വി. കുരിശിന്‍റെ ആശ്രമം

ഫാ. ജസ്റ്റിന്‍ കഞ്ഞൂത്തറ mcbs

ഈശോയെ തറയ്ക്കാന്‍ ഉപയോഗിച്ച കുരിശുമരം വളര്‍ന്ന സ്ഥലത്തിലൂടെ ഫാ. ജസ്റ്റിന്‍ കഞ്ഞൂത്തറ എംസിബിഎസ് നടത്തുന്ന യാത്ര…

യേശുവിനെ തറച്ച കുരിശുമരത്തെക്കുറിച്ച് പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ഒരു ചരിത്രവിവരണമുണ്ട്. ഈ വിവരണമനുസരിച്ച് നിലകൊള്ളുന്ന വി. കുരിശിന്‍റെ ആശ്രമത്തെക്കുറിച്ചാണ് ഇന്നത്തെ കുറിപ്പ്. റെഹാവിയ താഴ്വരയില്‍ ആണ്, കുരിശിന്‍റെ താഴ്വര എന്ന പേരിലും ഈ സ്ഥലം അറിയപ്പെടും, വലിയ ഒരു കോട്ടയുടെ ശൈലിയില്‍ നിര്‍മ്മിതമായ ഈ ആശ്രമം കാണുക. പാരമ്പര്യമനുസരിച്ച് യേശുവിനെ തറയ്ക്കാനുള്ള കുരിശിനുള്ള വൃക്ഷം വളര്‍ന്നത് ഇവിടെയാണ്.

കുരിശുമരം വളര്‍ന്ന സ്ഥലം

ഉല്‍പത്തി ഗ്രന്ഥം 18-ാം അദ്ധ്യായത്തില്‍ മാമ്രേയുടെ ഓക്കുമരത്തിന് സമീപം മൂന്നു ദൈവദൂതര്‍ അബ്രാഹത്തെ സന്ദര്‍ശിക്കുന്ന ഭാഗമുണ്ട്. ഇതിനോട് ചേര്‍ന്നാണ് ഐതിഹ്യം രൂപപ്പെടുന്നത്. ദൈവദൂതര്‍ പോകുമ്പോള്‍ മൂന്ന് വൃക്ഷങ്ങളുടെ വിത്തുകള്‍ അബ്രാഹത്തിന് നല്‍കി. പൈന്‍, സൈപ്രസ്, കേദാര്‍ എന്നിവയായിരുന്നു ഇവ. അബ്രാഹം ഇവ മൂന്നൂം ഒരുമിച്ചു നട്ടു, അത് ഒരു മൂന്ന് ശിഖിരങ്ങളോട് കൂടിയ ഒരു വൃക്ഷമായി വളര്‍ന്നു വന്നു. അബ്രാഹവും ലോത്തും തമ്മില്‍ യാത്രപറയുമ്പോള്‍ ഈ വൃക്ഷത്തൈ ലോത്തിന് സമ്മാനിച്ചിട്ടാണ് പോയത്. ജോര്‍ദ്ദാനില്‍ നിന്ന് ജലം കൊണ്ടു വന്ന് ലോത്ത് ഇതിനെ നനച്ചു വളര്‍ത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം സോളമന്‍ രാജാവ് ദൈവാലയം പണിയുന്ന കാലത്ത് പലദേശങ്ങളിലേക്ക് മരം വെട്ടുകാരെ അയച്ചു. ജെറുസലേമിലും ചിലരെ അയച്ചു. അവര്‍ ഈ പ്രത്യേക തരം വൃക്ഷത്തെ കണ്ടു, ആകൃഷ്ടരായി ഇതിന്‍റെ ഏറ്റവും കാതല്‍ ഒരു ഭാഗം എടുത്തു കൊണ്ടു പോയി. അങ്ങനെ ഈ തടി ജെറൂസലേ നഗരത്തിന്‍റെ ഉള്ളിലെത്തി ലെബനനില്‍ നിന്നുള്ള കേദാര്‍ മരങ്ങളായിരുന്നു അദ്ദേഹത്തിനു പ്രിയം അതിനാല്‍ ഇത് ഒരു അരുവിയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ടു. മരത്തിന്‍റെ സവിശേഷതമൂലമാകണം ഇത് നശിച്ചില്ല. ഏറെക്കാലങ്ങള്‍ക്കുശേഷം യേശുവിനെ കുരിശില്‍ തറയ്ക്കാനുള്ള തടി അന്വേഷിച്ച് നടന്ന പടയാളികള്‍ ഇത് കണ്ടെത്തുകയും അവര്‍ ഇതിനെ കുരിശുമരമായി രൂപപ്പെടുത്തുകയും ചെയ്തു എന്നതാണ് കഥ.

