“മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാത്തവര്‍ ഇവിടുണ്ട്.” – നോര്‍ത്ത് ഈസ്റ്റിലെ കൊറോണക്കാലത്തെ അനുഭവങ്ങളുമായി ഒരു വൈദികന്‍ 

സി. സൗമ്യ DSHJ

കൊറോണ വ്യാപകമായ ഈ സാഹചര്യത്തിലും സ്വന്തം ആരോഗ്യംപോലും മറന്ന് ജനങ്ങള്‍ക്കിടയില്‍ തന്റെ സന്നദ്ധപ്രവർത്തനങ്ങൾ തുടരുവാനുള്ള കാരണം ഫാദർ സജി പറയുന്നത് ഇപ്രകാരമാണ്. “രണ്ടും മൂന്നും ദിവസങ്ങളായി ഭക്ഷണംപോലും കഴിക്കാത്ത അനേകർ ഇവിടുണ്ട്. അപകടസാധ്യത ഉണ്ടെങ്കിലും അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഈ പ്രവർത്തനങ്ങൾ തുടരുന്നത്.” MSFS കോൺഗ്രിഗേഷനിലെ നോർത്ത് ഈസ്റ്റ് പ്രൊവിൻസിലെ സോഷ്യൽ വർക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫാദർ സജി ജോർജ് പുതിയാകുളങ്ങര ഈ കൊറോണക്കാലത്തെ തൻ്റെ മിഷന്‍ അനുഭവങ്ങൾ പറഞ്ഞു തുടങ്ങി…

ബോധവത്കരണത്തോടെ തുടക്കം  

ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായ ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര, ഗോഹട്ടി എന്നീ സംസ്ഥാനങ്ങളിലാണ് ഫാദര്‍ സജിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കൊറോണ ദുരിതത്തില്‍ സഹായമായി മാറുന്നത്. ഈ പ്രദേശങ്ങളിൽ പെട്ടെന്നാണ് കൊറോണബാധിതരുടെ എണ്ണം കൂടുതലായത്. കൊറോണയുടെ ആദ്യഘട്ടത്തിൽ നോർത്ത് ഈസ്റ്റിലെ ജനങ്ങൾക്കായി ഈ രോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ നൽകിയിരുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് ഇവിടുത്തെ ജനങ്ങളിൽ എത്തിക്കുവാനാണ് ഇവർ പരിശ്രമിച്ചത്. കാരണം, പൊതുവേ വിദ്യാസമ്പന്നരല്ലാത്ത ഈ ജനങ്ങള്‍ക്ക് ഈ രോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണമായിരുന്നു അത്യാവശ്യം.

ഈ രോഗത്തിന്റെ പരിണതഫലങ്ങൾ, മുൻകരുതൽ നടപടികൾ, സാമൂഹിക അകലത്തിന്റെ പ്രാധാന്യം, വ്യക്തിത്വ ശുചിത്വം, കൈകഴുകുന്നതിന്റെ പ്രാധാന്യം, ഫെയ്സ് മാസ്കുകൾ ഉപയോഗിച്ച് സുരക്ഷിതത്വം എങ്ങനെ നിലനിർത്താം എന്നൊക്കെ ആളുകളെ ബോധ്യപ്പെടുത്തുവാൻ ആയിരുന്നു ഇവരുടെ പരിശ്രമം. 6000 ത്തിലധികം ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

ലോക്ഡൗൺ കാലത്ത് വിശപ്പോടെ ഉറങ്ങാതിരിക്കാന്‍  

പൊതുവേ ദരിദ്രരെങ്കിലും ഈ കൊറോണക്കാലം ഇവര്‍ക്ക് നല്‍കിയത് പട്ടിണിയുടെ ദിനങ്ങളാണ്. അന്നന്നത്തെ അപ്പത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഇവര്‍ ലോക് ഡൌണ്‍ മൂലം  നിത്യപട്ടിണിയില്‍ ആകുന്ന അവസ്ഥ. ജോലിയില്ല, ഭക്ഷണമില്ല. അവരുടെ ഇടയിലേക്കാണ് സജിയച്ചനും കൂടെയുള്ളവരും ഭക്ഷണവുമായി കടന്നുചെന്നത്. കാരണം ഇപ്പോള്‍ അവര്‍ക്ക് മറ്റെന്തിനെക്കാളും അത്യാവശ്യം ഭക്ഷണമാണ്.

