പുല്‍ക്കൂട്ടിലെ മല്‍പ്പിടുത്തം- വീഡിയോ വൈറല്‍ ആകുന്നു

ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വൈറല്‍ ആയ ഒരു വീഡിയോ ഉണ്ട്. ഒരു പള്ളിയിലെ ക്രിസ്മസ് അവതരണം. നടത്തുന്നത് ചെറിയ കുട്ടികള്‍.  യൌസേപ്പ്പിതാവും മാതാവും ഇടയരും ആടും എല്ലാം കൊച്ചുകുട്ടികള്‍. അപ്പോള്‍ ‘ആട്’ ആയി അഭിനയിച്ച കൊച്ചുകുട്ടി ഉണ്ണിശോയെ എടുത്തുകൊണ്ട് പോകുന്നു. മാതാവ്‌ പിന്നാലെ വന്ന് ഉണ്ണിശോയെ ‘ആടിന്റെ’ കൈയില്‍ നിന്നും രക്ഷപെടുത്തുന്നു. ‘ആട്’ പിന്നെയും ഉണ്ണിശോയെ എടുത്തുകൊണ്ട് പോകുന്നു. പിന്നെ കുട്ടികളുടെ മല്‍പ്പിടുത്തം! ഒടുവില്‍ രണ്ടുപേരും താഴെ വീഴുന്നു. ഇതെല്ലാം കണ്ട് പള്ളിയിലെ ആളുകളുടെ പൊട്ടിച്ചിരി. ഇതാണ് ഈ ദിവസങ്ങളില്‍  വൈറല്‍ ആയ വീഡിയോ.

ഇതിന്റെ ഉറവിടം തേടി ലൈഫ് ഡേ നടത്തിയ അന്വേഷണം ചെന്നെത്തിയത് രസകരമായ സംഭവത്തിലേക്കാണ്. ടെന്നസിയിലെ ബാപ്റ്റിസ്റ്റ് പള്ളിയിലാണ്  രസകരമായ ഈ സംഭവം അരങ്ങേറിയത്. ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായി ഈശോയുടെ ജനന രംഗത്തെ അവതരിപ്പിച്ചു കൊണ്ട് കൊച്ചു കുട്ടികൾ നിൽക്കുന്നു. അതിൽ ആടിന്റെ വേഷം ചെയ്തത് രണ്ടു  വയസുകാരിയായ റ്റീഗൻ ബെൻസൺ എന്ന കുട്ടിയാണ്. ക്രിസ്തുമസ് ഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച രംഗത്തിൽ രസം പിടിച്ച ‘കുഞ്ഞാടിന്’ ഉണ്ണിയീശോയെ എടുക്കണം എന്നൊരു മോഹം. താൻ ‘ആടാ’ണെന്നോ അഭിനയിക്കുകയാണെന്നോ ഒന്നും  ആ രണ്ടു വയസുകാരി ഓര്‍ത്തില്ല.

മറ്റൊന്നും ചിന്തിക്കാതെ പുൽക്കൂട്ടിൽ കിടന്ന ഉണ്ണിയീശോയെ എടുത്തുകൊണ്ട് വേദിയുടെ മുന്നിലേയ്ക്ക് ഓടിയെത്തി. ഈശോയുടെ കൈകളിൽ പിടിച്ചു നൃത്തം ആരംഭിച്ചു. ഇതുകണ്ട മാതാവ് ഓടിവന്നു. ആടിന്റെ കൈയിൽ നിന്നും ഉണ്ണിയീശോയെ രക്ഷിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. കഷ്ടപ്പെട്ട് ഉണ്ണിശോയെ ആടിന്റെ കൈയിൽ നിന്നും വാങ്ങി തിരിച്ചു നടക്കുന്ന മാതാവിനെ ഇടയന്‍ വീണ്ടും പിടിത്തമിട്ടപ്പോൾ  ആടും മാതാവും കൂടെ നിലം പൊത്തി.

മാതാവും ആടും കൂടെ ഉണ്ണിയീശോയ്ക്കായി നടത്തിയ മൽപ്പിടിത്തം പള്ളിക്കുള്ളിൽ നിറഞ്ഞിരുന്ന ആളുകളെ ചിരിയിലാഴ്ത്തി. ഒടുവിൽ റ്റീഗന്റെ അമ്മ അവളെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. ഉണ്ണിയീശോയെ സ്വാതന്ത്രമാക്കിയ സന്തോഷത്തിൽ മാതാവ് പുൽകൂട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

മൂന്ന് വയസുകാരിയായ ഒരു കുട്ടിയാണ് മാതാവിനെ അവതരിപ്പിച്ചത്. ആടിന്റെ പരിപാടി മാതാവിന് അത്ര ഇഷ്ടപ്പെട്ടില്ല. ഉണ്ണിയീശോയെ തൊടാന്‍ ആര്‍ക്കും അനുവാദം ഇല്ലായിരുന്നുവെന്ന് അവള്‍ പ്രോഗ്രാമിനു ശേഷം എല്ലാവരോടും പറയുകയും ചെയ്തു.

ഒന്നര മില്യൺ ആളുകളെ ചിരിപ്പിച്ച ഈ ദൃശ്യം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് റ്റീഗന്റെ അമ്മയായ ടാനായാണ്. പുൽക്കൂട്ടിൽ ആടായി അഭിനയിച്ച റ്റീഗന് ഉണ്ണിയീശോയോടൊപ്പം ഡാൻസ് ചെയ്യുന്നതിനേക്കാൾ ആ ഉണ്ണിയീശോയെ  വേണം എന്ന ആഗ്രഹമായിരുന്നു എന്ന് അമ്മ പറയുന്നു. പുൽക്കൂട്ടിൽ അഭിനയിക്കുന്നതിനായുള്ള ഒരുക്കത്തിന് ഒരാഴ്ച മുൻപുതന്നെ റ്റിഗൻ ഉണ്ണിയീശോയെ സ്വന്തമാക്കുന്നതിനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു എന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു.

ഈ വീഡിയോ വൈറലായതോടെ റ്റീഗൻ ശ്രദ്ധാകേന്ദ്രമാകുകയും അനേകരെ ചിരിപ്പിച്ചു കൊണ്ട് അവളുടെ ഊർജ്ജം പ്രകടമാക്കിയതായും റ്റീഗന്റെ അമ്മ അഭിപ്രായപ്പെട്ടു. ഈ ക്രിസ്തുമസ് കാലത്തു ഈ വീഡിയോയിലൂടെ പുതിയൊരു വെളിച്ചം സമൂഹത്തിലേക്കു വീശാൻ കഴിയുന്നതിൽ സന്തോഷം അറിയിച്ച ടാനാ തന്റെ മകളുടെ നിഷ്കളങ്കമായ പ്രവർത്തിയിലൂടെ  ക്രിസ്തുമസിന്റെ കേന്ദ്രവും  ആനന്ദവും  ക്രിസ്തുവാണെന്നും ക്രിസ്തുവിനോടൊപ്പം ആയിരിക്കണം ഓരോ ക്രിസ്തുമസ് എന്നും  എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.

1.5 മില്യൺ ആളുകൾ കാണുകയും 57,000  ഷെയർ ലഭിക്കുകയും ചെയ്ത ഈ ദൃശ്യം ക്രിസ്തുമസിന്റെ സന്ദേശം നിഷ്കളങ്കമായ രീതിയിൽ ലോകമെമ്പാടും പകരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.