്തു.

വചനം വിളയിച്ചും പ്രാര്‍ത്ഥനയുടെ പ്രകാശം പരത്തിയും കാരുണ്യത്തിന്റെ കര്‍മ്മങ്ങള്‍ നല്‍കിയും ജീവന്‍ കൊടുത്തും സ്ഥാപിക്കപ്പെട്ടതാണ് സഭ. മഹാ ത്യാഗത്തിന്റെയും ഉത്ഥാനത്തിന്റെയും പിന്‍ബലത്തിലാണ് സഭ പിറന്നത്. പിതാവിന്റെ മനസും , പുത്രന്റെ ജീവിതവും, പരിശുദ്ധാത്മാവിന്റെ അഭിഷേകവും, ചിതറാത്ത മനസുകളും കൂടിചേര്‍ന്നപ്പോള്‍ സഭയുണ്ടായി.

ചിട്ടപ്പെടുത്തിയ ചൈതന്യത്തിലൂടെയാണ് സഭ സ്ഥാപിക്കപ്പെട്ടത്. സാധിക്കേണ്ട ലക്ഷ്യത്തെക്കുറിച്ച് മറയില്ലാതെ പഠിപ്പിച്ചു, അതിലൊട്ടും മായം ചേര്‍ക്കാതെ ജീവിച്ചു മരിച്ചു, വാഗ്ദാനം ചെയ്തതുപോലെ ക്രിസ്തു ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഈ വിധ ചിന്തകളാല്‍ പന്തക്കുസ്താ ദിനം സമ്പുഷ്ടമാകുമ്പോള്‍, മനസിനുണ്ടാകുന്ന സുഖം അവാച്യമാണ്.

വൃണിതഹൃദയരെ താങ്ങുവോളം സഭ ഇനിയും ക്ഷതമേല്‍പ്പിക്കപ്പെടും, എങ്കിലും അത് എന്നും നിലനില്‍ക്കും. മനുഷ്യന്റെ പുനര്‍ നിര്‍മ്മിതിക്കു വേണ്ടി ദൈവമുണ്ടാക്കിയ കൂട്ടായ്മയാണ് സഭ. മനുഷ്യത്വം ശോഭാനമാക്കുന്നത് ദൈവത്വത്തിലാണെന്ന് സഭ വിശ്വസിക്കുന്നു.  ദൈവത്തിന്റെ ലക്ഷ്യം സാധിക്കുവാനുള്ള മാര്‍ഗ്ഗവും മനുഷ്യരുടെ ആവശ്യവുമാണ് സഭ. സഭയുടെ സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്ന വിശ്വാസവും പ്രാര്‍ത്ഥനയും ബോധ്യവും ഉള്ളിടത്തോളം, ബലിയായാലും ഒരു മനുഷ്യനും അര്‍ത്ഥം കെട്ടുപോകില്ല ലോകത്തില്‍. മനുഷ്യന്റെ രക്ഷയ്ക്കായി സഭയുണ്ടാക്കിയ പെന്തക്കുസ്താ ദിനം വാഴ്ത്തപ്പെടട്ടെ.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.