മിഷന്‍ വചന വിചിന്തനം: ഒക്‌ടോബര്‍ 27, ലൂക്കാ 18: 9-14 

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

ജയ്സൺ കുന്നേൽ

ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയാണ് (ലൂക്കാ 18:9-14) സഭ ഈ ഞായറാഴ്ച വചന വിചിന്തനത്തിനായി നൽകിയിരിക്കുന്നത്. ഈ ഉപമയുടെ ഉദ്ദേശ്യലക്ഷ്യമെന്താണന്നു ആരംഭത്തിൽ തന്നെ ലൂക്കാ സുവിശേഷകൻ പറഞ്ഞിരിക്കുന്നു. “തങ്ങള്‍ നീതിമാന്‍മാരാണ്‌ എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്‌ഛിക്കുകയും ചെയ്യുന്നവർക്കുള്ള (ലൂക്കാ 18:9) ഒരു താക്കീതാണിത്. യേശുവിന്റെ കാലത്തു നിന്ന അതേ പശ്ചാത്തലം നമ്മുടെ ജീവിത സാഹചര്യങ്ങളിലും ഉണ്ട്.

സാധാരണഗതിയിൽ നമുക്കു രോഗം വരുമ്പോൾ നമ്മൾ ഡോക്ടറുടെ അടുത്തു പോകുന്നു, ആ സമയം മറ്റു വ്യക്തികളുടെ രോഗവിവരങ്ങൾ ഡോക്ടറോടു പറഞ്ഞാൽ സമയം പാഴാക്കാം എന്നല്ലാതെ സ്വന്തം രോഗത്തിനു ശമനമോ സൗഖ്യമോ കിട്ടുകയില്ല. എന്റെ രോഗലക്ഷണങ്ങളും പ്രശ്നങ്ങളും പറയാതെ മറ്റു വ്യക്തിയുടെ രോഗലക്ഷണങ്ങൾ പറഞ്ഞാൽ രോഗിയായി തന്നെ നമുക്കു തിരികെ പോകേണ്ടി വരും. ഇന്നത്തെ വചനഭാഗത്തിനു വ്യാഖ്യാനം നൽകുമ്പോൾ സഭാപിതാവായ വി. ആഗസ്തിനോസ് നൽകുന്ന ഉദാഹരണമാണിത്. ഈശോ പറയുന്ന ഇന്നത്തെ സുവിശേഷ ഉപമയിലും ഇതുപോലെ വളരെ വിചിത്രമായ ഒരു സംഭവമാണു നാം കേൾക്കുക (ലൂക്കാ 18:9-14).

തിരസ്കരിക്കപ്പെട്ട ഫരിസേയ പ്രാർത്ഥന

ഫരിസേയനും ചുങ്കക്കാരനും പ്രാർത്ഥിക്കാനായി ദൈവാലയത്തിൽ പോകുന്നു. ദൈവ തിരുമുമ്പിൽ എളിമയോടെ വ്യാപരിച്ചു അവിടുത്തെ കൃപയും സഹായവും യാചിക്കുന്നതിനു പകരം മറ്റുള്ളവരുടെ തെറ്റുകളുടെ ഒരു നീണ്ടനിര ഫരിസേയൻ നിരത്തുന്നു. ദൈവ തിരുമുന്നിൽ തന്റെ പുറകിൽ നിന്നു പ്രാർത്ഥിക്കുന്ന ചുങ്കക്കാരനെപ്പറ്റി പരാതി പറയുന്നു: “ദൈവമേ, ഞാന്‍ നിനക്കു നന്‌ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല” (ലൂക്കാ 18:11). സ്വന്തം തെറ്റുകൾ മറച്ചുപിടിച്ചു അപരന്റ ബലഹീനതകൾ പരസ്യപ്പെടുത്താൻ മാത്രം തത്രപ്പെടുന്ന ഫരിസേയൻ ദൈവാലയത്തിൽ വന്നു പ്രാർത്ഥിച്ചിട്ടും നീതികരിക്കപ്പെടാത്തവനായി വീട്ടിലേക്കു മടങ്ങുന്നതിൽ നമുക്കൊരു അതിശയവുമില്ല (ലൂക്കാ 18:14).

