നക്ഷത്ര ലോകത്തേയ്ക്ക് ക്രിസ്മസ് ദിനത്തില്‍ യാത്രയായ ജീവന്റെ അമ്മ – സപ്ന ജോജു

 വിശുദ്ധ ജിയന്നയെ പോലെ ഒരമ്മ കേരളത്തിൽ നിന്ന്…

സ്വന്തം സുഖത്തിനായി മക്കളെ കൊല്ലുന്നവരുടെ നാട്ടിൽ ദൈവം തന്ന കുഞ്ഞ് മരിക്കാതിരിക്കാൻ സ്വയം മരണത്തിനു വിട്ടു കൊടുത്ത സപ്ന ജോജുവിന് ക്രിസ്മസ് ദിനത്തില്‍ കണ്ണീരോടെ വിട. ക്രിസ്തു ഇവളില്‍ പ്രതിബിംബിക്കുന്നു എന്നതിന് സംശയമില്ല. ഞങ്ങൾക്കായും പ്രാർത്ഥിക്കുക എന്ന് മാത്രമേ യാത്രാമംഗളങ്ങൾ നേര്‍ന്നുകൊണ്ട് പറയാനുള്ളൂ.

ആരാണ് സപ്ന ജോജു എന്ന് നമ്മള്‍ അറിയണം. ഡല്‍ഹി എയ്മ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നേഴ്സ്. ജോജുവിന്റെ ഭാര്യ. അതിലും ഉപരി, എട്ട് മക്കളുടെ അമ്മയാണ് സപ്ന. എട്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കവേ ക്യാൻസർ രോഗം തിരിച്ചറിഞ്ഞു. എന്നാൽ ക്യാൻസർ ചികിത്സക്കു വേണ്ടി ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാനുള്ള നിർദ്ദേശം സപ്ന നിരസിച്ചു. എനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ എന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് എന്നായിരുന്നു അവളുടെ നിലപാട്. അങ്ങനെ ആ കുഞ്ഞ് ജനിച്ചു.

പക്ഷേ, ഇന്ന് ഡിസംബര്‍ 25 –  രാവിലെ 7.30 – ന് അവള്‍ യാത്രയായി, തന്റെ 44- മത്തെ വയസ്സില്‍. സ്നേഹിക്കുന്നവനു വേണ്ടി മരിക്കാൻ തയാറാകുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അവളുടെ നാഥൻ അവളുടെ ഹൃദയത്തിൽ കുറിച്ചു വെച്ചിരുന്നത് അവൾ പൂർത്തിയാക്കി. സപ്ന, ഭർത്താവിനെയും 8 മക്കളെയും ജീവിക്കാൻ വിട്ടിട്ട് അവളുടെ വാഗ്ദത്ത നാട്ടിലേക്ക് യാത്രയായി.

യേശു ജനിച്ച അന്ന് തന്നെ സ്വര്‍ഗത്തില്‍ അവള്‍ പിറക്കുകയാണ്. ജീസസ് യൂത്ത് പ്രവര്‍ത്തകയ്‌ക്ക് ഇതിനേക്കാൾ നല്ലൊരു യാത്രയയപ്പു ദിനം കിട്ടാനില്ല. മരിക്കാനായി ജനിച്ച അവളുടെ കർത്താവിന്റെ ജനന തിരുനാൾ ആണല്ലോ ഇന്ന്!

ഈ രാത്രി ഗ്ലോറിയ പാടിയ മാലാഖമാരുടെ അകമ്പടി സ്വർഗ്ഗ യാത്രയിൽ അവൾക്കും കിട്ടിയിട്ടുണ്ടാകും.

അല്ലെങ്കിലും തങ്ങളുടെ കൂട്ടത്തിലൊരാൾ കുറച്ചു കാലത്തേക്ക് വഴിമാറി ഭൂമിയിൽ എത്തിയാൽ തിരികെ കൊണ്ടുപോകാൻ ആഘോഷത്തോടെ ആ മാലാഖമാർ എത്തണമല്ലോ.

ബിജു നിലമ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.