കണ്ണുനിറഞ്ഞ് നൈഗമോള്‍ പാടി, വൈഗമോള്‍ക്കായി; ഇത് പ്രാര്‍ത്ഥനയായി മാറിയ സംഗീതം

മിഴി നിറഞ്ഞു മനം മുറിഞ്ഞു… എന്ന ഗാനത്തിലൂടെ അനേകം മനസുകളിലേയ്ക്ക് കടന്നെത്തിയ വൈഗയും നൈഗയും. ജീവിതം പ്രാർത്ഥനയായി മാറിയ, മരണത്തെ മുന്നിൽക്കണ്ട ആ നിമിഷങ്ങളിൽ അവർക്ക് കരുത്തായി നിന്ന അനേകർക്ക്‌ നന്ദി പറഞ്ഞുകൊണ്ട് അനേകരെ കണ്ണീരിലാഴ്ത്തിയുടെ ഈ അത്ഭുതശിശുക്കൾ ഇന്ന് എത്തുകയാണ് കോമഡി ഉത്സവവേദിയയെ കീഴടക്കാൻ. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് ഈ കുഞ്ഞുമാലാഖമാരുടെ ആലാപനം നമുക്കും കേൾക്കാം. ഇന്ന് ഫ്ളവേഴ്സ് ടിവി യിലെ കോമഡി ഉത്സവത്തിലൂടെ… മറക്കാതെ കാണാം.

മിഴി നിറഞ്ഞു മനം ഉരുകി തളര്‍ന്നുവീണു ഞാന്‍… മലയാളികളെ ഏറെ ചിന്തിപ്പിച്ച, കരയിപ്പിച്ച ഒരു ഗാനം. ഈ ഗാനം വീണ്ടും ആലപിച്ചുകൊണ്ട് മലയാളികളുടെ മനസ്സില്‍ ജീവിതാനുഭവങ്ങളുടെ കനല്‍ നിറയ്ക്കുകയാണ് നൈഗമോള്‍. ആ ഒന്‍പതു വയസുകാരിയുടെ പാട്ട് ചെന്നവസാനിക്കുന്നത് ജീവിതത്തില്‍ അവര്‍ താണ്ടിയ സങ്കടക്കടലിനു മുന്നിലാണ്.

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായ നൈഗമോളുടെ സംഗീതം ഒരു ശരാശരി ക്രൈസ്തവകുടുംബത്തിന്റെ അതിജീവനത്തിന്റെ സാക്ഷ്യമാണ്. ദൈവം അനുവദിച്ച വേദനയുടെ നിമിഷങ്ങളില്‍ ദൈവത്തില്‍ മാത്രം പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞ്, ജീവിതത്തിലേയ്ക്ക് തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിച്ച മാതാപിതാക്കളുടെ വിശ്വാസ സാക്ഷ്യം. കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ തനിക്ക് ലഭിക്കേണ്ട എല്ലാ സന്തോഷങ്ങളും മാറ്റിവച്ച് മരണത്തോട് മല്ലടിച്ച സഹോദരിക്ക് ഒപ്പമായ ഒരു ആറു വയസുകാരിയുടെ ത്യാഗത്തിന്റെ സാക്ഷ്യം. ഈ സാക്ഷ്യം ലോകം മുഴുവനുമുള്ള അനേകര്‍ക്കു മുന്നില്‍ എത്തിക്കുന്നതിനായി അവര്‍ കണ്ടെത്തിയ ജീവിതഗന്ധിയായ സംഗീതമായിരുന്നു നൈഗമോള്‍ ആലപിച്ച ഗാനം.

ദൈവത്തില്‍ പൂര്‍ണ്ണമായും പ്രത്യാശ വച്ച ആ നിമിഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പംചേരുകയാണ് വൈഗമോളുടെയും നൈഗമോളുടെയും പിതാവ് സനു സിദ്ധാര്‍ത്ഥ്.