ആഴ്ചയിൽ രണ്ടു ദിവസം ഉപവസിക്കുന്നതുമൂലം ഫരിസേയൻ ശരിയായ മനോഭാവത്തോടെയാണു ദൈവ തിരുമുമ്പിൽ വരുന്നതെന്നു നമുക്കു തോന്നിയേക്കാം. പക്ഷെ യാഥാർത്ഥ്യം മറ്റൊന്നാണ്. യഹൂദ നിയമമായ തോറാ അനുസരിച്ചു പാപപരിഹാര ദിനമായ യോം കിപ്പൂർ ദിനത്തിൽ മാത്രം അവർ ഉപവസിച്ചാൽ മതി. വർഷങ്ങൾ പോയതനുസരിച്ചു യഹൂദരുടെ പാരമ്പര്യങ്ങൾ കൂടുതൽ ഉപവാസങ്ങൾ കൂട്ടിച്ചേർത്തു. പക്ഷേ ഇവയോന്നും പാപങ്ങളെപ്പറ്റി അനുതപിച്ചുകൊണ്ടായിരുന്നില്ല, നേരെ മറിച്ചു ദൈവത്തിൽ നിന്നു അനുഗ്രഹം തേടാനും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും സംരക്ഷണം തേടാനുമായിരുന്നു. അലോസരപ്പെടുത്തുന്ന സ്വപ്നങ്ങൾ ഉണ്ടാകാതിരിക്കാനും സ്വപ്നങ്ങൾ വ്യാഖാനിക്കാനുള്ള അനുഗ്രഹം തേടിയും അവർ ഉപവസിച്ചിരുന്നു. തന്റെ പാപങ്ങളെ ഓർത്തു അനുതാപ ഹൃദയത്തോടെയല്ല ഫരിസേയൻ ഉപവസിച്ചിരുന്നതു എന്നതു വ്യക്തമാണ്.

സ്വീകരിക്കപ്പെട്ട ചുങ്കക്കാരന്റെ പ്രാർത്ഥന

ചുങ്കക്കാരൻ ദൈവാലയത്തിൽ പ്രവേശിക്കുന്നതു അനുതാപം നിറഞ്ഞ ഹൃദയവുമാണ്. അവന്റെ ശരീര ഭാഷ അവന്റെ പശ്ചാത്താപത്തെ വെളിപ്പെടുത്തുന്നു. ചുങ്കക്കാരൻ സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍  ധൈര്യപ്പെടാതെ ദൂരെ നിന്നു മാറത്തടിച്ചുകൊണ്ട്‌, “ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു” (ലൂക്കാ 18:13) എന്ന പുതിയ നിയമത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു പ്രാർത്ഥന ഇടറിയ സ്വരത്തിൽ ചൊല്ലുന്നു. അവനു ദൈവതിരുമുമ്പിൽ ഒന്നും മറയ്ക്കാനില്ല. താൻ ആയിരിക്കുന്ന അവസ്ഥ അംഗീകരിച്ചു കൊണ്ടു കരുണയ്ക്കായി യാചിക്കുന്നു. ഉള്ളു തുറന്നു കാണിച്ചു പ്രാർത്ഥിച്ച ചുങ്കക്കാരനെ ദൈവം ഉയർത്തി. അവൻ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി (ലൂക്കാ 18:14).

ആത്മാവിൽ ദരിദ്രനായവൻ ചുങ്കക്കാരൻ

ഫരിസേയനും ചുങ്കക്കാരനും അവർക്കു ദൈവത്തിൽ നിന്നു അർഹതപ്പെട്ടതു കിട്ടി. ഫരിസേയൻ ദൈവതിരുമുമ്പിൽ വന്നു മറ്റുള്ളവരുടെ പാപങ്ങളെ പറ്റി പരാതിപ്പെടുക മാത്രമാണ് ചെയ്തത്. അതു അവനു സമാധാനം നൽകിയില്ല. എന്നാൽ മറുവശത്ത് ചുങ്കക്കാരൻ പൂർണ്ണമായ എളിമയോടും ആഴമായ മനസ്താപത്തോടും കൂടെ ദൈവ തിരുമുമ്പിൽ നിന്നപ്പോൾ സമാധാനം അവന്റെ ഉള്ളിൽ നിറഞ്ഞു സന്തോഷത്തോടെ അവൻ തിരികെ നടന്നു. ചുങ്കക്കാരൻ അഷ്ടഭാഗ്യങ്ങളിലെ ഒന്നാമത്തേതിനു “ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌” (മത്തായി 5:3) എന്നതിന്റെ സജീവ ഉദാഹരണമാകുന്നു. ചുങ്കക്കാരൻ ആത്മാവിൽ ദരിദ്രനാണ്. അടുത്ത ആഴ്ച നാം ശ്രവിക്കാനിരിക്കുന്ന സക്കേവൂസ് എന്ന മറ്റൊരു ചുങ്കക്കാരനും അനുതാപം നിറഞ്ഞ എളിയ ഹൃദയത്തോടെ യേശുവിനെ കണ്ടുമുട്ടിയപ്പോൾ രക്ഷ കരസ്ഥമാക്കി (ലൂക്കാ 19:1-10).