ചേരികളിൽ കഴിയുന്നവർ, അഭയാർത്ഥികൾ, കൂലിപ്പണിക്കാർ, സ്ത്രീകളായ വീട്ടുജോലിക്കാർ, സൈക്കിൾ റിക്ഷക്കാർ എന്നിവർക്കെല്ലാമാണ് പ്രധാനമായും ഇവർ സഹായമാകുന്നത്. ജോലിയില്ലാതായതോടെ പട്ടിണിയുടെ ദിനങ്ങള്‍ കൂടിവന്നു. ഈ ഒരു സാഹചര്യത്തില്‍ പതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് ഇവർ അനുദിനവും അന്നം വിളമ്പുന്നത്. അങ്ങനെ അമ്പതിനായിരത്തിലധികം ആളുകൾ വിശപ്പറിയാതെ ഭക്ഷണം കഴിക്കുന്നു. ഇവര്‍ക്കായി ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടുന്ന കിറ്റ് വിതരണം ചെയതുകൊണ്ടാണ് പ്രവര്‍ത്തനം. ആസാമിലും മറ്റ് വടക്കുകിഴക്കൻ പ്രദേശങ്ങളിലുമായി 80 ലധികം ഗ്രാമങ്ങൾ ഇതില്‍ ഉൾപ്പെടുന്നു. പതിനായിരത്തിലധികം കുടുംബങ്ങളിലായി 55,000 – ത്തോളം ആളുകൾ അല്ലലില്ലാതെ ഈ ദിനങ്ങളില്‍ കഴിയുന്നു. ഫാദര്‍ സജിയും കൂടെയുള്ളവരും ഇവര്‍ക്ക് ദൈവതുല്യരാണ്‌.

വീടില്ലാത്തവര്‍ക്കായി 

വീടുകളില്ലാത്ത, അലഞ്ഞു തിരിഞ്ഞു നടക്കുന്ന അനേകം മനുഷ്യരുണ്ടിവിടെ. അവർക്കും ഭക്ഷണം പാചകം ചെയ്ത്‌ എത്തിച്ചു കൊടുക്കുന്നു. അത്തരത്തില്‍ 4000 – ൽ മുകളിൽ ആളുകൾക്കാണ് ഇവര്‍ ഭക്ഷണം നല്‍കുന്നത്. രണ്ടും മൂന്നും ദിവസം ഭക്ഷണം കഴിക്കാത്ത അനേകർ ഇവരുടെ ഇടയിൽ ഉണ്ട്. അതിനാല്‍ ഈ ലോക് ഡൌണ്‍ തുടങ്ങിയത് മുതല്‍ ഒറ്റ ദിവസം പോലും മുടങ്ങാതെ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നു. ഗതാഗതം പോലും ഇല്ലാത്ത ഈ സ്ഥലങ്ങളില്‍ കാല്‍ നടയായി നടന്ന് ചുമന്നുകൊണ്ടാണ് ഈ ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. “മണിക്കൂറുകള്‍ നടന്നും സാധനങ്ങള്‍ ചുമന്നും ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ ക്ഷീണിക്കുമെങ്കിലും അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുമ്പോള്‍ തികഞ്ഞ ആത്മസംതൃപ്തി ആണ്.” – ഫാദര്‍ സജി പറയുന്നു.

‘സൊളയ്സ് ഓഫ്‌ ടൈംസ്‌ ഓഫ് ഇന്ത്യ’ എന്ന പേരിലുള്ള സംഘടനയിലൂടെയാണ് ഈ വൈദികര്‍ തങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിക്കായി MSFS വൈദികരുടെ ഈ കൊറോണക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. അതുകൂടാതെ, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ആണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

MSFS അച്ചന്മാരുടെ വിശ്രമമില്ലാത്ത മിഷന്‍ പ്രവര്‍ത്തനങ്ങള്‍  

ഗോത്ര – ഗോത്രേതര, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ പരിശ്രമിക്കുന്നു. അടിയുറച്ച  വിശ്വാസത്തിൽ വേരൂന്നിയ നീതിയും സമാധാനവും സമ്പന്നവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഇവരുടെ പരിശ്രമം. ഒപ്പം സാമൂഹികവും സാമ്പത്തികവുമായ  വികസനത്തിലേക്ക് വ്യക്തികളെ നയിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്‌. എല്ലാവരുടെയും ക്ഷേമം, പ്രത്യേകിച്ച് നിരാലംബരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഗ്രാമീണരുടെ വ്യക്തിഗത ശാക്തീകരണവും സാമൂഹിക വികസനവും ഉറപ്പാക്കാനും അവരില്‍ കൂടുതല്‍ സാമൂഹ്യ-ധാര്‍മ്മിക അവബോധം സൃഷ്ടിക്കുന്നതിനും ഈ വൈദികര്‍ ഇവരുടെ ഇടയില്‍ പരിശ്രമിക്കുന്നു.

സ്ത്രീ ശാക്തീകരണം, കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കല്‍, യുവജന ശാക്തീകരണം, തൊഴിൽ പരിശീലനം, വികലാംഗരുടെ  പുനരധിവാസം, ആരോഗ്യ മേഖലയിലുള്ള ശ്രദ്ധ, പരിസ്ഥിതി സംരക്ഷണം, വരുമാനം ഉണ്ടാക്കുന്നത്തിനുള്ള ജോലികളുടെ പരിശീലനം, ദുരന്ത നിവാരണം, അടിയന്തിര ഘട്ടത്തിലെ സഹായം എന്നിവയാണ് ഇവരുടെ മറ്റ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.

ഫാ. സജി ജോർജ്ജ് പുതിയാകുളങ്ങര ഇവരുടെ പ്രോവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി സേവനം ചെയ്യുന്നു. കൂടാതെ, പ്രൊവിൻഷ്യൽ കൗൺസിലറും ആണ്. അസോസിയേറ്റ് ഡയറക്ടർ ആയ ഫാ. സണ്ണി തോമസ് പന്തനാഴിവടക്കേതിലും ഗോഹാട്ടി പ്രോവിന്‍സിന്റെ ഫാ. സാബു ഫ്രാൻസിസ് മന്‍സ്രയിലും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജി അച്ചനോടൊപ്പം നില്‍ക്കുന്നു.

ഇരിട്ടി കല്ലുവയല്‍ സ്വദേശിയായ ഫാദര്‍ സജി പുതിയാകുളങ്ങരയുടെ വര്‍ഷങ്ങളായിട്ടുള്ള പ്രവര്‍ത്തന മണ്ഡലമാണ് നോര്‍ത്ത് ഈസ്റ്റിലെ ഈ പ്രദേശങ്ങള്‍. ഇങ്ങനെ സ്വന്തം നാടും വീടും വിട്ട് ദൂരദേശങ്ങളില്‍ സേവനം ചെയ്യുന്ന നിരവധി സമര്‍പ്പിതര്‍ ലോകത്തിലുണ്ട്. അനേകം ജീവിതങ്ങളുടെ, കുടുംബങ്ങളുടെ പ്രകാശം അണയാതെ കാത്തുസൂക്ഷിക്കുന്നവര്‍. സന്യസ്തര്‍ക്കെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തലുകള്‍ പതിവാക്കിയവര്‍ ഇത്തരം നല്ല കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കാറില്ല. നന്മയുടെ ഇത്തരം മാര്‍ഗദീപങ്ങളെ നാം കാണാതെ പോകരുത്.

സി. സൗമ്യ DSHJ 

6 COMMENTS

  1. Thank you Fr.Saji and team fo your good service.
    may God bless you all.It is really a good example for all,your presence in the midst of the poor and needy like Jesus and our patron Saint SFS by reading the” signs of the time”:covid-19.
    I assure you my prayer and good wishes to feed the hungry and help the helpless.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.