പാരമ്പര്യ തൊഴിൽ മുറുകെപ്പിടിച്ച് ഈശോയുടെ ജന്മനാട്ടിലെ ക്രൈസ്തവ ജനത

ബസ്സം ജിയാകാമന്റെ വലിയ കുടുംബം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മികച്ച ജീവിതസൗകര്യാർത്ഥം  മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ബെത്‌ലഹേമിൽ നിന്ന് ന്യൂസിലൻഡിലേയ്ക്ക് കുടിയേറിയിരുന്നു. ബെത്‌ലഹേം വിട്ട് പോവുമ്പോള്‍ അവര്‍ മറ്റൊന്നുകൂടി ഉപേക്ഷിച്ചിട്ടാണ് പോയത്. 1925​-​ൽ തന്റെ മുത്തച്ഛൻ തുടക്കമിട്ട ഒരു ചെറിയ കടയും ഒരു ഒലീവിന്റെ തടി ഫാക്ടറിയും. യേശുവിന്റെ ജന്മഗേഹമായ ബേത്‌ലഹേമില്‍ ഒലീവ് തടി ഫാക്ടറികള്‍ ധാരാളമുണ്ടെന്നതും ഇവിടെ സ്മരീണയമാണ്. അതില്‍ തന്നെ മിക്കതും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ളതും. നൂറ്റാണ്ടുകളായി കുരിശുകള്‍, കൊന്തകള്‍, തുടങ്ങിയ ഭക്തവസ്തുക്കള്‍ മെനയുന്നവരാണ് ഇക്കൂട്ടര്‍. എന്നാൽ ഏഴ് വർഷങ്ങൾക്കുമുമ്പ് ജിയാകാമൻ ബെത്‌ലഹേമിലേയ്ക്ക് തിരികെയെത്തി. താനൊരു ക്രിസ്ത്യാനിയായതുകൊണ്ടും തന്റെ പിതാവ് ആവശ്യപ്പെട്ടപ്രകാരം പാരമ്പര്യ കച്ചവടങ്ങൾ തുടർന്നുകൊണ്ട് പോവുന്നതിനുമായാണ് തന്റെ തിരിച്ചുവരവെന്നാണ് ജിയാകാമൻ പറയുന്നത്.

എന്നാല്‍ ഇസ്രായേലിനെ ജറുസലേമിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാലസ്തീൻ  സ്വദേശികളില്‍ നിന്നുള്ള പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സഞ്ചാരികളും വിദേശികളും എന്തിന് സ്വദേശികൾ പോലും ഇവിടെ നിന്ന് അകന്നു നില്‍ക്കുകയാണ്. ഇതോടെ ഇവരുടെ കച്ചവടവും ജീവിതവും വഴിമുട്ടിയ സ്ഥിതിയിലുമായി. ഉദ്ദേശിച്ചതുപോലെ വ്യാപാരം തുടങ്ങാൻ സാധിച്ചില്ല. കാരണം, ഒരു കാലത്ത് ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന ഇവിടെ ഇപ്പോൾ
വളരെക്കുറച്ച് ക്രൈസ്തവർ മാത്രമേ ശേഷിക്കുന്നുള്ളൂ. പാലസ്തീനിയൻ ജനതയുടെ ഏകദേശം രണ്ട് ശതമാനം മാത്രം. വിശുദ്ധ നാട്ടിൽനിന്നുള്ള ക്രൈസ്തവരുടെ കുടിയേറ്റമാണ് ഇതിന് കാരണം.

എ ഡി നാലാം നൂറ്റാണ്ടു മുതൽ ബേത്‌ലഹേമിലെ ക്രൈസ്തവ ജനതയുടെ ജീവിതോപാധിയായിരുന്നു ഒലിവ് തടികൊണ്ടുള്ള കൊത്തുപണികൾ എന്നാണ് വെസ്റ്റ് ബാങ്കിലെ പാലസ്തീനിയൻ മ്യൂസിയം ഡയറക്ടർ മഹ്മൂദ് ഹവാരി സാക്ഷ്യപ്പെടുത്തുന്നത്. പാലസ്തീനയുടെ ദേശീയ പൈതൃകത്തിന്റെ ഭാഗമായും സാമ്പത്തിക സുരക്ഷയുടെ ഭാഗമായും ഈ ബിസിനസിനെ കണ്ടുവരികയും ചെയ്തിരുന്നു. നാലാം നൂറ്റാണ്ടിൽ തുടക്കമിട്ടതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടുമുതലുള്ള വിശുദ്ധനാട്ടിലേയ്ക്കുള്ള തീർത്ഥാടകരുടെ വരവോടെയാണ്  കച്ചവടം ലാഭത്തിലേയ്ക്കെത്തിയത്. ക്രൈസ്തവരും മുസ്ലീമുകളുമുൾപ്പെടുന്ന കലാകാരന്മാരെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. യേശുവിന്റെ ജനനം, മാതാവും ഉണ്ണിയേശുവും തുടങ്ങി ബൈബിൾ കേന്ദ്രീകൃതമായുള്ള ഏത് നിമിഷവും അവർ കൊത്തിയെടുക്കും. ഇതിനെല്ലാം പുറമെ കൊന്തകൾ, കുരിശുകൾ തുടങ്ങി നിത്യോപയോഗ സാധനമായ സ്പൂൺ പോലും ഇവർ തടിയിൽ തീർക്കും.

എന്നാൽ നൂറുകണക്കിന് വരുന്ന തൊഴിലാളികളുടെ അന്നം മുട്ടിക്കുന്നത് സ്ഥിരതയില്ലാത്ത രാഷ്ട്രീയ സാഹചര്യവും തത്ഫലമായുള്ള സഞ്ചാരികളുടെ അകൽച്ചയുമാണ്. ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തോടെ കാര്യങ്ങൾ കൂടുതൽ പരിതാപകരമാവുകയും ചെയ്തു. കാരണം ടൂറിസ്റ്റുകളില്ലെങ്കിൽ ഇവർക്ക് തൊഴിലും വരുമാനവുമില്ല. ഇതുകൊണ്ടൊക്കെയാവണം പുതിയ തലമുറയിൽപ്പെട്ടവർ ഈ മേഖലയിലേക്ക് കടന്നുവരാൻ താത്പര്യപ്പെടാറില്ല. എന്നാൽ ബഹുഭൂരിപക്ഷം ആളുകളും ഈ തൊഴിലിനെ കാണുന്നത്, ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതിഫലനമായാണ്. കാരണം ബൈബിളിൽ തന്നെ ഒലിവ് വൃക്ഷത്തെക്കുറിച്ച് പലതവണ പ്രതിപാദിച്ചിട്ടുണ്ടല്ലോ. അതിൽ തന്നെ പ്രധാനമായി യേശുവിന്റെ പ്രശസ്തമായ പ്രാർത്ഥന ഒലിവ് മലയിൽ ഒലിവ് വൃക്ഷങ്ങൾക്കിടയിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഇത് അവരുടെ മതവിശ്വാസത്തിന്റെകൂടി ഭാഗമാണ്. വിശുദ്ധമായ തൊഴിൽ. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും പിന്മാറുകയുമില്ല. വിശുദ്ധ നാട്ടിലെ കച്ചവടക്കാർ തറപ്പിച്ചു പറയുന്നു.​

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.