കുട്ടികളെ നിയന്ത്രിക്കാം; ശ്രദ്ധയോടെ

ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമക്കാർ പറയുന്നത്. അതിനർത്ഥം ഒരു കുഞ്ഞിന് അവന്റെ ശൈശവത്തിൽ നൽകുന്ന പരിശീലനമാണ് അവന്റെ ജീവിതത്തെ മുഴുവൻ ചിട്ടയുള്ളതാകുന്നത്. ഈ അർഥത്തിൽ നിയന്ത്രണങ്ങൾക്കും ചിട്ടകൾക്കും ഒരു കുഞ്ഞിന്റെ ജീവിതത്തിലുള്ള  പ്രാധാന്യം വളരെ വലുതാണ്.  എന്നാൽ അവ ഒരിക്കലും അടിച്ചേൽപ്പിക്കലുകളായി അവർക്കു തോന്നരുത്.

ഇത്തരത്തിൽ കുട്ടികളുടെ മുന്നിൽ ഫലപ്രദമായ നിയന്ത്രണങ്ങൾ വയ്ക്കുന്നതിനുള്ള ചില വഴികൾ ഇതാ:

1. നിയന്ത്രണങ്ങൾ കുട്ടികൾക്കുള്ളതാണെന്നു ഓർക്കുക 

എന്ത് കണ്ടാലും തുറന്നു ചോദിക്കുന്ന ശീലമാണ് കുട്ടികളുടേത്. അവരുടെ ചോദ്യങ്ങൾക്കു ശരിയായ രീതിയിൽ ഉത്തരം നൽകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് വളരുന്നതും. അതിനാൽ തന്നെ നിയന്ത്രണങ്ങൾ കുട്ടികൾക്ക് മുന്നിൽ വയ്ക്കുന്നതിന് മുൻപ് അവർക്കു നല്ലൊരു മാതൃകയാവാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിയന്ത്രണങ്ങൾ വയ്ക്കുമ്പോൾ എന്തുകൊണ്ട് പാലിക്കുന്നില്ല എന്ന ചോദ്യം ഉറപ്പായും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാം. അതിനാൽ തന്നെ അവരെ കാര്യം പറഞ്ഞു മനസിലാക്കേണ്ടത് ആവശ്യവുമാണ്.

2 . നിയന്ത്രണങ്ങൾ തെറ്റിച്ചാൽ എന്ത് സംഭവിക്കും എന്നത് വിശദീകരിക്കാം 

കുട്ടികളുടെ മുന്നിൽ കുറെ ‘അരുതുകൾ’ നിരത്തി വെച്ചത് കൊണ്ട് മാത്രം മാതാപിതാക്കൾ അവരെ നിയന്തിക്കുവാനും ചിട്ടപ്പെടുത്തുവാനും കഴിഞ്ഞെന്നു വരില്ല. അതിനാൽ ഓരോ കാര്യവും ചെയ്യരുത് എന്ന് പറയുന്നതിന് പിന്നിലെ കാര്യവും അങ്ങനെ ചെയ്താൽ സംഭവിക്കുന്ന കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. വിശദീകരണങ്ങൾ നൽകുമ്പോൾ ഓർക്കുക അവ കുട്ടികളെ പേടിപ്പിക്കുന്നവയാകരുത്. മറിച്ചു മനുഷ്യന്റെ സാമാന്യ ബുദ്ധിക്കു മനസിലാക്കാൻ കഴിയുന്ന കാര്യങ്ങളാവണം. അത് കുട്ടികൾ സ്വീകരിക്കും.

3. ചിട്ടയായ ജീവിതം നേരത്തെ തന്നെ ശീലിപ്പിച്ചു തുടങ്ങാം 

കതിരിൽ കൊണ്ട് വളം വെച്ചിട്ടു കാര്യമില്ല എന്ന് പറയുന്നത് ശരിയാണ്. പെട്ടന്നൊരു ദിവസം കൊറേ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അവ കുട്ടികൾ സ്വീകരിക്കുകയില്ല. അത് കൂടുതൽ ഭവിഷ്യത്തുകൾ സൃഷ്ടിക്കുകയെ ഉള്ളു. അതിനാൽ ചിട്ടയായ ജീവിതത്തിനുള്ള പാഠങ്ങൾ കുട്ടികളുടെ വളർച്ചയുടെ ആദ്യ സമയങ്ങൾ മുതൽ പകർന്നു നൽകാൻ ശ്രമിക്കണം.

