പ്രളയകാലത്തെ വൺ ‘ഡേ’ വണ്ടർ

പ്രളയം കേരളത്തെ വിഴുങ്ങാൻ തുടങ്ങുന്ന സമയം. നിലമ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആളുകൾ അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭത്തിൽ എന്തുചെയ്യണം എന്നറിയാതെ സ്തംഭിച്ചുപോയ നിമിഷം. സഹായങ്ങളുമായി ആരെങ്കിലുമൊക്കെ ഓടിയെത്തുവാൻ തുടങ്ങും മുൻപേ കാടുകുറ്റി ഇൻഫെന്റ് ജീസസ് ഇടവകയിലെ വികാരിയച്ചൻ തീരുമാനിച്ചു. “അവരെ സഹായിക്കണം.” അങ്ങനെ തന്റെ ഇടവകയിൽ അദ്ദേഹം ഒരു നിക്ഷേപ പാത്രം വച്ചു. തുടർന്നു നടന്ന അത്ഭുതത്തെക്കുറിച്ച് ലൈഫ് ഡേയോട് വിവരിക്കുകയാണ് ഫാ. ബൈജു കണ്ണമ്പിള്ളി…

ഓഗസ്റ്റ് പന്ത്രണ്ടാം തീയതി രാവിലെ പത്തു മണിക്കാണ് തന്റെ ഇടവകയിൽ നിലമ്പൂരിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി നിക്ഷേപ പാത്രം ബൈജു അച്ചൻ വച്ചത്. എത്ര ഇടണമെന്നോ, എന്തിടണമെന്നോ, സഹായിക്കണമെന്നോ ഒന്നും പറഞ്ഞില്ല. എല്ലാം ഇടവകക്കാരുടെ നല്ല മനസിന് വിട്ടുകൊടുത്ത ആ വൈദികൻ പിന്നീടുള്ള ഇരുപത്തിനാല് മണിക്കൂറിനു ശേഷം സാക്ഷ്യം വഹിച്ചത് ഒരു വലിയ അത്ഭുതത്തിനായിരുന്നു. പള്ളിയിൽ കുർബാനയ്ക്ക് വന്ന ആളുകളും ഈ നിക്ഷേപം അറിഞ്ഞു വന്ന ആളുകളും നല്ല മനസ്സോടെ ഉദാരമായി സംഭാവന ചെയ്തു.

പാത്രം വച്ച് കൃത്യം 24 മണിക്കൂറിനു ശേഷം അത് തുറന്നപ്പോൾ ആ നിക്ഷേപ പാത്രത്തിൽ നിന്നും അച്ചന് ലഭിച്ചത് 1,03,500 രൂപ! ഇതിലെന്താ ഇത്ര വലിയ അത്ഭുതം എന്നോ, ഇടവക ജനങ്ങൾ മുഴുവനും കൂടെച്ചെന്നാൽ ഇതിലും കൂടുതൽ സമാഹരിക്കാനാകും എന്നോ ആണ് ചോദ്യമെങ്കിൽ ഇവരുടെ പശ്ചാത്തലം കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 500-റോളം കുടുംബങ്ങളുള്ള ഒരു ഇടവകയാണ് കാടുകുറ്റി ഇടവക. ഈ 500 വീടുകളിൽ 400 വീടുകളും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളത്തിനടിയിലായിരുന്നു. ചാലക്കുടിപ്പുഴയുടെ സംഹാരതാണ്ഡവം! എല്ലാം നഷ്ടപ്പെടുത്തിയ പ്രളയത്തിന്റെ തീവ്രത ശരിക്കും അനുഭവിച്ചറിഞ്ഞ, നഷ്ടങ്ങളിൽ നിന്ന് ‘ഒന്നേ’ എന്നുപറഞ്ഞ് ജീവിതം കരുപിടിപ്പിച്ചു തുടങ്ങിയ ഈ സുമനസുകളുടെ എളിയ സംഭാവനയുടെ വില, അത്ഭുതത്തിന്റെ വലിപ്പം ഇവിടെയാണ് വെളിപ്പെടുന്നത്.

ആ തുകയും കൊണ്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അച്ചനും സുഹൃത്തും ബൈക്കിൽ നിലമ്പൂരിലേയ്ക്ക് യാത്ര തിരിച്ചു. ആറ് മണിക്കൂർ വേണ്ടിവന്നു അവിടെയെത്താൻ. അവിടെയെത്തി ആദ്യം തന്നെ ചാത്തൻമുണ്ട എന്ന സ്ഥലത്തെ സി.എസ്.ടി ആശ്രമം സന്ദർശിച്ചു. ഈ ആശ്രമത്തിൽ 20 ഏക്കറോളം ഭൂമി മുഴുവനും നഷ്ടപ്പെട്ടു പോയിരുന്നു. അവർ കാണാൻ പോയ വിമൽ അച്ചൻ 12 കിലോമീറ്റർ അകലെയുള്ള ഭൂദാനം സെന്റ മേരിസ് പള്ളിയിലായിരുന്നു. വലിയ ദുരന്തം നടന്ന കവളപ്പാറയിലേയ്ക്ക് അവിടെ നിന്ന് 500 മീറ്റർ മാത്രം ദൂരം. അവിടെപ്പോയി കൈയിൽ കരുതിയിരുന്ന 1,03,500 രൂപ മരണപ്പെട്ടു പോയ അഖില,അലീന എന്നീ കുഞ്ഞുമക്കളുടെ കുടുംബങ്ങൾക്ക് ഒരു കിടപ്പാടം ഉണ്ടാക്കാൻ അവിടുത്തെ വികാരിയച്ചൻ കൈവശം ഏൽപ്പിച്ചു. അവർക്ക്‌ ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമായിരുന്നു അത്! ഇനിയും സഹായങ്ങൾ കഴിയുംവിധത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവിടെ നിന്നും അച്ചനും സുഹൃത്തും യാത്ര തിരിച്ചു.

24 മണിക്കൂർ കൊണ്ട് ഇത്രയും തുക, സ്വമനസാലെ അർഹിക്കുന്നവർക്കു വേണ്ടി ദാനം ചെയ്ത എല്ലാ കാടുകുറ്റി നിവാസികൾക്കും, തന്നോടൊപ്പം കവളപ്പാറയിലേയ്ക്ക് സ്നേഹത്തോടെ സഞ്ചരിച്ച അമൽ പോളിനും ആത്മാർത്ഥമായി നന്ദി പറയുകയാണ് ബൈജു അച്ചൻ. തന്റെ ജീവിതത്തിലെ വ്യത്യസ്തതകൾ കൊണ്ടു നിറച്ച, സ്നേഹത്തിന്റെ പുതിയ പാഠം പകർന്ന ആ ദിവസത്തെ ‘വൺ ഡേ വണ്ടർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ദൈവത്തിനു നന്ദി പറയുകയാണ് അദ്ദേഹം.