
ക്യാന്‍സര്‍ പോലെ മനുഷ്യനെ കാര്‍ന്നുതിന്നുന്ന ഒന്നാണ് നിരാശ. ഒരുവന്റെ ഉള്ളിലെ ആത്മീയവും മാനസികവുമായ പ്രത്യാശകളെ ഇല്ലാതാക്കുവാന്‍ നിരാശയ്ക്ക് കഴിയും. നിരാശയെ അതിജീവിക്കുക എന്നാല്‍ വളരെ പ്രയാസകരമായ ഒന്നാണ്. എന്നാല്‍ നിരാശയുടെ സമയങ്ങളില്‍ പ്രത്യാശ പകരുന്ന ഒരു പ്രാര്‍ത്ഥന വി. പാദ്രെ പിയോ പഠിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും ഒരല്പനേരം ഈ പ്രാര്‍ത്ഥന ചൊല്ലി ശാന്തമായി ഇരിക്കുന്നത് മനസിന്റെ അസ്വസ്ഥതകളെ നീക്കാന്‍ സഹായിക്കും.
“ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. ഞാന്‍ നിന്നെ മറക്കാതിരിക്കേണ്ടതിന് നീ എന്റെ ഉള്ളില്‍ വസിക്കുക ആവശ്യമാണ്. ഞാന്‍ എത്രവേഗം അങ്ങയെ ഉപേക്ഷിക്കും എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. ദൈവമേ, എന്നോടൊപ്പം വസിക്കണമേ. കാരണം ഞാന്‍ ബലഹീനനാണ്. എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്. അതിനാല്‍ ഞാന്‍ വീണുപോകാതിരിക്കുമല്ലോ.”
“ദൈവമേ, എന്നോടൊത്ത് നില്ക്കണമേ. നീയാണല്ലോ എന്റെ ജീവന്. നീയില്ലാതെ എനിക്ക് ഉന്മേഷം ഉണ്ടാകില്ല. ദൈവമേ, എന്നോടൊത്തു വസിക്കണമേ. നീയാണല്ലോ എന്റെ പ്രകാശം. നീ ഇല്ലാതായാല്‍ ഞാന്‍ അന്ധകാരത്തിലാവും.”
“ദൈവമേ, എന്റെ ഒപ്പം വസിക്കണമേ. അങ്ങയുടെ ഇഷ്ടം എന്താണെന്ന് എനിക്ക് കാട്ടിത്തരണമേ. ദൈവമേ, എന്റെ ഒപ്പം നില്ക്കണമേ. അങ്ങനെ ഞാന്‍ അങ്ങയുടെ സ്വരം ശ്രവിക്കുകയും അങ്ങയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്യട്ടെ.”
“ദൈവമേ, എന്നില്‍ വസിക്കണമേ. അങ്ങനെ ഞാന്‍ അങ്ങയെ സ്നേഹിക്കുവാനും അങ്ങയുടെ കൂടെ ആയിരിക്കുവാനും ഇടയാകട്ടെ. അങ്ങയോടുള്ള വിശ്വസ്തതയില്‍ ഞാന്‍ നിലനില്‍ക്കുന്നതിനായി അങ്ങ് എന്നില്‍ വസിക്കണമേ.”
“ദൈവമേ, എന്നില്‍ വസിക്കണമേ. എന്റെ ആത്മാവ് ഏറ്റവും നിസ്സാരനാണ്. എങ്കിലും അത് അങ്ങേയ്ക്ക് ഒരു സ്നേഹക്കൂടും ആശ്വാസപ്രദമായ വാസസ്ഥലവും ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആമ്മേന്‍.”