4. നിരന്തര ഉപദേശം ഒഴിവാക്കാം 

കുട്ടികൾക്ക് പാലിക്കാനായി നിർദ്ദേശങ്ങളും ചിട്ടകളും ഉണ്ടാക്കുന്നത് നല്ലതു തന്നെ. പക്ഷെ അത് അവർക്കു ഒരു ഭാരമായി തോന്നരുത്. ഉപദേശങ്ങളുമായി അവരുടെ പിറകെ നടക്കുന്നതും വീണ്ടും വീണ്ടും പറഞ്ഞവ ആവർത്തിക്കുന്നതും കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം. നിരന്തര ഉപദേശം കുട്ടികളിൽ വിപരീത ഫലമേ ഉണ്ടാകുകയുള്ളൂ. തന്നെയുമല്ല അത് കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുവാനും കാരണമായേക്കാം.

5. കൃത്യമായി പറയുക 

കുട്ടികൾക്ക് മുന്നിൽ നിങ്ങൾ വയ്ക്കുന്ന നിർദേശങ്ങൾ എന്തൊക്കെയാണെന്നും അത് തെറ്റിച്ചാൽ സംഭവിക്കുന്നവയും കൃത്യമായും വ്യക്തമായും കുട്ടികളെ അറിയിക്കുക. അതിൽ മിഥ്യാ ധാരണ ഉണ്ടാകരുത്.

6. ഒപ്പം നിന്ന്  അവരെ സഹായിക്കാം 

നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നിരത്തി മാറി നിന്ന് വീക്ഷിക്കുന്ന ഒരു ഗാർഡിന്റെ വേഷത്തോട് മാതാപിതാക്കൾക്ക് വിടപറയാം. അവരുടെ ഒപ്പം നിന്നുകൊണ്ട് അവരെ അത് ശീലിപ്പിക്കുന്നതിനു സഹായിക്കാൻ മാതാപിതാക്കൾക്ക് കഴിയും. രാവിലെ എന്നും പള്ളിയിൽ പോകണം എന്ന നിർദ്ദേശമാണ് കുട്ടികൾക്ക് നൽകിയിരിക്കുന്നത് എങ്കിൽ മാതാപിതാക്കൾ അവർക്ക്‌ മുന്നേ അല്ലെങ്കിൽ അവർക്കൊപ്പം പള്ളിയിൽ പോകണം. അപ്പോൾ കുട്ടികളും ആ പാത അനുകരിക്കും.

7. കുട്ടികൾക്ക് യോജിക്കുന്ന നിയമങ്ങൾ കൊണ്ടുവരാം 

നിയമങ്ങളും നിയന്ത്രണങ്ങളും മുന്നോട്ടു വയ്ക്കുമ്പോൾ അത് നിങ്ങളുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം യോജിക്കുന്നതാണോ എന്ന് ആലോചിക്കാം. കുട്ടികളെ മനസിലാക്കി അവർക്കായി ചിട്ടകൾ തയ്യാറാക്കാം. അതൊരിക്കലും അവർക്കു ചാഞ്ഞു കൊടുക്കാനല്ല,മറിച്ചു അവർക്കു താങ്ങാവുന്നതിലും അപ്പുറമാവാതിരിക്കാനാണ്.

8. വീട്ടിൽ വരുന്ന അതിഥികളോടും ഈ നിര്‍ദേശങ്ങളെക്കുറിച്ചു സംസാരിക്കുവാൻ അവരെ അനുവദിക്കുക 

ഇപ്പോൾ അതിഥികൾ അഥവാ കൂട്ടുകൾ വീട്ടിൽ എത്തുമ്പോൾ ചില പതിവുകൾ എവിടെ അനുവദിക്കില്ല എന്ന് പറയുവാൻ കുട്ടികളെ അനുവദിക്കണം. അതായത് ചില ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങളുടെ വീട്ടിലെ നിയന്ത്രണങ്ങൾ അതിഥികളും അറിഞ്ഞിരിക്കുന്നത് നല്ലതാണു. അത് ദുശീലങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തും.

ഇത്തരം തിരിച്ചറിവുകളിലൂടെ, ചെറിയ ചെറിയ കാര്യങ്ങളിലൂടെ കുട്ടികളെ വേദനിപ്പിക്കാതെയും ബുദ്ധിമുട്ടിപ്പിക്കാതെയും അവരുടെ ജീവിതത്തിനു അടുക്കും ചിട്ടയും നൽകുവാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.