ബൈബിളിൽ ഉടനീളം ദൈവത്തെ ആവശ്യമുള്ളവരുടെ അടുത്തേക്കു ദൈവം കടന്നു വരുന്നതായി നാം കാണുന്നു. പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാമത്തെ വായനയിൽ കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്ത ന്യായാധിപനും തിന്‍മയ്‌ക്കു വിധേയനായവന്റെ പ്രാര്‍ത്ഥന  കേള്‍ക്കുന്നവനുമാണന്നു” (പ്രഭാഷകന്‍ 35:15- 16) ഓർമ്മപ്പെടുത്തുന്നു. വിനീതന്റെ പ്രാര്‍ഥനയ്ക്കു മേഘങ്ങള്‍ തുളച്ചുകയറുന്നതിനുള്ള ശക്തിയുണ്ടെന്നും (പ്രഭാഷകന്‍ 35:21) വചനം പഠിപ്പിക്കുന്നു.

രണ്ടാമത്തെ വായനയിൽ പൗലോസ് ശ്ലീഹായും ദൈവതിരുമുമ്പിൽ ആത്മാവിൽ ദരിദ്രരനാണ്. ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി (2 തിമോത്തേയോസ്‌ 4:6) എന്നു പറയുമ്പോൾ ആത്മാവിൽ ദരിദ്രനായി ദൈവതിരുമുമ്പിൽ മുഖം മൂടിയില്ലാതെ ജീവിക്കാം. ഇന്നത്തെ രണ്ടാമത്തെ വായനയിൽ പൗലോസ് ശ്ലീഹാ എഴുതുന്നു: എന്നാല്‍, കര്‍ത്താവ്‌ എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന്‌ എനിക്കു നല്‌കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു (2 തിമോത്തേയോസ്‌ 4:17). ചുങ്കക്കാരന്റെ മനോഭാവത്തോടെ പൗലോസ് ശ്ലീഹായും മുഖം മൂടിയില്ലാതെ ദൈവ തിരുമുമ്പിൽ നിൽക്കുന്നു.

ദൈവത്തിനു മുഖം മൂടി ആവശ്യമില്ല. കപടനാട്യകാർക്കു ദുരിതം ആണ് അവൻ ആശംസിക്കുന്നത്. “കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു” (മത്തായി 23: 13). സ്വർഗ്ഗരാജ്യം അടച്ചു കളയുന്ന കപടതയുടെ മുഖം മൂടികൾ നമുക്കു വലിച്ചെറിയാം. പ്രേഷിതരുടെ മുഖം എപ്പോഴും ദൈവതിരുമുമ്പിൽ തുറന്നു പിടിക്കണം.

നമ്മുടെ സ്ഥിതി എപ്രകാരമാണ്? ഇന്നത്തെ ഉപമയിലൂടെ യേശു നമ്മോടു പറയുന്നത്. നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവത്തെ സമീപിക്കുന്നതിനു ഒട്ടും ഭയപ്പെടേണ്ടതില്ല എന്നാാണ്. മറച്ചു പിടിച്ചു കൊണ്ടു ദൈവത്തെ സമീപിച്ചാൽ ദൈവത്തെ നമ്മുടെ ജീവിതത്തിൽ നിന്നു ബ്ലോക്കു ചെയ്യുകയായിരിക്കും ചെയ്യുക.

പൗലോസിനെപ്പോലെ എളിമയോടെ ദൈവ തിരുമുമ്പിൽ നമ്മുടെ ഇല്ലായ്മ അംഗീകരിക്കുകയും അവന്റെ  ആശ്രിതത്വം യാചിക്കുകയും ചെയ്യാം. നമുക്കു സ്വന്തമായി ഒന്നുുമില്ല എന്ന തിരിച്ചറിവുണ്ടാകുമ്പോൾ മാത്രമേ ദൈവത്തിന്റെ കൃപ സ്വീകരിക്കാൻ നാം യോഗ്യയരാവുകയുള്ളു. വചന വിചിന്തതനത്തിന്റെ ആരംഭത്തിൽ നാം കണ്ടതുപോലെ  നമുക്കു രോഗം വരുമ്പോൾ മറ്റൊരാളുടെ രോഗലക്ഷണങ്ങൾ ഡോക്ടറോടു പറയുന്നതു കൊണ്ടു നമ്മുടെ രോഗം മാറുകയില്ല. ഡോക്ടടർക്കു നമ്മളെ ചികത്സിക്കാാനും കഴിയില്ല.

