മിഷന്‍ വചന വിചിന്തനം: ഒക്‌ടോബര്‍ 30, ലൂക്കാ 13: 22-30

ഗലീലിയയില്‍ നിന്ന് ജറുസലേമിലേയ്ക്കുള്ള യേശുവിന്റെ യാത്രാമധ്യേ നടക്കുന്ന ഒരു വിവരണമാണ് ഇന്നത്തെ സുവിശേഷ വിചിന്തനത്തിനായി സഭ നല്‍കിയിരിക്കുന്നത്.

ജയ്സൺ കുന്നേൽ

പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലേമിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു (ലൂക്കാ 13:22). പത്ത് അധ്യായങ്ങളിലായാണ് ലൂക്കാ യേശുവിന്റെ ജറുസലേമിലേയ്ക്കുള്ള യാത്രയെപ്പറ്റി വിവരിക്കുന്നത് (ലൂക്കാ 9:51; 19:28). യേശു ജറുസലേമിലേയ്ക്കുള്ള യാത്രയിലാണെന്ന് ലൂക്കാ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു (ലൂക്കാ 9:51; 53,57; 10:1, 38; 11:1; 13:22, 33; 14:25; 17:11; 18:31; 18:37; 19:1, 11, 28).

യേശുവിന്റെ യാത്രയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളൂ – ജറുസലേം. തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സ്ഥലമായ ജറുസലേം. അത് ലക്ഷ്യമാക്കിയാണ് അവന്‍ നടക്കുന്നത്. യഹൂദരുടെ തലസ്ഥാന നഗരിയായ ജറുസലേമില്‍ യേശു, മനുഷ്യരക്ഷയ്ക്കായി തന്നെത്തന്നെ യാഗമണയ്ക്കാന്‍ പോകുന്നു (ലൂക്കാ9:31; 51). ഇതിനിടയില്‍ അപൂര്‍വ്വമായി മാത്രമേ യേശു കടന്നുപോയ സ്ഥലങ്ങളെപ്പറ്റി ലൂക്കാ പരാമര്‍ശിക്കുന്നുള്ളൂ. ഇത് യാത്രയുടെ ആരംഭത്തിലും (ലൂക്കാ 9:51), നടുവിലും(ലൂക്കാ 17:11) അവസാനഭാഗത്തും (ലൂക്കാ 18:35; 19:1). എന്തൊക്കെയോ ഈ യാത്രയില്‍ സംഭവിച്ചാലും പ്രധാനപ്പെട്ടത് ജറുസലേമില്‍ എത്തിച്ചേരലാണ്.

നമ്മുടെ ജീവിതത്തിലും ലക്ഷ്യമാണ് പ്രധാനപ്പെട്ടത്. അവിടെ എത്തിച്ചേരുംവരെ നമ്മള്‍ യാത്ര തുടരണം. പിന്മാറാന്‍ പാടില്ല. നമ്മള്‍ സഞ്ചരിക്കേണ്ട വഴികള്‍ എപ്പോഴും നമുക്ക് വ്യക്തമായിരിക്കണമെന്നില്ല. എങ്കിലും മുന്നോട്ടുതന്നെ യാത്ര തുടരണം. യേശുവിന്റെ യാത്രയുടെ അവസാനം ജറുസലേമില്‍ അവനെ കാത്തിരിക്കുന്നത് പീഡാസഹനവും മരണവും ഉത്ഥാനവുമാണ്. അത് അറിഞ്ഞു കൊണ്ടു തന്നെ തികഞ്ഞ ബോധ്യത്തോടെയാണ് യേശു യാത്ര ചെയ്യുന്നത്. പ്രേഷിതര്‍ സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യേണ്ടവരാണ്. വി. ഡോണ്‍ ബോസ്‌കോ പറയുന്നതുപോലെ, കാല് കൊണ്ട് ഭൂമിയില്‍ നടക്കുന്നവരും ഹൃദയം കൊണ്ട് സ്വര്‍ഗ്ഗത്തില്‍ ആയിരിക്കേണ്ടവരും ജറുസലേം ലക്ഷ്യമാക്കി മുമ്പോട്ടു നീങ്ങുമ്പോള്‍ ഇന്നത്തെ വചനഭാഗത്ത് രക്ഷപെടുന്നവരുടെ എണ്ണത്തെപ്പറ്റി സംസാരം വരുന്നു. യേശുവിന്റെ ഈ യാത്രയില്‍ പലതരത്തിലുള്ള സംഭവങ്ങളും പ്രബോധന വിഷയമായി. കൊലപാതകങ്ങള്‍, ദുരിതങ്ങള്‍ (ലൂക്കാ 13:1-5), ഉപമകള്‍ (ലൂക്കാ 13:6-9; 18-21), ചര്‍ച്ചകള്‍ (ലൂക്കാ 13:10-13).