പഴയകാലത്തെ വനപ്രദേശമായിരുന്നെങ്കിലും ഇന്ന് ഇവിടം ജെറുസലേമിലെ അതിപ്രധാന ഭാഗമാണ്. വടക്കു ഭാഗത്ത് ക്നെസെറ്റ് (ഇസ്രയേലി പാര്‍ലമെന്‍റ്), പടിഞ്ഞാറ് ഇസ്രയേല്‍ മ്യൂസിയം, എല്ലാം ഇതിന്‍റെ സമീപത്താണ്, തെക്കുകിഴക്കായി നാലുവരി ഹൈവേയും കടന്നു പോകുന്നുണ്ട്.

വലിയ ഭക്ഷണശാല

5-ാം നൂറ്റാണ്ടോടു കൂടിയാണ് ഈ ആശ്രമം നിര്‍മ്മിക്കപ്പെട്ടത്. 6-ാം നൂറ്റാണ്ടില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഇതിനെ നവീകരിച്ചു. 614 ഏഡി പേര്‍ഷ്യന്‍ ആക്രമണകാലത്ത് ആശ്രമത്തിന് നാശനഷ്ടങ്ങളുണ്ടായി. 796 ല്‍ അറബ് ആക്രമണകാലത്ത് ഇവിടെയുള്ള മുഴുവന്‍ സന്യാസികളെയും കൊലചെയ്യുകയുണ്ടായി. 11-ാം നൂറ്റാണ്ടില്‍ ജോര്‍ജ്ജിയയില്‍ നിന്നുള്ള സന്യാസികള്‍ ഇത് പുനര്‍നിര്‍മ്മിച്ചു. ഈ നൂറ്റാണ്ടില്‍ നിലവിലിരുന്ന ബൈസന്‍റിയന്‍ കെട്ടിടനിര്‍മ്മാണ ശൈലിയാണ് ദൈവാലയത്തില്‍ കാണാനാവുക. 13-ാം നൂറ്റാണ്ടില്‍ സുപ്രസിദ്ധ ജോര്‍ജ്ജിയന്‍ കവി ഷോത റുസ്തവേലി ഇവിടെ ജീവിച്ചിരുന്നു. 1685 ല്‍ വലിയ കടബാധ്യതമൂലം ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന് ഇവിടം കൈമാറ്റം ചെയ്യപ്പെട്ടു. ഇവിടുത്തെ പ്രസിദ്ധമായ വായനശാലയില്‍ ജോര്‍ജ്ജിയന്‍, ഗ്രീക്ക്, അര്‍മേനിയന്‍, അറബിക് ഭാഷകളിലുള്ള ഗ്രന്ഥങ്ങളുണ്ടായിരുന്നു. ബെര്‍ട്ടലെറ്റിന്‍റെ അഭിപ്രായപ്രകാരം ജോര്‍ജ്ജിയന്‍ സന്യാസികള്‍ ജെറുസലേമിനു നല്‍കിയിരിക്കുന്ന സംഭാവനകളുടെ ഏറ്റവും ഒടുവിലത്തേതെന്നു പറയുന്ന വിലപിടിപ്പുള്ള അവശേഷിപ്പാണ് ഈ ആശ്രമം.

മധ്യകാലഘട്ടത്തിലെ ഒരു കോട്ടയിലേക്ക് കയറുന്ന പ്രതീതിയായിരുന്നു എനിക്ക് ആശ്രമത്തില്‍ ആദ്യം അനുഭവപ്പെട്ടത്. പിന്നെ നഗരത്തിലെ തിരക്കിലും ഇത്രയും പ്രശാന്തതപകരുന്ന ഒരു ലോകം അത്ഭുതമായിത്തീര്‍ന്നു. ആദിമകാലത്തെ സന്യാസപാരമ്പര്യത്തിന്‍റെ വസതിയിലേക്കെന്നു മാത്രമല്ല, നമുക്കറിയാന്‍ സാധിക്കാത്ത കഥകളുടെയും സംഭവങ്ങളുടെയും സന്യാസികളുടെയും പുരാതനത്വം നിറഞ്ഞ ചരിത്രശരീരത്തിലേക്കുള്ള ഒരു പരകായപ്രവേശം കൂടിയാവുകയായിരുന്നു അവിടം.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