അതുപോലെ ദൈവ തിരുമുമ്പിലുള്ള എളിയ അന്നുതാപമാണ് ദൈവകൃപയുടെ വാതിലുകൾ നമുക്കായി തുറക്കുക. ഈ അനുതാപമാണ് കുമ്പസാരമെന്ന കൂദാശയുടെ ഫലങ്ങൾ സ്വീകരിക്കാൻ വിശ്വാസികളെ യോഗ്യരാക്കുന്നത്. വിശുദ്ധ കുമ്പസാരം ദൈവത്തെ കണ്ടുമുട്ടാനും ചുങ്കക്കാരനെപ്പോലെ സമാധാനത്തോടെ സ്വഭവനത്തിലേക്കു തിരികെ പോകാനുമുള്ള  മനോഹരമായ വഴിയാണ്. ഫരിസേയന്റെ അഹങ്കാരത്തിന്റെ മേലങ്കി ദൂരെയെറിഞ്ഞ് ചുങ്കക്കാരന്റെ എളിമയുടെ കുപ്പായം നമുക്കണിയാം. ആത്മാർത്ഥമായ പശ്ചാത്താപത്തിന്റെ ഒരടയാളം പാപത്തിന്റെ സാഹചര്യം ഒഴിവാക്കുകയെന്നതാണ് എന്ന  വി. ബർണാർഡിന്റെ വാക്കുകൾ നമുക്കു മറക്കാതിരിക്കാം.

പാപം മഹത്വവത്കരിക്കപ്പെടുമ്പോൾ

പാപത്തെ മഹത്വവത്കരിക്കുന്ന കാലത്താണു നാം ഇന്നു ജിവിക്കുന്നത്. പത്ര മാധ്യമങ്ങും ടെലിവിഷനും ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും പാപത്തെ  എത്രമാത്രം മഹത്വവത്കരിച്ചാലും പാപം പാപം തന്നെയാണ്. പാപം ചെയ്താൽ പശ്ചാത്താപം ആവശ്യമാണ്. പാപം ദെവകരുണയുടെ വാതിലുകൾ കൊട്ടിയടക്കുമ്പോൾ കുമ്പസാര കൂട്ടിലൂടെ അവന്റെ കൃപയും ക്ഷമയും സ്നേഹവും നമ്മളിൽ നിറയ്ക്കാൻ യേശു കാത്തിരിക്കുന്നു. ചുങ്കക്കാരനെപ്പോലെ യേശുവിന്റെ സവിധേ വന്ന്  “ദൈവമേ, പാപിയായ എന്നില്‍ കനിയണമേ” (ലൂക്കാ 18:13) എന്നു പറയാനുള്ള സന്നദ്ധത കാണിക്കുക. ഇക്കാരണം കൊണ്ടാണ് എല്ലാ വിശുദ്ധ കുർബാനയുടെ ആരംഭത്തിലും പാപപ്പൊറുതി യാചിക്കുന്നതും ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് “ദൈവമേ നിന്നെ സ്വീകരിക്കാൻ ഞാൻ അയോഗ്യനാണ് നീ ഒരു വാക്കു ഉച്ചരിച്ചാൽ മതി ഞാൻ സുഖമാക്കപ്പെടും” എന്നു വിശ്വസികൾ പ്രാർത്ഥിക്കുന്നതും.

ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്നതുപോലെ നമുക്കു ഒരിക്കലും മാപ്പിന്റെ ആവശ്യമില്ലെന്ന ചിന്തയോടെ ഇങ്ങനെ ജീവിച്ചാൽ മതിയെന്നു വിചാരിക്കുന്നതു ശരിയല്ല. നാം നമ്മുടെ ദുർബലത അംഗീകരിക്കണം. മാനസാന്തരപ്പെടു പ്രായശ്ചിത്ത കൂദാശ സ്വീകരിച്ചു ജീവിതത്തിനു ഒരു പുതിയ തുടക്കം നൽകണം. അങ്ങനെ യേശുവുമായുള്ള സംസർഗത്തിലൂടെ പക്വതയിലേക്കു വളരണം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS