പെൺകുഞ്ഞുങ്ങൾക്ക് നൽകാവുന്ന വിശുദ്ധരുടെ പേരുകൾ 

എന്റെ കുഞ്ഞിന് എന്ത് പേര് നൽകും ? കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ പല മാതാപിതാക്കളുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമാണ് ഇത്. അർത്ഥ പൂർണ്ണവും പ്രചോദനപരവുമായ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകുവാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. പലപ്പോഴും ധാരാളം വിശുദ്ധന്മാരുടെ പേരുകൾക്കിടയിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് മാതാപിതാക്കൾക്ക് സംശയം ഉണ്ടാകാറും ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കളെ സഹായിക്കാൻ പെൺകുട്ടികൾക്ക് ഇടാവുന്ന ഏതാനും വിശുദ്ധരുടെ പേരുകൾ ഇതാ:

1 . ഫൗസ്റ്റീന

ദൈവ കരുണയുടെ അപ്പസ്തോല എന്നറിയപ്പെടുന്ന വിശുദ്ധയാണ് വിശുദ്ധ ഫൗസ്റ്റീന. ഭാഗ്യമുള്ളവൾ, കരുണയുള്ളവൾ തുടങ്ങിയവയാണ് അർത്ഥം. പെൺകുട്ടികൾക്ക് ഇടാവുന്ന ഉചിതമായ ഒരു പേരാണ് ഇത്. ഇത് അവരുടെ സ്വഭാവത്തെ തന്നെ കരുണയുള്ളതാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓർമിപ്പിക്കും.

2 . മരിയാനെ

മരിയാനെ എന്ന പേരിന്റെ അർഥം ‘കൃപ നിറഞ്ഞവൾ’ എന്നാണ്. മരിയ, മറിയം തുടങ്ങിയ പേരുകളുടെ മറ്റൊരു രൂപമായ ഈ പേര് പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കുന്ന ഒന്നാണ്. ഈ നാമം നൽകുന്ന കുഞ്ഞുങ്ങളെ മാതാവിനോട് ചേർത്തു നിർത്തി വളർത്തുവാൻ ശ്രമിക്കാം.

3 . ചിയാര 

ചിയാര എന്ന പേരിന് അർഥം ‘പ്രകാശം’ എന്നാണ്. ജീവിതത്തിൽ വെളിച്ചം പകരുവാനുള്ള പെൺകുട്ടികളുടെ ദൗത്യത്തെ ഓർമിപ്പിക്കുന്ന ഈ പേര് വളരെ മനോഹരമായ ഒന്നാണ്. ഒപ്പം തന്നെ ക്യാൻസർ എന്ന രോഗത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു കൊണ്ട്, തന്റെ വേദനകൾക്കിടയിലും ഒരു സമൂഹത്തിൽ മുഴുവൻ പ്രകാശം പരത്തിയ ഒരു വാഴ്ത്തപ്പെട്ടവളുടെ ജീവിതവും ഈ പേരിനു പിന്നിൽ ഉണ്ട്. ചിയാരെ ലൂക്ക ബടാനോ. ഈ വിശുദ്ധമായ ജീവിതത്തെ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്താം.

4 . ഈഡിത്ത്

സന്തോഷം നിറഞ്ഞവൾ എന്ന അർഥം വരുന്ന പേരാണ് ഈഡിത്ത്. ഈ പേര് എത്തി നിൽക്കുന്നത് ഈഡിത്ത് സ്റ്റെയിൻ എന്ന വിശുദ്ധയിലാണ്. ഒരു സാധാരണ കർമ്മലീത്താ കന്യാസ്ത്രിയായിരുന്ന ഈ വിശുദ്ധ തന്റെ ജീവിതം മുഴുവൻ ക്രിസ്തുവിനു ഭരമേല്പിച്ചിരുന്നു. ആഴമായ ആത്മീയ ജീവിതം നയിച്ചിരുന്ന ഈ വിശുദ്ധയെ പോലെ കുഞ്ഞുങ്ങൾ ദൈവവുമായി ചേർന്നു നിൽക്കുവാൻ ഈ നാമം കാരണമാകട്ടെ.

5 . ജിയെന്നാ

ജിയെന്നാ പുണ്യവതിയെ അറിയാത്തവർ വിരളമായിരിക്കും. തന്റെ കുഞ്ഞിനെ ലോകത്തിലേയ്ക്ക് എത്തിക്കുവാനായി സ്വന്തം ജീവിതം ബലികൊടുത്ത ‘അമ്മ. ഇന്ന് കുടുംബങ്ങളുടെയും ഗർഭിണികളുടെയും മധ്യസ്ഥയായ വിശുദ്ധ. ജിയെന്ന എന്ന പേരിന് അർഥം ‘ദൈവം കൃപ നിറഞ്ഞവൻ’ എന്നാണ്. കൃപയുടെ സ്രോതസ്സായ ദൈവത്തിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുവാൻ ഈ പേര് കുഞ്ഞുങ്ങളെ സഹായിക്കട്ടെ.

6 . കാതറീന

ശുദ്ധമായ, പരിശുദ്ധിയുള്ള തുടങ്ങിയ അർഥങ്ങൾ വരുന്ന പേരാണ് ഇത്. രക്തസാക്ഷിയായ കാതറീന പുണ്യവതിയുടെ ജീവിതത്തെ കുറിച്ച് അറിയുവാനും വിശ്വാസത്തിൽ ആഴമായി നിലകൊള്ളുവാനും ഈ പേര് കുഞ്ഞുങ്ങൾക്കു നൽകുന്നതിലൂടെ സാധിക്കട്ടെ.

7 . ജോസഫൈൻ

ദൈവം കൂട്ടിച്ചേർക്കും, ദൈവം വർദ്ധിപ്പിക്കും തുടങ്ങിയവയാണ് ജോസഫൈൻ എന്ന പേരിനു അർഥം. അടിമത്വത്തിലും ദൈവത്തിന്റെ ഹിതം ആരാഞ്ഞ വിശുദ്ധ ജോസഫൈൻ ബാക്കീത്തയുടെ ജീവിതം കുഞ്ഞുങ്ങൾക്ക് ഒരു പ്രചോദനമായി തീരട്ടെ.  ദൈവം എല്ലാം നൽകും എന്ന പ്രത്യാശയിലേയ്ക്ക് വളരുവാൻ ഈ പേര് കുഞ്ഞുങ്ങളെ സഹായിക്കട്ടെ.