ദൈവം അനുഗ്രഹമായി നല്‍കിയ മാലാഖക്കുഞ്ഞുങ്ങള്‍

ന്യൂസിലാന്‍ഡിലെ പട്ടണമായ ഓക്ലന്‍ഡില്‍ താമസിക്കുന്ന സനു സിദ്ധാര്‍ത്ഥ് – ഷോഗ ദമ്പതികളുടെ ജീവിതത്തില്‍ അതിരില്ലാത്ത സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നിമിഷങ്ങളുമായാണ് ആ ഇരട്ടക്കുട്ടികള്‍ കടന്നുവന്നത്. രണ്ടു മിനിറ്റ് വ്യത്യാസത്തില്‍ പിറന്നുവീണ ഇരട്ടക്കുട്ടികള്‍ക്ക് നൈഗയെന്നും വൈഗയെന്നും അവര്‍ പേരുനല്‍കി. പേരുപോലെ തന്നെ തങ്ങളായിരിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ ശ്രദ്ധാകേന്ദ്രങ്ങളായി. ഒരേപോലെ വസ്ത്രം ധരിച്ച് കുറുമ്പ് കാട്ടി നടന്ന ആ വികൃതിക്കുട്ടികള്‍ എല്ലാവരുടെയും ഓമനകളായിരുന്നു. അങ്ങനെ സുന്ദരമായി മുന്നോട്ടുപോയ ജീവിതത്തിനിടയിലേയ്ക്കാണ് ഇരുള്‍പടര്‍ത്തി ഒരു പനി വരുന്നത്.

പനി തളര്‍ത്തിയ ബാല്യം

2016 ഓഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതിയാണ് കുഞ്ഞുവൈഗയ്ക്ക് പനി കലശലാകുന്നത്. വൈഗയെയും കൂട്ടി ആശുപത്രിയില്‍ എത്തിയപ്പോള്‍ പനിക്കുള്ള മരുന്ന് നല്‍കി അവര്‍ മടക്കി. കുഴപ്പമില്ല, വേഗം മാറും എന്ന് ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പിന്മേല്‍ കുഞ്ഞിനെയുമായി വീട്ടിലേയ്ക്ക് മടങ്ങിയ ആ അമ്മ ഒരിക്കലും കരുതിയിരുന്നില്ല ഇനി താണ്ടാന്‍ മുന്നിലുള്ളത് നീണ്ട ഒരു സങ്കടക്കടലാണെന്നത്. അന്നു രാത്രി, കുഞ്ഞ് പതിവില്ലാതെ അച്ഛന്റെയും അമ്മയുടെയും ഇടയില്‍ വന്നുകിടന്നു. നല്ല പനി. മരുന്ന് കഴിക്കാനായി വാ തുറന്ന കുഞ്ഞിന്റെ ചുണ്ടുകള്‍ കോടുന്നതാണ് പിന്നെ അവര്‍ കണ്ടത്. കുഞ്ഞിനേയും എടുത്തുകൊണ്ട് ആശുപത്രിയിലേയ്ക്ക്. ആ ഓട്ടം അവസാനിക്കുന്നത് നാലു മാസങ്ങള്‍ക്കു ശേഷമാണെന്ന് സനു പറയുന്നു.

കുഞ്ഞിനെ നേരെ കയറ്റിയത് ഐസിയു-വിലേയ്ക്കാണ്. ന്യുമോണിയ തലച്ചോറിനെ ബാധിച്ചതിനെത്തുടര്‍ണ്ടായ സ്‌ട്രോക്കില്‍ കുഞ്ഞുവൈഗ തളര്‍ന്നു. പിന്നീടങ്ങോട്ട് എല്ലാം കയ്യില്‍ നിന്ന് പോകുന്ന അവസ്ഥ. ഐസിയു-വില്‍ നിന്ന് വെന്റിലേറ്ററിലേയ്ക്ക്. ഓരോ കോശങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ. ഒടുവില്‍ കുട്ടിയുടെ തലച്ചോറ് തുറന്ന് ശസ്ത്രക്രിയ നടത്തി.

