ഇല കൊഴിയുംപോലെ

ജിന്‍സി സന്തോഷ്‌

‘ഇല’ അടരുമ്പോഴാണ് ചില്ല വെയിലറിയുന്നത്. ‘ചില്ല’ അകലുമ്പോഴാണ് നമ്മള്‍ ആ വിലയറിയുന്നത്. നീ മരിക്കണം എന്നാണ് ആദിയിലേയുള്ള നിയമം. തഴച്ചുവളരുന്ന വൃക്ഷത്തിൽ കൊഴിയുകയും വീണ്ടും തളിർക്കുകയും ചെയ്യുന്ന ഇലകൾ പോലെയാണ് മനുഷ്യന്റെ തലമുറകൾ. കൊഴിഞ്ഞുവീഴുന്ന ഓരോ ഇലയും ഒപ്പം നിന്നിരുന്ന പച്ചിലകൾക്ക് ഒരു മുന്നറിയിപ്പാണ്. അതുപോലെ ഓരോ മരണവും നിനക്ക് സ്വർഗത്തിന്റെ മുന്നറിയിപ്പാണ് – “ഇന്നു ഞാൻ; നാളെ നീ.”

മരണം വിദൂരമല്ലെന്ന് ഓർക്കുക. പാതാളത്തിൽ പ്രവേശിക്കേണ്ട സമയം നിനക്ക് അജ്ഞാതമാണ്. മരിക്കുന്നതിനു മുമ്പ് സ്നേഹിതന് നന്മ ചെയ്യുക. ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക. ഇന്നിന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്. നിനക്ക് അർഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നു വയ്ക്കരുത്. ഉത്പന്നങ്ങൾ ജീർണ്ണിച്ച് ഇല്ലാതാകും; അവയുണ്ടാക്കിയ മനുഷ്യരും (പ്രഭാ. 14).

ലൗകികസമ്പത്തും സ്ഥാനമാനങ്ങളും വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ നിന്റെ വാക്കും പ്രവൃത്തികളും മൂലം ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും പടിയിറങ്ങിപ്പോയവരെ ചങ്കോട് ചേർത്തുപിടിക്കാൻ, കൺമുന്നിലെ ഓരോ മരണവും നിന്നെ ഓർമ്മിപ്പിക്കുന്നു. വിള്ളലുകൾ സംഭവിച്ച സ്നേഹബന്ധങ്ങൾക്കു നേരെ പടിയടക്കുന്നത് ക്രൈസ്തവീകമല്ല.

സ്നേഹവലയങ്ങൾ ഭേദിച്ച് നമ്മിൽ നിന്ന് അകന്നവർക്കു വേണ്ടി, നമ്മൾ മൂലം വേദനിച്ച് മിഴി നിറഞ്ഞവർക്കു വേണ്ടി, പ്രതീക്ഷകളേകിയ തണലായിരുന്ന നല്ല സൗഹൃദങ്ങൾക്കു വേണ്ടി മരണം വരെ കാത്തിരിക്കരുത്. ക്ഷമിക്കാനും സ്നേഹിക്കാനും പുഞ്ചിരിക്കാനും ബന്ധങ്ങളെ ചേർത്തുപിടിക്കാം. നിസ്വാർത്ഥ സ്നേഹത്തിൻ കരുതലോടെ…

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.