തിരികെ മണ്ണിലേക്കു തന്നെ

ജിന്‍സി സന്തോഷ്‌

ദൈവം നിശബ്ദനായിരിക്കുന്നു എന്നു തോന്നിക്കുന്ന ഈ പ്രതിസന്ധികളുടെ നാളുകളെ കടന്നുപോവുക അത്ര എളുപ്പമല്ല. രാത്രി നീളുമ്പോൾ, പ്രകാശം അകലെയാണെന്നു തോന്നുമ്പോൾ, ഒരു മുറിക്കുള്ളിൽ നാളുകളോളം ഒറ്റപ്പെടുമ്പോൾ ദൈവം പോലും കൈവിട്ടു എന്നു ചിന്തിക്കാം. ഏത് ശക്തനായ പ്രാർത്ഥനാമനുഷ്യന്റെയും മനസ് ദുർബലമായിത്തീരാവുന്ന ഈ നാളുകളിൽ കൂടിയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്.

മനുഷ്യൻ കാര്യങ്ങൾ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ മെനഞ്ഞ് ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്തുകായും ചെയ്യുന്ന കാലമാണിത്. തിരുവെഴുത്തുകളിൽ ലാസറിന്റെ രോഗാവസ്ഥ അറിയിച്ചിട്ടും അവന്റെ മരണം കഴിഞ്ഞ് നാലുനാൾ വരെ ക്രിസ്തു അടുത്തെത്തിയില്ല. മനഃപൂർവ്വമായ ഒരു കാലതാമസം. അതിനു കാരണവും അവൻ വ്യക്തമാക്കുന്നുണ്ട്. “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; ദൈവമഹത്വത്തിനു വേണ്ടിയാണ്” (യോഹ. 11:4). എങ്കിലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു മർത്താ വസിക്കുന്നുണ്ട്. “കർത്താവേ, ഇപ്പോൾ ദുർഗന്ധം ഉണ്ടാവും. ഇത് നാലാം ദിവസമാണ്.” ഇത്രയും വഷളായ സാഹചര്യത്തിൽ ഇനി പ്രാർത്ഥിച്ചിട്ട് എന്തു കാര്യം? ഇതിന് അന്നും ഇന്നും ക്രിസ്തുവിന് ഒരു മറുപടിയേ ഉള്ളൂ; “വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ.” കാരണം അവൻ ഇന്നും ജീവിക്കുന്നു.

മരണം മർത്യവർഗ്ഗത്തിനുള്ള കർത്താവിന്റെ നിയമമാണ്. അതുപോലെ തന്നെ മരണശേഷം ക്രിസ്തുവിനോടൊപ്പമുള്ള നിത്യമായ ഉത്ഥാനജീവിതവും മനുഷ്യവർഗ്ഗത്തിന് ദൈവികവാഗ്ദാനമാണ്. സ്വന്തമെന്നു കരുതുന്നവയെല്ലാം ഉപേക്ഷിച്ച് കടന്നുപോകേണ്ട ഒരു ദിനം വരും. ‘നാളെ’ മരണത്തിന്റെ മണിമുഴക്കത്തിൽ ദൈവം നിന്നെ തിരികെ വിളിക്കുമ്പോൾ നിന്റെ ആത്മാവിന്റെ അവസ്ഥ എന്താണ്? മണ്ണിൽ നിന്ന് ദൈവം മെനഞ്ഞുണ്ടാക്കിയവനും അല്പകാലം കഴിയുമ്പോൾ ദാതാവ് ഏല്പിച്ച ആത്മാവിനെ തിരികെ കൊടുത്ത് അതേ മണ്ണിലേക്ക് മടങ്ങേണ്ടവനുമായ മനുഷ്യൻ തന്റെ ജീവിതം ഹ്രസ്വമാണെന്ന് ചിന്തിക്കുന്നില്ല.

“കർത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ. എന്റെ ജീവിതം എത്ര ക്ഷണികമാണെന്ന് ഞാൻ അറിയട്ടെ” (സങ്കീ. 39:4).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.