കുഞ്ഞിന് ബ്രയിന്‍ ഡെത്ത് സംഭവിച്ചു എന്ന വാര്‍ത്ത ഡോക്ടര്‍മാരില്‍ നിന്നും കേട്ടപ്പോള്‍ ആ മാതാപിതാക്കള്‍ ശരിക്കും തളര്‍ന്നു. എങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ടില്ല. കുഞ്ഞിന്റെ ശരീരത്തിലെ ഉപകരണങ്ങള്‍ നീക്കം ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട, നിങ്ങള്‍ക്ക് പറ്റുന്ന എല്ലാ ചികിത്സകളും നല്‍കുക അവള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരും എന്ന് പറഞ്ഞ എന്നെ നോക്കി ഒരുപക്ഷെ, ഇവന് വട്ടാണോ എന്നുപോലും ആ ഡോക്ടര്‍മാര്‍ ചിന്തിച്ചിട്ടുണ്ടാകും എന്ന് ആ അച്ഛന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലൂടെ അന്ന് കടന്നുപോയ നിമിഷങ്ങള്‍ ഒരു ഫിലിമിലേതു പോലെ മിന്നിമറയുകയായിരുന്നു.

അവരുടെ ആ പ്രാര്‍ത്ഥനയ്ക്ക്, ഉറച്ച വിശ്വാസത്തിന്, ഉത്തരമാണ് ഓപ്പണ്‍ സ്‌കള്‍ സര്‍ജറിയിലൂടെ ജീവിതത്തിന്റെ പച്ചത്തുരുത്തിലേയ്ക്ക് കടന്നുവന്ന വൈഗമോള്‍.

വേദനയുടെ നിമിഷങ്ങളില്‍ തണലായ ദൈവം

ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കാവുന്നതിലേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയ കുടുംബം. കുഞ്ഞ് മരണത്തോട് മല്ലടിക്കുന്ന നേരത്തും ആ വെന്റിലേറ്ററില്‍ കുഞ്ഞിന്റെ ഇരുവശത്തും ഇരുന്ന് നിലവിളിച്ചു പ്രാര്‍ത്ഥിച്ചു ആ മാതാപിതാക്കള്‍. ഉറങ്ങാതെ കുഞ്ഞിന് ഇരുവശവും ഇരുന്ന് പ്രാര്‍ത്ഥനയില്‍ അവള്‍ക്ക് ബലം നല്‍കുകയായിരുന്നു അവര്‍. ഒപ്പം കുഞ്ഞുനൈഗയും. ആ വേദനയുടെ നിമിഷങ്ങളില്‍ തളരാതെ, തകരാതെ അവരെ സഹായിക്കുവാനായി ദൈവം അവര്‍ക്ക് ഒരു മാലാഖയെ അയച്ചു. ഫാ. ജോബിന്‍. പ്രതീക്ഷയൊന്നും വേണ്ട, ബ്രയിന്‍ ഡെത്ത് സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഓരോ നിമിഷങ്ങളിലും കുഞ്ഞിന്റെ കിടക്കയ്ക്കരികില്‍ മുട്ടുകുത്തി നിന്ന് കരഞ്ഞു നിലവിളിച്ചു പ്രാര്‍ത്ഥിച്ച ജോബിനച്ചന്‍ തങ്ങളുടെ വിശ്വാസത്തെക്കൂടെ ഉറപ്പിക്കുകയായിരുന്നു എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.

ഒരു പ്രതീക്ഷയും ഇല്ല എന്ന് ഓരോ പ്രാവശ്യവും ഡോക്ടര്‍മാര്‍ പറയുമ്പോഴും വൈഗമോള്‍ ജീവിതത്തിലേക്ക് തിരികെവരും എന്ന ഒരു ഉറപ്പും വിശ്വാസവും ഈ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു. കാരണം, തങ്ങളുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായുള്ള തങ്ങളുടെ പ്രാര്‍ത്ഥന, അവള്‍ക്കുവേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന അനേകരുടെ പ്രാര്‍ത്ഥന, അത് ദൈവം ഒരിക്കലും തള്ളിക്കളയുകയില്ല എന്ന് ഇവര്‍ക്ക് പൂര്‍ണ്ണമായ വിശ്വാസം ആയിരുന്നു.

