പരി. കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന: ഒന്നാം ദിനം

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന ഒന്നാം ദിനം (ആഗസ്റ്റ് 31)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി:  ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ.

സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു കാരണം അവന്റെ പ്രിയ പുത്രനു മനുഷ്യവതാരം ഒരുക്കുവാൻ പൂർണ്ണതയുള്ള ഒരു ഗേഹം  നിന്നിൽ മെനയുകയായിരുന്നു. മറിയമേ നിന്റെ ജനനം എന്റെ ആത്മാവിലും പാപങ്ങളോടുള്ള അവജ്ഞയും പുണ്യത്തിൽ പുരോഗമിക്കാനുള്ള താൽപര്യവും നേടിത്തരട്ടെ.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ,  ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

(നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

ഓ പരിശുദ്ധ  ദൈവമാതാവേ, നിന്റെ ജനനം ലോകത്തിനു മുഴുവൻ  സന്തോഷം വിളബരം ചെയ്യുന്ന ഒരു സദ് വാർത്തയായിരുന്നല്ലോ, കാരണം നിന്നിൽ നിന്നാണല്ലോ ശാപങ്ങളെ നശിപ്പിക്കുന്ന, അനുഗ്രഹങ്ങൾ വാരി വിതറുന്ന, മരണത്തെ പരാജയപ്പെട്ടത്തുന്ന നിത്യജീവൻ വാഗ്ദാനം ചെയ്ത നീതി സൂര്യനായ നമ്മുടെ ക്രിസ്തു മനുഷ്യരൂപം ധരിച്ചത്. ആ ദിവ്യസുതനെ വണങ്ങുന്ന ഞങ്ങളിൽ ജീവിത വിശുദ്ധിയും ലാളിത്യവും നിറയ്ക്കണമേ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

സർവ്വശക്തനായ ദൈവമേ, നിന്റെ സ്വർഗ്ഗീയ കൃപകൾക്കു ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. ഞങ്ങളുടെ രക്ഷയ്ക്കു പ്രാരംഭമായി നസ്രത്തിലെ ഒരു കന്യകയെ നിന്റെ പുത്രന്റെ അമ്മയാകാൻ തിരഞ്ഞെടുത്തുവല്ലോ. അവളുടെ ജനന തിരുനാളിനൊരുങ്ങുന്ന ഞങ്ങളിൽ ദൈവവചനത്തോടുള്ള വിധേയത്വവും  കൂദാശകളോടുമുള്ള സ്നേഹവും രൂഢമൂലമാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

ഫാ. ജെയ്സൺ കുന്നേൽ