മിഷന്‍ വചന വിചിന്തനം: ഒക്‌ടോബര്‍ 31, ലൂക്കാ 13: 31-35

യേശു ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്ത സാഹചര്യങ്ങള്‍ എത്ര അപകടവും ഭീഷണിയും നിറഞ്ഞതായിരുന്നുവെന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം.

ജയ്സൺ കുന്നേൽ

സ്‌നാപകയോഹന്നാനെ കൊല്ലാന്‍ ഹേറോദേസിന് യേശുവിനെയും വധിക്കണം. അതിന് അവസരം പാര്‍ത്തിരിക്കുകയാണ് ഹേറോദേസ്. അക്കാര്യം ഫരിസേയര്‍ യേശുവിനോട് മുന്‍കൂട്ടി തുറന്നുപറയുന്നു. ‘ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാന്‍ ഒരുങ്ങുന്നു’ (ലൂക്കാ 13:31). ചില അവസരങ്ങളില്‍ ഹേറോദേസിനോടു ചേര്‍ന്ന് യേശുവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്ന ഫരിസേയര്‍ (മര്‍ക്കോ. 3:6; 12:13) അവനോട് അതിനെപ്പറ്റി മുന്‍കൂട്ടി പറയുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ അവര്‍, യേശുവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവനെ മരണത്തില്‍ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നു. ഫരിസേയരുടെ മുന്നറിയിപ്പിനു മറുപടിയായി യേശു പറഞ്ഞ വാക്കുകള്‍, അവന്‍ എത്രമാത്രം ധീരനും അവന്റെ ദൗത്യത്തെപ്പറ്റി എത്ര വ്യക്തമായ കാഴ്ചപ്പാടുള്ളവനുമാണെന്ന് വെളിവാക്കുന്നു.

യേശു ഹേറോദേസിനെ ‘കുറുക്കന്‍’ എന്നാണ് വിളിക്കുന്നത്. ഭൂമിയില്‍ ദൈവരാജ്യം പ്രഘോഷിക്കാന്‍ യേശുവിന് രാഷ്ടീയാധികാരികളുടെ അനുവാദം ആവശ്യമില്ല. ഇന്നും നാളെയും താന്‍ പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യുമെന്നും മൂന്നാം ദിവസം തന്റെ ദൗത്യം പൂര്‍ത്തിയാക്കുമെന്നും യേശു അവര്‍ക്ക് സൂചന നല്‍കുന്നു. ദൈവരാജ്യം പ്രഘോഷിക്കാനുള്ള സ്വാതന്ത്ര്യം യേശുവിന് ലഭിക്കുന്നത് ഹേറോദേസില്‍ നിന്നല്ല. മറിച്ച്, ദൈവത്തില്‍ നിന്നാണെന്ന് യേശു തറപ്പിച്ചു പറയുകയാണിവിടെ.

ദൈവത്തെ എതിര്‍ക്കുന്നവരെ ഭയപ്പെടേണ്ട

യേശു ഹേറോദേസിനെ കുറുക്കന്‍ എന്നു വിളിക്കുന്നു. ഈ വിളിയിലൂടെ യേശു എന്താണ് അര്‍ത്ഥമാക്കുന്നത്. മൃഗങ്ങളില്‍ ഏറ്റവും കൗശലമുള്ള ജീവിയാണ് കുറുക്കന്‍. അതുപോലെ, അപകടകാരിയുമാണ്. രാത്രിയില്‍ പതുങ്ങിയിരുന്ന് ആക്രമിക്കുന്ന കുറുക്കന്‍, കൃഷിക്കാര്‍ക്കും ആട്ടിടയന്മാര്‍ക്കും ചെയ്യുന്ന ശല്യം വലുതാണ്. ഇവിടെ കുറുക്കന്‍ വിലയില്ലാത്തതിന്റെയും പരിഗണന അര്‍ഹിക്കാത്തതിന്റെയും നശീകരണത്തിന്റെയും പ്രതീകമാണ്. ഒരു സ്വേച്ഛാധിപതിയ്‌ക്കെതിരെ എഴുന്നേല്‍ക്കാനും അവനെ എതിര്‍ക്കുവാനും ഒരാള്‍ക്ക് അസാമാന്യ ധൈര്യം വേണം. തനിക്കു മുമ്പു വന്ന പ്രവാചകന്മാര്‍ക്കു വന്ന വിധിയാണ് തന്നെയും കാത്തിരിക്കുന്നതെന്ന് യേശുവിന് നല്ലതുപോലെ അറിയാം. അവന്‍ പൂര്‍ണ്ണസമ്മതത്തോടെ അവനെത്തന്നെ ഏല്‍പിച്ചുകൊടുക്കുക മാത്രമല്ല ചെയ്തത്. അവന്‍, തന്നെ പീഡിപ്പിച്ചവര്‍ക്കു വേണ്ടിയും, ദൈവത്തിന്റെ നാമം പ്രസംഗിച്ച പ്രവാചകരെ നിന്ദിച്ചവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പ്രേഷിതന്‍/ പ്രേഷിത എന്ന നിലയില്‍ ദൈവത്തിന്റെ സുവിശേഷത്തെ എതിര്‍ക്കുന്നവര്‍ക്കു വേണ്ടി ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം. ‘പ്രാര്‍ത്ഥന പ്രവര്‍ത്തനമായി പരിണമിക്കുന്നതാണ് പ്രേഷിത പ്രവര്‍ത്തനമെന്നും പ്രാര്‍ത്ഥനയില്ലാത്ത പ്രവര്‍ത്തനം വെറും സാമൂഹ്യപ്രവര്‍ത്തനം മാത്രമാണെന്നും’ പഠിപ്പിക്കുന്ന റോമിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണിയുടെ വാക്കുകള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്. ‘പാപത്തില്‍ നിന്ന് സ്വതന്ത്രരാക്കാനും പുതുജീവന്‍ നല്‍കുവാനും വന്ന യേശു.’

