ലോകത്തെ പരിത്യജിച്ച് ദൈവത്തെ പ്രഘോഷിക്കുക: മാർപ്പാപ്പ

ലോകത്തെ പരിത്യജിക്കുന്ന വ്യക്തിക്ക് മാത്രമേ ദൈവത്തെ പ്രഘോഷിക്കാൻ സാധിക്കൂവെന്നും അധികാരം, പണം എന്നിവയോടുള്ള അത്യാർത്തി ഉപേക്ഷിച്ചാൽ മാത്രമേ ക്രിസ്തുവിനെപ്പോലെ സാക്ഷ്യം നൽകാൻ സാധിക്കൂ എന്നും  മാർപ്പാപ്പ. റോമിൽ സമ്മേളിച്ച നിയോ കാറ്റക്യൂമനൽ വേയുടെ  ഒന്നരലക്ഷത്തോളം വരുന്ന പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. പ്രസ്ഥാനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വത്തിക്കാനിൽ സമ്മേളിച്ചത്.

1964 ൽ മാഡ്രിഡിലാണ് സ്പാനിഷ് കലാകാരനായ കികോ ആർഗൂളോ, നിയോ കാറ്റക്യൂമനൽ വേ എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ദൈവവചനത്തെയും ക്രൈസ്തവ സമുദായത്തെയും വിശുദ്ധ കുർബാനയെയുമെല്ലാം അടിസ്ഥാനമാക്കി ജ്ഞാനസ്നാനത്തിന് മുമ്പും ശേഷവുമുള്ള ക്രൈസ്തവരുടെ രൂപവത്കരണമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ക്രിസ്തുവിനും സഭയ്ക്കും സാക്ഷികളായി മാറാൻ ക്രൈസ്തവ കുടുംബങ്ങളെ അവർ ശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പോവുക

നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തുവിന്റെ വചനം കേന്ദ്രീകരിച്ചാണ് മാർപ്പാപ്പ സംസാരിച്ചത്. വിശ്വാസം എന്ന ഒരേയൊരു മാറാപ്പുമായാണ് ഒരാൾ സുവിശേഷം പ്രസംഗിക്കാനായി പുറപ്പെടുന്നത്. അതായത് സുവിശേഷം പ്രസംഗിക്കാനായി ഇറങ്ങിത്തിരിച്ചാൽ പിന്നീട് എളിമയായിരിക്കണം നമ്മുടെ മുഖമുദ്ര. സകലതും പരിത്യജിക്കണം. എങ്കിലേ പ്രഘോഷിക്കാൻ സാധിക്കൂ. ദൈവത്തിന്റെ നാമത്തിൽ ലൗകികതയുടെ സകല ഭാവങ്ങളും ഉപേക്ഷിച്ചാൽ ഹൃദയം സ്വതന്ത്രമാവുകയും ദൈവത്തിനായി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ഒന്നിച്ച് നടക്കുക

മിഷനറിമാരുടെ മറ്റൊരു പ്രധാന കടമയാണ് എല്ലാവരും യോജിപ്പോടെ ഒരുമിച്ച് നീങ്ങുക എന്നത്. കാരണം നിങ്ങൾക്ക് പരസ്പരം യോജിപ്പും ഐക്യവും ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരെയും ക്രിസ്തുവിന്റെ നാമത്തിൽ ഒന്നിച്ചുചേർക്കാൻ സാധിക്കൂ. അതുകൊണ്ട് ആരും പിന്നിലായിപ്പോവാതെയും ആരെയും കടത്തിവെട്ടാതെയും ഒന്നിച്ച് മുന്നേറാൻ ശ്രമിക്കുക. മാർപ്പാപ്പ പറഞ്ഞു.

ശിഷ്യന്മാരും സാക്ഷ്യവും കുടുംബാന്തരീക്ഷവും

പ്രേഷിത പ്രവർത്തനത്തിന്റെ ഹൃദയം എന്നു പറയുന്നത്, ദൈവം നിന്നെ സ്നേഹിക്കുന്നു എന്നതിന് സാക്ഷ്യം നൽകുക എന്നതാണ്. മാർപ്പാപ്പ കൂട്ടിച്ചേർത്തു. അതുപോലെതന്നെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഇറങ്ങിച്ചെന്ന് സുവിശേഷത്തിന് സാക്ഷ്യം നൽകാൻ തയാറാകണമെന്നും അയയ്ക്കപ്പെടുന്ന ഓരോ നാട്ടിലെയും സംസ്കാരത്തെയും ജീവിതരീതികളെയും ബഹുമാനിച്ചുകൊണ്ടാവണം പ്രവർത്തനങ്ങളെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.