വൈഗമോള്‍ക്ക് കൂട്ടായി നൈഗമോളും

വെറും ആറു വയസ്സ്. കുഞ്ഞുങ്ങളുടേതായ എല്ലാ പിടിവാശികളും ഉണ്ടാകുന്ന സമയം. എന്നാല്‍, ഈ സമയമൊക്കെ അതെല്ലാം മാറ്റിവച്ച് വൈഗമോള്‍ക്കൊപ്പം നൈഗമോളും ഉണ്ടായിരുന്നു. ‘ആ ഒരു നാലു മാസം നൈഗയെ ഞങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ പോലും പറ്റിയിരുന്നില്ല. എങ്കിലും ആ സാഹചര്യങ്ങള്‍ മനസിലാക്കി അവള്‍ ഞങ്ങള്‍ക്കൊപ്പം ആയിരുന്നു’ സനു പറയുന്നു. അവള്‍ വൈഗയ്‌ക്കൊപ്പം ആ ബെഡില്‍ തന്നെ ഉണ്ടായിരുന്നു. കൂടെക്കിടന്നും കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടി കേള്‍പ്പിച്ചും ഒക്കെ.

വൈഗയുടെ ഈ അവസ്ഥയില്‍ നൈഗ ഒരിക്കല്‍പ്പോലും കരയുന്നതായി കണ്ടില്ല. വൈഗയ്ക്ക് മുന്നില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി പകര്‍ന്ന നൈഗയെയാണ് ഞങ്ങള്‍ കണ്ടത്. ഇവള്‍ക്ക് സങ്കടമില്ലേ എന്നുപോലും ഇടയ്ക്ക് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ ആ കുഞ്ഞുകുട്ടിയില്‍ നിന്നുണ്ടായ പക്വമായ തീരുമാനങ്ങളായിരുന്നു എന്ന് പിന്നീടാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത് എന്ന് സനു പറയുന്നു.

വൈഗമോളുടെ ശാസ്ത്രക്രിയയ്ക്കു ശേഷം മുടി നഷ്ടപ്പെട്ടപ്പോള്‍ കുഞ്ഞുനൈഗയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്തു. അവര്‍ തമ്മില്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു ബോണ്ട് ഉണ്ടായിരുന്നു എന്ന് ഇരുവരുടെയും അച്ഛന്‍ പറയുന്നു. അത് വെളിപ്പെട്ടത് രണ്ടു സംഭവങ്ങളിലായായിരുന്നു. വൈഗയ്ക്ക് അസുഖം കൂടുതലായി എന്ന് പറയുന്നതിനു തൊട്ടുമുന്‍പുള്ള സമയം. നൈഗ ഒരു കാരണവും ഇല്ലാതെ ശര്‍ദ്ദിക്കുകയാണ്. ഭയങ്കര ശര്‍ദ്ദില്‍. ആ ഒരു സമയത്ത് തന്നെയാണ് വൈഗമോളുടെ അവസ്ഥ അതീവ ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

മറ്റൊരിക്കല്‍ രാത്രിയില്‍ നൈഗ എഴുന്നേറ്റ് ഭയങ്കര കരച്ചില്‍. ഏകദേശം ഒരു രണ്ടുമണി സമയത്തായിരിക്കും അത്. കാരണം അന്വേഷിച്ച അച്ഛനോട് അവള്‍ പറഞ്ഞു ‘വൈഗ ഈസ് റിക്കവറിംഗ്.’ പിന്നീട് ഡോക്ടര്‍മാരാണ് പറഞ്ഞത് ഏകദേശം ആ ഒരു സമയം തന്നെ കുഞ്ഞില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്ന്. വൈഗയുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായിരുന്നു. ഇന്ന് വൈഗയെ ‘മിറാക്കിള്‍ ബേബി’ എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്.

വേദനയുടെ ആ നിമിഷങ്ങളെ തരണം ചെയ്ത്, ദൈവത്തിന്റെ കരംപിടിച്ച്, ഇന്ന് ഈ കുരുന്നുകള്‍ ജീവിതത്തിലേക്ക് മടങ്ങുകയാണ്.

മിഴി നിറഞ്ഞു ഗാനത്തിലേയ്ക്ക്

കുഞ്ഞുവൈഗ ജീവിതത്തിലേയ്ക്ക് പിച്ചവയ്ക്കുവാന്‍ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മ ഷോഗ ‘മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍…’ എന്ന പാട്ട് കേള്‍ക്കുവാന്‍ ഇടയായത്. ആ കണ്ണുകള്‍ നിറഞ്ഞു. കാരണം അത് തങ്ങള്‍ക്കായി എഴുതിയ, തങ്ങളുടെ ജീവിതത്തിന്റെ പ്രതിഫലനം പോലെ അവര്‍ക്ക് തോന്നി. നൈഗ നന്നായി പാടും. ഈ പാട്ട് അവളെക്കൊണ്ട് പാടിച്ചാല്‍ നന്നായിരിക്കും എന്ന് അവര്‍ക്ക് തോന്നി. അങ്ങനെ ഈ പാട്ട് സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു.

