പേപ്പൽ കുർബാനയ്ക്ക് ഓർഗൺ സംഗീതം തീർത്ത സി.ഇ.ഒ.

വലിയൊരു ചരിത്രത്തിനാണ് അറബ് ലോകം കഴിഞ്ഞദിനങ്ങളിൽ സാക്ഷിയായത്. സഹിഷ്ണുതാവർഷമായി ആഘോഷിക്കുന്ന യു.എ.ഇ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും തലവനുമായ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം സാധ്യമാക്കിയപ്പോൾ സ്വദേശങ്ങൾ വിട്ട് ജീവിതത്തിന്റെ അധ്വാനം കൊണ്ട് പ്രവാസികളാക്കപ്പെട്ട ക്രൈസ്തവ കത്തോലിക്കാമക്കൾക്ക് മണലാരണ്യത്തിന്റെ ചൂടിൽ വീശിയടിച്ച സ്നേഹം നിറഞ്ഞ വിശ്വാസത്തിന്റെ കാറ്റായി പരിണമിച്ചു.

കാതങ്ങൾക്കിപ്പുറത്ത്  കേരളക്കരയിലിരുന്ന് ആ ചരിത്രസന്ദർശനത്തെ വീക്ഷിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. ദുബായ് ഭരണാധികാരികളും ഒപ്പം നടന്ന മതസൗഹാർദ്ദത്തിന്റെ കരങ്ങൾ കോർത്ത് ആഡംബരവാഹനങ്ങളുടെ അകമ്പടികളുടെ ഇടയിൽ കുഞ്ഞൻ കാറിലേറി വൃദ്ധരായവരെയും രോഗികളെയും കുട്ടികളെയും കണ്ടും അനുഗ്രഹിച്ചും അബുദാബി സയ്യീദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ 1.35 ലക്ഷം പേരോടൊപ്പം കുർബാനയർപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയ ഫ്രാൻസിസ് പാപ്പ.

എന്നാൽ എന്റെ ശ്രദ്ധ കടന്നുചെന്നത് ആ കുർബാനയിൽ ഉണ്ടായിരുന്ന നൂറ്റിമുപ്പതോളം വരുന്ന ഗായകസംഘത്തിൽ ഏകനായി ഇരുന്ന് ഓർഗൻ വായിച്ച കരങ്ങളിലേയ്ക്കായിരുന്നു. അഞ്ചു ലക്ഷത്തോളം ദിർഹം ഇൻഷുർ ചെയ്താണ് ഇംഗ്ലണ്ടിൽ നിന്നും ആ ഓർഗൺ അബുദാബിയിലേയ്ക്ക് എത്തിച്ചത്. 1900 കളിലെ ഓർഗണുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇല്ട്രിക്കൽ ഓർഗൺ. അതിലേറെ വി. കുർബാനയ്ക്ക് ആ ഓർഗണിൽ സംഗീതവിസ്മയം തീർത്ത ആ വ്യക്തിത്വത്തെ അറിഞ്ഞാൽ നാം വിസ്മയിച്ചു പോകും. പോൾ ഗ്രിഫിത്ത്സ് എന്ന ബ്രിട്ടൻ സ്വദേശിയായ അറുത്തിയൊന്നുകാരൻ വഹിക്കുന്ന പദവി ഇതാണ്. ലോകത്തിലെ തിരക്കേറിയ എയർപോർട്ടുകളിലൊന്നായ ദുബായ് എയർപോർട്ടിന്റെ സി.ഇ.ഒ. എന്ന പദവി.

കഴിഞ്ഞ വർഷം 88 മില്ല്യൻ യാത്രക്കാർ കടന്നുപോയ തിരക്കേറിയ ഒരു എയർപോർട്ടിന്റെ ഉന്നതപദവി വഹിക്കുന്നതിനിടയിൽ, അദ്ദേഹം സംഗീതത്തെ ഒത്തിരി സ്നേഹിക്കുന്നു. പാപ്പയുടെ വി. കുർബാനയ്ക്ക് ഓർഗൺ വായിക്കുന്നതിനെപ്പറ്റി ഖലീജ് ടൈംസിനോട് പങ്കുവച്ചത് ഇങ്ങനെയാണ്. “മാർപ്പാപ്പയുടെ വി. കുർബാനയ്ക്ക് ഞാൻ ഏകനായി ഓർഗൺ വായിച്ചു. എന്റെ മക്കളോടും പേരക്കുട്ടികളോടും പറയാൻ എന്തു വലിയ സംഭവത്തിനാണ് ഞാൻ സാക്ഷിയായത്.”