ഇന്നത്തെ വചനഭാഗത്ത് ജനക്കൂട്ടത്തില്‍ നിന്നൊരുവന്‍ അവനോട് ചോദ്യം ചോദിക്കുന്നു: ‘കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?’ (ലൂക്കാ 13:23). രക്ഷയെ സംബന്ധിച്ച് എല്ലാക്കാലത്തുമുള്ള ചോദ്യമാണിത്. അതിനു മറുപടിയായി ‘ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍’ (ലൂക്കാ 13:24) എന്നാണ് യേശു ഉത്തരം നല്‍കുന്നത്. അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍, അവര്‍ക്ക് സാധിക്കുകയില്ല എന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നു. യേശു ഉദ്ദേശിക്കുന്ന ഇടുങ്ങിയ വാതില്‍ ഏതാണ്? ഏതു വാതിലിനെക്കുറിച്ചാണ് അവന്‍ സംസാരിക്കുന്നത്. മത്തായിയുടെ സുവിശേഷത്തില്‍ മലയിലെ പ്രസംഗത്തില്‍, ദൈവരാജ്യത്തില്‍ പ്രവേശിക്കാനുള്ള എട്ട് വാതിലുകളെക്കുറിച്ച് യേശു പഠിപ്പിക്കുന്നു. അഷ്ടഭാഗ്യങ്ങളില്‍ നാം കണ്ടുമുട്ടുന്ന എട്ടുതരം മനുഷ്യരാണിവര്‍ – a. ആത്മാവില്‍ ദരിദ്രര്‍, b. ശാന്തശീലര്‍, c. വിലപിക്കുന്നവര്‍, d. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍, e. കരുണയുള്ളവര്‍, f. ഹൃദയശുദ്ധിയുള്ളവര്‍, g. സമാധാനം സ്ഥാപിക്കുന്നവര്‍, h. നീതിക്കു വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ (മത്തായി 5:3-10).

ലൂക്കായുടെ സവിശേഷത്തില്‍ അവര്‍ നാലു വിഭാഗം ജനങ്ങളാണ് – a. ദരിദ്രര്‍, b. വിശപ്പ് സഹിക്കുന്നവര്‍, c. കരുണയുള്ളവര്‍, d. പീഡിപ്പിക്കപ്പെടുന്നവര്‍ (ലൂക്കാ 6:20-22). അഷ്ടഭാഗ്യങ്ങളിലെ ഈ ഏതെങ്കിലും ഗണത്തില്‍പ്പെട്ടവര്‍ക്കേ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂ. ഇതാണ് ‘ഇടുങ്ങിയ വാതിലിന്റെ’ സുവിശേഷത്തിലൂടെ യേശു നമുക്ക് വെളിപ്പെടുത്തുന്ന രക്ഷയുടെ പുതിയ വീക്ഷണം. രക്ഷ പ്രാപിക്കാന്‍ യേശു പറഞ്ഞുതരുന്ന ഈ വഴിയല്ലാതെ മറ്റൊരു വഴിയുമില്ല. യേശു ആവശ്യപ്പെടുന്ന മാനസാന്തരം ഇതാണ് – “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു: അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍, അവര്‍ക്കു സാധിക്കുകയില്ല. വീട്ടുടമസ്ഥന്‍ എഴുന്നേറ്റ് വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന് കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല” (ലൂക്കാ 13:24- 25).

ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം എപ്പോഴും ക്ലേശകരവും അപമാനവും പരിഹാസവും നിറഞ്ഞതായിരിക്കും. എളുപ്പത്തില്‍ കടന്നുപോകാവുന്ന വഴിയായിരിക്കില്ല അത്. അത് വഴുവഴുക്കുള്ളതും മുള്ളുകള്‍ നിറഞ്ഞതുമായിരിക്കും. നിന്ദനങ്ങള്‍ ഏല്‍ക്കേണ്ടതായ വഴിയുമായിരിക്കും. പ്രേഷിതന്‍, യേശുവിനു വേണ്ടി ഇപ്രകാരം നടക്കുമ്പോള്‍ ഇടുങ്ങിയ വഴി വിശുദ്ധിയുടെ പരിമളം പരത്തുന്ന പുണ്യവഴിയായി രൂപാന്തരം പ്രാപിക്കും.

കേരളത്തില്‍ ഈ കഴിഞ്ഞ ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് ‘ഓപ്പറേഷന്‍ വിശുദ്ധി’ എന്ന പേരില്‍ ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 12 വരെ നടത്തിയ പരിശോധനയില്‍, ധാരാളം കള്ളത്തരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ആത്മീയജീവിതത്തിലും ഒരു ‘ഓപ്പറേഷന്‍ വിശുദ്ധി’ അത്യാവശ്യമാണ്. അതിനുള്ള ശരിയായ സമയമാണിത്. നമ്മുടെ അപക്വമായ അഭിപ്രായം മാറ്റി രക്ഷയിലേയ്ക്ക് പ്രവേശനം നേടുന്നതിനായി പരിശ്രമിക്കാം. നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും ഇടുങ്ങിയ വാതിലിലൂടെ നടക്കാന്‍ ശ്രമിക്കണം. അത് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും യേശുവിനെയും സഹോദരീ-സഹോദരന്മാരെയും സ്‌നേഹിക്കുന്ന വഴിയാണ്, വാതിലാണ്. എങ്കില്‍ മാത്രമേ, പൂര്‍വ്വപിതാക്കന്മാരും പ്രവാചകന്മാരും എല്ലാ വിശുദ്ധരും സ്വന്തമാക്കിയ ഒരിക്കലും നിലയ്ക്കാത്ത സന്തോഷത്തിന്റെ ഇരിപ്പിടമായ സ്വര്‍ഗ്ഗത്തില്‍ നാം എത്തിച്ചേരുകയുള്ളൂ.

സ്വര്‍ഗ്ഗം ദൈവത്തിന്റെ മണ്ഡലവും മാലാഖമാരുടെയും വിശുദ്ധരുടെയും വാസസ്ഥലവും സൃഷ്ടിയുടെ ലക്ഷ്യസ്ഥാനവുമാണ് എന്ന സത്യം നമുക്ക് മറക്കാതെ സൂക്ഷിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS