‘യൂറോപ്പിലെ രോഗി’ ലോകം മുഴുവൻ രോഗം പടര്‍ത്താതിരിക്കട്ടെ! 

അസഹിഷ്ണതയുടെ ലോകത്ത് ഇന്ത്യ ലോകത്തിനു നൽകിയ മഹത്തായ സംഭാവനയായിരുന്നു എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന ഇന്ത്യൻ മതേതരത്വ സങ്കൽപ്പം. മതേതരത്വ സങ്കൽപ്പം മതമില്ലാത്ത അവസ്ഥയായി പല രാജ്യങ്ങളും പരിഗണിച്ചപ്പോഴും മതമില്ലാത്ത മതേതരത്വമാണ് വേണ്ടതെന്ന് യുക്തന്മാരുടെ മുറവിളികൾ ഉണ്ടായപ്പോഴും ഇന്ത്യൻ മതേതരത്വം മാനവികതയുടെ പ്രകാശമായി ലോകത്ത് നിലകൊണ്ടു.

നിർബന്ധിത മതനിയമങ്ങളുടെ കാട്ടാളത്തമില്ലാത്ത ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ഈ മാനവിക മതേതരത്വത്തെ തത്വത്തിൽ വരവേൽക്കുകയും അത് മനുഷ്യത്വത്തിൻ്റെ പ്രതീകമായി കൊണ്ടുനടക്കുകയും ചെയ്തു. യൂറോപ്പിലെ ഭൂരിപക്ഷം രാജ്യങ്ങളും ഈ മാനവികതയുടെയും മതനിരപേക്ഷതയുടെയും മതേതരത്വത്തിൻ്റെയും വക്താക്കളുമായിരുന്നു. തുർക്കി ഒരു കാലത്ത് ഈ മാതൃക പിന്തുടർന്ന് മനുഷ്യത്വത്തോടെ പെരുമാറാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

സിറിയയിലും ലെബനനിലും ആഫ്രിക്കയിലും നിന്നൊക്കെ അഭയാർത്ഥികൾ യൂറോപ്പിലേയ്ക്കും മറ്റും കടന്നുവന്നപ്പോൾ അവർക്ക് ഇടങ്ങൾ ഒരുക്കിയതും ഭാരത മതേതരത്വം പോലെ യൂറോപ്പിൻ്റെ രക്തത്തിലും വിശ്വാസങ്ങളിലും അലിഞ്ഞുചേർന്നിരുന്ന വിശ്വമാനവികതയുടെയും സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്വഭാവം കൊണ്ടാണ്. ഇതിനെ മറയാക്കി യൂറോപ്പിലേയ്ക്ക് അഭയാർത്ഥികൾക്ക് കടക്കാൻ മനഃപ്പൂർവ്വം അവസരം ഉണ്ടാക്കിക്കൊടുത്തിരുന്ന രാജ്യങ്ങളുമുണ്ട് എന്നും വിസ്മരിക്കുന്നില്ല.

ഭാരതസംസ്ക്കാരത്തിൻ്റെ ഭാഗമായ ഈ മാനവിക മതേതരത്വ ചിന്ത ഭാരതത്തിൽ ആര്യനെയും യഹൂദനെയും ക്രൈസ്തവനെയും മുസ്ലീമിനെയും എല്ലാം കൈനീട്ടി സ്വീകരിക്കുന്നതിനു കാരണമായി. ബാബറികൾ തകർന്നപ്പോഴും അക്ഷർധാമിൽ വെടിയൊച്ചകൾ മുഴങ്ങിയപ്പോഴും കാണ്ഡമാലും ഗുജറാത്തും കത്തിയപ്പോഴും ഇന്ത്യയിൽ ജനമനസ്സ് ഉണർന്നതും പ്രതിഷേധിച്ചതും ഈ മാനവിക മതേതരത്വം കാരണമാണ്. ഗാസയിൽ വെടിയൊച്ച മുഴങ്ങിയപ്പോൾ ഇന്ത്യ തേങ്ങിയതും ഈ മാനവികതയുടെ പ്രതിഫലനമാണ് എന്ന് ചിന്തിച്ചിരുന്നവരാണ് ഇന്ത്യയിൽ ഏറെ.

പക്ഷേ, ആധുനിക കാലഘട്ടത്തിൽ ലോകപൗരാണികതയുടെ പ്രതീകമായ അതും, യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള ഒരു മ്യൂസിയം മോസ്ക്ക് ആക്കി മാറ്റുമ്പോൾ നമ്മുടെ ഇടയിലെ ബുദ്ധിജീവികളുടെയും അഭിനവ മാനവികവക്താക്കളുടെയും മൗനം പേടിപ്പിക്കുന്നതാണ്. ‘ഹാഗിയ സോഫിയ’ മതാരാധനയ്ക്കായി തുറന്നുകൊടുക്കുമ്പോൾ മതേതരത്വത്തിൻ്റെയും വിശ്വമാനവികതയുടെയും വക്താക്കൾ പ്രതികരണശേഷി ഇല്ലാതായി മിണ്ടാതിരിക്കുന്നത് സങ്കടത്തോടെയെ കാണാനാവൂ.

യുക്തിവാദികളുടെ അവസ്ഥയാണ് അതിലേറെ പരിതാപകരം. ലോക പൈതൃക മ്യൂസിയം ബാങ്ക് വിളികൾക്ക് തുറന്നുകൊടുക്കുമ്പോൾ സാധാരണ കാണാറുള്ളതുപോലെ മതത്തിൻ്റെ ഇരുണ്ട കാലഘട്ടത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് എന്ന ക്യാപ്ഷനുകൾ കാണുന്നില്ല, ഇരവാദങ്ങളും ഇല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ക്രിസ്ത്യൻ പള്ളി ആയിരുന്നെന്നും അത് തകർത്ത് മോസ്ക്ക് പണിയപ്പെട്ടെന്നും അതിനുശേഷമുള്ള മതചരിത്രത്തിൻ്റെ മൂടൽ മാത്രമായിരുന്നു മ്യൂസിയം എന്നും വിലയ്ക്കെടുക്കപ്പെട്ട പൈതൃകങ്ങൾ ഉടമയ്ക്ക് സ്വന്തമെന്നും ഒക്കെ വിലാപങ്ങൾ മുഴക്കുന്നവർ കാണാം.

‘ഹാഗിയ സോഫിയ’ എന്ന ആധുനിക കാലഘട്ടത്തിലെ ലോക പൈതൃകത്തിൻ്റെ മേലുള്ള ഈ കടന്നുകയറ്റം നൽകുന്നത് ഒരു ദുഃസൂചനയാണ്. മാനവികതയും മതനിരപേക്ഷതയുടെയും മതേതരത്വത്തിൻ്റയും ആഗോളമാനങ്ങൾ ഇല്ലാതാകുന്നു എന്ന ദുഃസൂചന. അത് കണ്ടിട്ടും മിണ്ടാതിരിക്കുന്ന സാംസ്കാരിക നായകരും മതേതരത്വത്തിൻ്റെ പ്രവാചകരായ രാഷ്ട്രീയനേതാക്കളും തങ്ങളുടെ ചിന്തയ്ക്ക് നിറമുണ്ട് എന്ന് പറയാതെപറയുന്നു. ഒപ്പം ഇന്നത്തെ ഭാരതസമൂഹത്തിലെ നിശബ്ദത ഒന്നു പറയുന്നു – ഭാരത മതേതരത്വത്തിനും കാഴ്ച്ചപ്പാടുകൾക്കും വിള്ളലേറ്റിരിക്കുന്നു.

2020 ജൂലൈ 24 ‘ഹാഗിയ സോഫിയ’ രൂപമാറ്റ ദിനം ‘വിശ്വമാനവികതയുടെ ചരമദിനം’ എന്ന നിലയിലാകും ചരിത്രം വാഴ്ത്തുക. തുർക്കി അറിയപ്പെടുക ‘യൂറോപ്പിലെ രോഗി’ എന്നാണ്. ലോകം മുഴുവൻ രോഗം പരത്തുന്ന രോഗിയായി തുർക്കി മാറാതിരിക്കട്ടെ. 

‘ഹാഗിയാ സോഫിയ’ നീ ലോകത്തിൻ്റെ കണ്ണീരാണ്. ജൂലൈ 24 ഇരുണ്ട ദിനവും.

അഡ്വ. മനു വരാപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.