ഒരു ദിവസത്തെ ഹോട്ടല്‍ വരുമാനം ദുരിതാശ്വാസ നിധിയിലേയ്ക്ക് നീക്കി വെച്ച് ഉടമ

എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മാറ്റി വെച്ച് മാതൃകയാവുകയാണ് പ്രശാന്ത്‌ ഹോട്ടലുടമ എസ്. ടി. മുരളി. വേദനിക്കുന്ന സഹോദരങ്ങൾക്കായി തങ്ങളുടെ എളിയ സംഭാവന നീക്കി വെച്ച ഇവരെ അഭിനന്ദിച്ചു നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണും ഒപ്പം പായസവും നല്‍കിയാണ്‌ തങ്ങളുടെ കടയില്‍ എത്തിയവരെ ഈ സംരംഭത്തില്‍ ഇവര്‍ പങ്കാളികളാക്കിയത്. ഭക്ഷണം കഴിച്ചു എത്തിയവരോട് മുന്നില്‍ വെച്ച പാത്രത്തില്‍ പണം നിക്ഷേപിച്ചാല്‍ മതി എന്ന് അറിയിച്ചു. ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിയില്‍ അതിന്റെ ഉദ്ദേശം അറിഞ്ഞും അറിയാതെയും എത്തിയവര്‍ അകമഴിഞ്ഞു സഹകരിച്ചതോടെ കാര്യങ്ങള്‍ ഉഷാറായി. കടയില്‍ നല്ല തിരക്കായിരുന്നു. ഒരു ദിവസത്തെ വിറ്റുവരവിനോടൊപ്പം തൊഴിലാളികള്‍ അവരുടെ ശമ്പളം കൂടി നല്‍കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

അഞ്ചു ഇതര സംസ്ഥാന തൊഴിലാളികളടക്കം പന്ത്രണ്ടു പേരാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇവരെല്ലാം കൂടി ഒത്തൊരുമിച്ചു കേരളത്തിന്റെ പുനസൃഷ്ടിക്കായി തങ്ങളാലാകും വിധം പരിശ്രമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.