‘പ്രിയ യുവജനങ്ങളെ ശ്രദ്ധിക്കൂ’: സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരുടെ തുറന്ന കത്ത് 

റോമില്‍ നടന്ന യുവജങ്ങള്‍ക്കായുള്ള മെത്രാന്‍ സിനഡില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മെത്രാന്മാര്‍ യുവജനങ്ങള്‍ക്കായി ഒരു കത്ത് തയ്യാറാക്കി. ഒക്ടോബര്‍ 28-ാം തിയതി ഞായറാഴ്ച പ്രസിദ്ധപ്പെടുത്തിയ കത്ത് പ്രിയ യുവതീയുവാക്കളേ…, കാലത്തിന്റെ വര്‍ത്തമാനവും ഭാവിയും നിങ്ങള്‍തന്നെയാണ് എന്ന ആശംസയോടെയാണ് അവസാനിക്കുക.

തങ്ങളുടെ ബലഹീനതകള്‍ യുവജനങ്ങളെ വഴിതെറ്റിക്കരുത്, തങ്ങളുടെ പാപങ്ങള്‍ അവരുടെ വിശ്വാസത്തിന് തടസ്സമാകരുത്. സിനഡു പാതാക്കന്മാര്‍ പൊതുവായ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കത്തിലെ സുപ്രധാനമായ കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു:

സ്‌നേഹപൂര്‍വ്വം യുവജനങ്ങള്‍ക്ക്…!

ഒക്ടോബര്‍ 3-ന് ആരംഭിച്ച് 28-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ സമാപിച്ച യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡിന്റെ അന്ത്യത്തില്‍ പ്രസിദ്ധപ്പെടുത്തിയ പൊതുവായ കത്തിലാണ് അജപാലകരുടെ വീഴ്ചകള്‍ക്ക് മെത്രാന്മാര്‍ പരസ്യമായി യുവജനങ്ങളോട് ക്ഷമ യാചിച്ചത്.

സഭയാകുന്ന അമ്മ മക്കളെ കൈവിടില്ല

വ്യക്തികളുടെ മാനുഷികമായ ബലഹീനതകളും പാപങ്ങളും സഭയിലും സമൂഹത്തിലും ഉതപ്പുകള്‍ സൃഷ്ടിക്കുമ്പോഴും സഭ യുവജനങ്ങള്‍ക്ക് അമ്മയാണ്. ആര് ഉപേക്ഷിച്ചാലും അമ്മ ഒരിക്കലും മക്കളെ കൈവെടിയുകയില്ല. നിസംഗതയുടെയും ഉപരിപ്ലവതയുടെയും നിരാശയുടെയും മൂടുപടം തട്ടിമാറ്റി ജീവിതത്തിന്റെ നവമായ പാതകളിലൂടെ പരിശുദ്ധാരൂപിയുടെ പ്രചോദനങ്ങള്‍ക്ക് അനുസൃതമായി സമുന്നത തലങ്ങളിലേയ്ക്ക് യുവജനങ്ങളെ നയിക്കാന്‍ സഭ സന്നദ്ധയാണ്. സിനഡില്‍ പങ്കെടുത്ത 300-ഓളം മെത്രാന്മാര്‍ സംയുക്തമായി പ്രസിദ്ധപ്പെടുത്തിയ കത്ത് വ്യക്തമാക്കി.

യുവജനങ്ങളിലെ യുവാവായ ക്രിസ്തു!

ലോകത്തെ യുവജനങ്ങളെ സഭാശുശ്രൂഷകര്‍ പ്രത്യാശയോടും ആത്മവിശ്വാസത്തോടും സാന്ത്വനഭാവത്തോടുംകൂടി ശ്രവിച്ചപ്പോള്‍ ”നിത്യം യുവാവായ”  ‘The Eternally young Christ’ ക്രിസ്തുവിന്റെ സ്വരമാണ് ഒരു മാസം നീണ്ട സിനഡുസമ്മേളനത്തിലൂടെ ഞങ്ങള്‍ ശ്രവിച്ചത്. യുവജനങ്ങളുടെ സന്തോഷത്തിമിര്‍പ്പും, വ്യാകുലതകളും, മൗനനൊമ്പരങ്ങളും ഞങ്ങള്‍ യുവാവായ ക്രിസ്തുവിന്റേതുപോലെ കേള്‍ക്കുകയായിരുന്നു. മെത്രാന്മാര്‍ കത്തില്‍ വിശദീകരിച്ചു.

