പോലീസിന്റെ മുമ്പിൽ മുട്ടുകുത്താൻ ധൈര്യം നൽകിയത് ദിവ്യകാരുണ്യ ആരാധന: മുട്ടുകുത്തി യാചിച്ച സന്യാസിനി

മ്യാന്മാറിലെ സൈനിക അട്ടിമറിക്കുശേഷം പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായ അതിക്രമങ്ങൾ നടത്തിയ സൈന്യത്തിന്റെ മുമ്പിൽ മുട്ടുകുത്തി യാചിക്കുന്ന ഒരു സന്യാസിനിയുടെ ചിത്രം കുറച്ചുനാളുകൾക്ക് മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സൈന്യത്തിന്റെ മുമ്പിൽ മുട്ടുകുത്തി യാചിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകം ദിവ്യകാരുണ്യ ആരാധനയിൽ നിന്നുള്ള ശക്തിയായിരുന്നുവെന്ന് വെളിപ്പെടുത്തി സി. ആൻ റോസ് നു.

പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായപ്പോൾ അവരുടെ മുമ്പിൽ മുട്ടുകുത്താൻ പരിശുദ്ധാത്മാവ് തന്നെ പ്രേരിപ്പിച്ചതായും ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ആരാധന നടത്തിയതിൽ നിന്നാണ് തനിക്ക് അതിനുള്ള ശക്തി ലഭിച്ചതെന്നും സിസ്റ്റർ പറയുന്നു. മ്യാന്മാറിൽ നിന്നുള്ള വീഡിയോ കോൾ വഴിയാണ് റോമിലെ മാധ്യമപ്രവർത്തകരോട് സിസ്റ്റർ ഇക്കാര്യം വെളിപ്പെടുത്തിയത്. “മുട്ടുകുത്തി നിൽക്കുന്നത് അനുരഞ്ജനത്തിന്റെയും ശത്രുക്കളോട് ക്ഷമ ചോദിക്കുന്നുവെന്നതിന്റെ അടയാളമായും കാണുന്നു. മാർച്ച് എട്ടിന് രണ്ടാം തവണയാണ് പോലീസിനു മുന്നിൽ മുട്ടുകുത്തുന്നത്. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസം നീണ്ടുനിന്ന ആക്രമണത്തിൽ 800 -ലധികം ആളുകൾ കൊല്ലപ്പെട്ടു” – സിസ്റ്റർ കൂട്ടിച്ചേർത്തു.

മെയ് 13-ന് മ്യാന്മാറിൽ നിന്നുള്ള ഒരു വൈദികനും ഒരു വൈദികാർത്ഥിയും ബർമീസ് ഭാഷയിൽ സംസാരിച്ച സിസ്റ്ററിന്റെ അഭിമുഖം തത്സമയം വിവർത്തനം ചെയ്തു. തന്റെ രാജ്യത്തെ പ്രയാസകരമായ സമയത്ത് ധൈര്യപൂർവ്വം നിലനിർത്തുവാൻ സഹായിച്ചത് പ്രാർത്ഥനയാണെന്നും സിസ്റ്റർ പറയുന്നു. സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സേവ്യർ കോൺഗ്രിഗേഷനിലെ അംഗമാണ് സി. ആൻ റോസ്.

മാർച്ച് എട്ടിന് മൈറ്റ്കിന നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് അക്രമം നടത്തരുതെന്നു യാചിക്കുന്ന ഈ സന്യാസിനിയുടെ ചിത്രം ഫ്രാൻസിസ് പാപ്പായും ഏറ്റെടുത്തിരുന്നു. “ഞാനും മ്യാന്മാറിലെ തെരുവുകളിൽ മുട്ടുകുത്തി പറയുന്നു: അക്രമം നിർത്തുക; ഞാനും കൈകൾ നീട്ടി പറയുന്നു: സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാം” – ഫ്രാൻസിസ് മാർപാപ്പ മാർച്ച് 17-ന് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.