വിശുദ്ധനഗരവും ദൈവത്തിന്റെ ആലയവുമായ ജറുസലേമിനെക്കുറിച്ച് യേശുവിന് നല്ല പ്രതീക്ഷയുണ്ട്. എന്നാല്‍, ജറുസലേമിന് അവള്‍ വളരെ നാളായി പ്രതീക്ഷിച്ചിരുന്ന മിശിഹായോടുള്ള താത്പര്യം നഷ്ടപ്പെടുത്തുന്നു. യേശുവിന് ജറുസലേമിനോടുള്ള ആഗ്രഹം, ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ സംരക്ഷിക്കുന്നതു പോലെയാണ്. 91-ാം സങ്കീര്‍ത്തനത്തില്‍ ദൈവത്തിന്റെ സംരക്ഷണത്തെപ്പറ്റി ഇപ്രകാരം വായിക്കുന്നു: ‘തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയും ആയിരിക്കും’ (സങ്കീ.91:4). ജറുസലേമില്‍ താന്‍ ഒറ്റിക്കൊടുക്കലും തിരസ്‌കരണവും കുരിശുമരണവും അഭിമുഖീകരിക്കേണ്ടി വരും എന്നറിഞ്ഞിട്ടും യേശു ബോധപൂര്‍വ്വം ജറുസലേമിനെ നോക്കുന്നു. കുരിശിലെ മരണം വഴി യേശു ലോകത്തിന് രക്ഷയും വിജയവും നേടിത്തന്നു. അത് ജറുസലേമിലുള്ളവര്‍ക്കു മാത്രമോ യഹൂദര്‍ക്കു മാത്രമോ ആയിരുന്നില്ല. അവനെ രക്ഷകനും നാഥനുമായി അംഗീകരിച്ച എല്ലാവര്‍ക്കുമുള്ള സമ്മാനമായിരുന്നു.

ഹൃദയവാതില്‍ യേശുവിനായി തുറന്നു നല്‍കുക

‘ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും’ (യോഹ. 10:9). നമ്മളെ മക്കളായി സ്വീകരിച്ച് നമ്മോടൊപ്പം വസിക്കാന്‍ ആഗ്രഹിക്കുന്ന ദൈവപിതാവിനോട് നേരിട്ട് ബന്ധം സ്ഥാപിക്കാനായി യേശു നമുക്കായി ഒരു വാതില്‍ തുറന്നിട്ടിരിക്കുന്നു. നമ്മുടെ ഹൃദയവാതിലില്‍ അവന്‍ നിരന്തരം മുട്ടുന്നു (വെളി. 3:19). ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുത്തേയ്ക്കു ചെല്ലുകയും ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും (വെളി.3:20). ചുരുക്കത്തില്‍, വലിയ ആത്മബന്ധത്തിലേയ്ക്കു വരും എന്നു സാരം.
നമ്മുടെ ജീവിതത്തില്‍ യേശുവിന് വാസസ്ഥലമൊരുക്കാന്‍ നാം തയ്യാറാണോ?പ്രത്യാശിക്കുന്ന വിശ്വാസത്തിന്റെയും അചഞ്ചലമായ പ്രത്യാശയുടെയും അനശ്വരമായ സ്‌നേഹത്തിന്റെയും ദാതാവായ യേശുവിനെ ഹൃദയത്തില്‍ സ്വീകരിച്ചാല്‍ ഹൃദയത്തില്‍ എന്നും വസന്തമായിരിക്കും. അതാണ് ഒരു പ്രേഷിതന്റെ ഏറ്റവും വലിയ സമ്പത്തും.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍

അസാധാരണ മിഷന്‍ മാസം അവസാനിക്കുന്ന ദിവസം, യേശു പ്രേഷിതരെ നിര്‍വ്വചിക്കുന്നത് ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍’ എന്നാണ്. യേശുവിന്റെ നാമത്തില്‍ ലോകത്തില്‍ അനുഗ്രഹമാകാനുള്ള വിളിയാണ് പ്രേഷിതവിളി. അതില്‍ അഭിമാനിക്കണം; ആനന്ദിക്കണം. അതൊരു ഭാരം ചുമക്കലല്ല; സ്‌നേഹശുശ്രൂഷയാണ്. പ്രേഷിതശുശ്രൂഷയുടെ ത്രിവിധ മാനങ്ങളായ വചനസ്വീകരണം, വചനാധിഷ്ഠിത ജീവിതം, വചനത്തിന്റെ ആഘോഷം. ഇവ മൂന്നും ശിഷ്യന്‍ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുമ്പോള്‍ അവന്‍/ അവള്‍ അനുഗ്രഹീതയാകും. സുവിശേഷം പ്രസംഗിക്കുക എന്നത് സഭയുടെ ആദ്യത്തെയും നിരന്തരവുമായ പ്രവൃത്തിയാണ്.

സുവിശേഷത്തിന്റെ സൗന്ദര്യവും സന്തോഷവും നവീനതയും പ്രഘോഷിക്കുമ്പോള്‍, അത് പ്രത്യക്ഷമായാലും പരോക്ഷമായാലും മാനവജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും സ്പര്‍ശിക്കണമെന്ന ഫ്രാന്‍സീസ് പാപ്പയുടെ വാക്കുകളെ നമുക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.