വൈഗമോള്‍ കടന്നുപോയ ഓരോ ഘട്ടങ്ങളുടെയും ചിത്രങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി. ആ വീഡിയോ കണ്ട സംഗീതസംവിധായകന്‍ ജോര്‍ജ്ജ് മാത്യു ചിറയത്തും രചയിതാവ് ഗോഡ്വിന്‍ വിക്ടര്‍ കടവത്തും ആണ് ഈ കുഞ്ഞുങ്ങളുടെ സ്നേഹം ലോകം മുഴുവന്‍ അറിയണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. സനുവിന്റെ സുഹൃത്തായ അനവിന്‍ കൊല്ലമ്പറമ്പില്‍ ആണ് ഈ വീഡിയോയ്ക്കായി ക്യാമറ ചലിപ്പിച്ചത്. അങ്ങനെ ആ പാട്ട് പുറത്തിറക്കി. അവരുടെ ആ സ്നേഹം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ളവര്‍ ഏറ്റെടുത്തു.

കണ്ണുനിറഞ്ഞുള്ള നൈഗമോളുടെ ആ പാട്ട് ഒരു പ്രാര്‍ത്ഥനയാണ്. തന്റെ സഹോദരിക്കായുള്ള നൈഗമോളുടെ പ്രാര്‍ത്ഥന. ഈ പാട്ടിലൂടെ ആ കുടുംബം തങ്ങളുടെ കുഞ്ഞിനായി ദൈവത്തിനു മുന്നില്‍ കൈകള്‍ ഉയര്‍ത്തിയ, കണ്ണീര്‍ വീഴ്ത്തിയ അനേകം ആളുകളോടുള്ള നന്ദി വെളിപ്പെടുത്തുക കൂടിയാണ്. ഒപ്പം പ്രാര്‍ത്ഥനാ യാചനയും.

ഈ പാട്ടില്‍ ഒരു വരിയുണ്ട്. ഇരുളു മൂടും വഴികളേറെ കടന്നുപോകണം… ശരിയാണ് ഇനിയും താണ്ടാന്‍ സഹനങ്ങള്‍ ഏറെയാണ്. കുഞ്ഞുവൈഗ മരണത്തോട് മല്ലടിച്ചു ജീവിതത്തിലേയ്ക്ക് എത്തിയെങ്കിലും ഇനിയും ഒരുപാട് വെല്ലുവിളികള്‍ അവള്‍ക്ക് തരണം ചെയ്യാനുണ്ട്. തിരികെ വീട്ടിലെത്തിയ വൈഗമോള്‍ നിറങ്ങള്‍ പോലും മറന്നു. എഴുതിയതും വായിച്ചതും പഠിച്ചതുമൊക്കെ അവളുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞിരുന്നു. ഇനി ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥ. അവള്‍ സ്മൂത്തായി കൈകാര്യം ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ ചങ്ക് നീറുകയാണ് ഈ അപ്പനും അമ്മയ്ക്കും. എങ്കിലും ഒന്നേ പറയാനുള്ളൂ ഇവര്‍ക്ക് – ‘ദൈവം നടത്തും.’ പ്രാര്‍ത്ഥനയില്‍ മോളെ കൂടി ഓര്‍ക്കണം’. സനു പറഞ്ഞു നിര്‍ത്തി.

അപ്പോഴേയ്ക്കും നമ്മുടെ പാട്ടുകാരി അച്ഛന്റെ അടുത്തെത്തി. ഒറ്റയ്ക്കല്ല കൂടെ വൈഗയും. ഒരു പാട്ടുപാടാമോ. ചോദ്യം തീരുന്നതിനു മുന്‍പ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാട്ടെത്തി. ഈ പാട്ടിന്റെ ഡെഡിക്കേഷനും വൈഗമോള്‍ക്കു തന്നെ. വൈഗയെ ചേര്‍ത്തുനിര്‍ത്തി നൈഗ പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നൈഗക്കൊപ്പം വൈഗമോളും നിന്നു…

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.