യുവജനങ്ങളുടെ ആന്തരീകത്വര

നിങ്ങള്‍ എന്നും തേടുന്ന സന്തോഷത്തിന്റെയും പ്രത്യാശയുടെയും വേദനയുടെയും ആശങ്കയുടെയും ആന്തരീക അന്വേഷണത്തിന്റെ ത്വര ഞങ്ങള്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ യുവജനങ്ങള്‍ ഈ തുറവുള്ള വാക്കുകള്‍ പ്രത്യേകം കേള്‍ക്കണമെന്നും ആഗ്രഹിക്കുന്നു. ജീവിതത്തില്‍ യുവത്വത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുംവിധം നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സഭാദ്ധ്യക്ഷന്മാര്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സവിശേഷമായ ഉന്മേഷത്താല്‍ ജീവിതസ്വപ്നങ്ങള്‍ സഫലീകരിക്കാനും, ചരിത്രത്തില്‍ നല്ല ഭാവി രൂപപ്പെടുത്താനും നിങ്ങള്‍ക്കു കരുത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ അങ്ങിങ്ങായി കേള്‍ക്കുന്ന അജപാലകരുടെ ബലഹീനതകളും പാപങ്ങളും ഉതപ്പും അവഗണിച്ച് അമ്മയാകുന്ന സഭയോടെ ചേര്‍ന്നു നില്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തിന്മയുടെ ലോകത്ത് ക്രിസ്തു നേടിയ രക്ഷ

ദൈവം സൃഷ്ടിച്ചു സ്‌നേഹിച്ച ലോകം ഭൗമികവസ്തുക്കളില്‍ മുഴുകിയും, താല്ക്കാലിക വിജയങ്ങള്‍ക്കായി പോരാടിയും, സുഖലോലുപതയില്‍ മുഴുകി ബലഹീനരെ പീഡിപ്പിച്ചും ജീവിച്ചപ്പോള്‍ അവിടുന്ന് തന്റെ തിരുക്കുമാരനായ ക്രിസ്തുവിനെ ലോകരക്ഷയ്ക്കായി അയച്ചു. അങ്ങനെ ലോകം അതിന്റെ ദൃഷ്ടി, യഥാര്‍ത്ഥമായ സ്‌നേഹത്തിലേയ്ക്കും സൗന്ദര്യത്തിലേയ്ക്കും, സത്യത്തിലേയ്ക്കും നീതിയിലേയ്ക്കും വീണ്ടും തരിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. ഇത് ക്രിസ്തു ഇന്നും സഭയ്ക്കും സഭാമക്കള്‍ക്കുമായി കൈമാറുന്ന പ്രേഷിതദൗത്യമാണ്.

മുറിപ്പെട്ടവരുടെയും പാവങ്ങളുടെയും പ്രേഷിതര്‍

ഒരു മാസത്തോളം ഞങ്ങള്‍ യുവജനങ്ങളുടെ കൂടെ നടന്നു. കൂടാതെ ധാരാളം പേര്‍ പ്രാര്‍ത്ഥനയോടും സ്‌നേഹത്തോടുംകൂടെ സിനഡിനെ അകലെനിന്നും അനുഗമിച്ചിട്ടുണ്ട്. ഇനി ക്രിസ്തു പറഞ്ഞയച്ച ശിഷ്യന്മാരെപ്പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും പ്രേഷിതരായി നമുക്ക് ഇറങ്ങിപ്പുറപ്പെടാം. യുവജനങ്ങളുടെ ഊര്‍ജ്ജവും ഉന്മേഷവും സഭയ്ക്ക് അനിവാര്യമാണ്. ക്രിസ്തുവിനെ അനുകരിച്ച് സമൂഹത്തിലെ ദുര്‍ബലരായ ജനങ്ങളുടെയും പാവങ്ങളുടെയും മുറിപ്പെട്ടവരുടെയുംകൂടെ നടക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കട്ടെ!  പ്രിയ യുവതീയുവാക്കളേ…, കാലത്തിന്റെ വര്‍ത്തമാനവും ഭാവിയും നിങ്ങള്‍തന്നെയാണ്.

കടപ്പാട്: https://www.vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.