പത്താം വയസ്സിൽ പള്ളിയിലെ ക്വയറിൽ ചേർന്ന് സ്വയം ഓർഗൺ അഭ്യസിച്ചു. ഒരിക്കൽ സ്കൂളിൽ ഓർഗൺ വായിക്കുന്നത് കണ്ട് ടീച്ചർ നൽകിയ പ്രചോദനം ആ സംഗീതവളർച്ചയ്ക്ക് ഉത്തേജനമേകി. തുടർന്ന് ബിസിനസ്സ് ലോകത്ത് ഒരു മികച്ച കരിയർ കെട്ടിപ്പെടുത്തുമ്പോഴും സംഗീതത്തെ അദ്ദേഹം കൈവിട്ടില്ല. ഓർഗനിസ്റ്റുകളുടെ റോയൽ കോളേജിൽ അംഗമായി. യു.കെ-യിലെ സെന്റ് പോൾസ് കത്തീഡ്രലിലും വെസ്റ്റ്മിനിസ്റ്റർ ആബിയിലും ഓർഗൺ വായിക്കാൻ അവസരം ലഭിച്ചു. പേപ്പൽ കുർബ്ബാനയ്ക്കായി വരുന്ന ഓർഗണിൽ പരിശീലനം നടത്തിയത് വി. കുർബാന തുടങ്ങുന്നതിനു മുൻപുള്ള ഒരു മണിക്കൂറിലായിരുന്നു. “പേപ്പൽ കുർബാനയ്ക്ക് ആര് ഓർഗൺ വായിക്കും എന്ന ചോദ്യത്തിന് എന്റെ പേര് നിർദ്ദേശിക്കപ്പെട്ടപ്പോൾ അത് സധൈര്യം ഏറ്റെടുത്തു.” അദ്ദേഹം തന്റെ കടന്നു വരവിനെപ്പറ്റി വിവരിച്ചു. തന്റെ ഈ സംഗീതയാത്രയിൽ സകലപിന്തുണയുമായി പ്രിയപത്നി ജോനാ ഗ്രിഫിത്ത്സുമുണ്ട്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മികച്ച സംഗീതജ്ഞയുമാണ്.

ദൈവം നൽകിയ കഴിവുകളെ ഉന്നതപദവികളിൽ എത്തിച്ചേർന്നിട്ടും ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന പോൾ ഗ്രിഫിത്ത്സ്  ജീവിതം കൊണ്ട് താൻ ആയിരിക്കുന്ന ഇടങ്ങളിൽ തന്റെ കഴിവുകൾ കൊണ്ട് സ്വയം സുവിശേഷമായി തീരുന്നു. ഞൊടിക്കിടയിൽ കുതിച്ചുപൊങ്ങുകയും താഴുകയും ചെയ്യുന്ന ഭീമാകാരന്മാരായ ആകാശപക്ഷികളെ നിയന്ത്രിക്കുന്ന തലച്ചോറും കൈകളും വെറുമൊരു ഓർഗണിൽ തലക്കനവും പ്രശസ്തിയുമില്ലാതെ, മാർപ്പാപ്പ അറബി മണ്ണിലർപ്പിച്ച വിശുദ്ധ കുർബാനയ്ക്കായി സംഗീതം തീർത്തപ്പോൾ ഏളിമയെന്ന പുണ്യത്തിന്റെ സുഗന്ധം പേപ്പൽ കുർബാനയർപ്പിക്കപ്പെട്ട അബുദാബി സയ്യീദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്നിട്ടുണ്ടാകും!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.