മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 25, ലൂക്കാ 12: 54-59

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന യേശുവിന്റെ രണ്ട് ഉപദേശങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം കാണുക. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എത്ര ലളിതമായാണ് യേശു തന്റെ പഠനങ്ങള്‍ അവതരിപ്പിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ജയ്സൺ കുന്നേൽ

കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ കൃഷിക്കാര്‍ ആകാശത്തേയ്ക്കു നോക്കുന്ന സാധാരണരീതി ഉദ്ധരിച്ചുകൊണ്ടാണ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അവന്‍ ഇന്ന് വെളിവാക്കുന്നത്. ആകാശത്തിലെ മേഘങ്ങളുടെ നിറവും കാറ്റിന്റെ ദിശയും മനസ്സിലാക്കി കുറച്ചു സമയത്തേക്കെങ്കിലും ശരിയായ കാലവസ്ഥ മനസ്സിലാക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നു. പടിഞ്ഞാറുള്ള മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് കാറ്റ് വീശുമ്പോള്‍ മഴ വരുന്നുവെന്നും, തെക്കുള്ള മരുഭൂമിയില്‍ നിന്ന് ചൂടുകാറ്റ് വീശുമ്പോള്‍ വേനല്‍ക്കാലം അടുത്തുവെന്നും അവര്‍ അറിയുന്നു. കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരായ അവരുടെ കണ്‍മുമ്പില്‍ ഈ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതു മനസ്സിലാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് യേശു ചോദിക്കുന്നു. ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങള്‍ തിരിച്ചറിയുകയും എന്നാല്‍, കാലഘട്ടത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരെ കപടനാട്യക്കാരേ എന്നുമാണ് യേശു വിളിക്കുക (ലൂക്കാ 12:56).

ഇന്നത്തെ സുവിശേഷം പ്രേഷിതര്‍ക്ക് രണ്ടു സന്ദേശങ്ങളാണ് നല്‍കുന്നത്.

കാലത്തിന്റെ ചുവരെഴുത്തുകള്‍ വ്യാഖ്യാനിച്ചറിയുക

ദൈവപുത്രനായ യേശു ദൈവരാജ്യം പ്രഘോഷിച്ചുകൊണ്ടു നടക്കുന്ന മിസിയാനിക് സമയത്താണ് യേശുവിനെ ശ്രവിക്കുന്നവരുള്ളത്. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും യേശു അവരുടെ ഇടയില്‍ സന്നിഹിതനാണ്. അധികാരത്തോടു കൂടിയ അവന്റെ പ്രബോധനങ്ങളും പഠനങ്ങളും അനേകര്‍ക്ക് ആശ്വാസമേകി. രോഗികളെ സുഖപ്പെടുത്തിയും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കിയും കൊടുങ്കാറ്റിനെ ശമിപ്പിച്ചും ജനങ്ങളെ തിന്മയില്‍ നിന്നു വിമോചിപ്പിച്ചും മിശിഹായുഗത്തിന്റെ അടയാളങ്ങള്‍ യേശു പ്രകടമാക്കി. എങ്കിലും അവന്റെ പ്രവൃത്തികളില്‍ ദൈവത്തിന്റെ കരം കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അവരില്‍ ഭൂരിഭാഗം പേരും അവനെ കേവലം ജിജ്ഞാസ കൊണ്ടു മാത്രം അനുഗമിച്ചതിനാല്‍ യഥാര്‍ത്ഥത്തില്‍ ശിഷ്യരാകാന്‍ കഴിഞ്ഞില്ല.

ശിഷ്യത്വം ആത്മസമര്‍പ്പണം ആവശ്യപ്പെടുന്നുണ്ട്. വിശ്വാസവും സമര്‍പ്പണബുദ്ധിയുമില്ലാതെ വെറും ജിജ്ഞാസ കൊണ്ടു മാത്രം യേശുവിനെ അനുഗമിച്ചാല്‍ ഇടറിവീഴാനുള്ള സാധ്യത വളരെയാണ്. ദൈവം അനുവദിക്കുന്ന കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കി പ്രേഷിതഭൂമിയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടവരാണ് മിഷനറിമാര്‍.

2018-ലെ വലിയനോമ്പിനു പ്രാരംഭമായി റോമായിലെ മെത്രാന്‍ എന്ന നിലയില്‍ റോമാ രൂപതയിലെ വൈദികര്‍ക്കു നല്‍കിയ സന്ദേശത്തില്‍ കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാനും മറഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുവാനും വൈദികര്‍ക്ക് കഴിയണമെന്ന് ഫ്രാന്‍സീസ് പാപ്പാ ആഹ്വാനം ചെയ്തു. ഇത് പ്രേഷിതരംഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഉപദേശമായിസ്വീകരിക്കണം.

രമ്യതയുടെ സുവിശേഷമാവുക!

രണ്ടാമതായി, രമ്യതയുടെ സുവിശേഷമാകാനുള്ള വിളിയാണ് പ്രേഷിതന്റേത്. നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ അടുത്തേയ്ക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക (ലൂക്കാ 12:58). എതിരാളികളെ അവിടെയും ഇവിടെയും ഇട്ട് അലയിക്കാതെ കാര്യങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ യേശു ആവശ്യപ്പെടുന്നു. രമ്യതപ്പെടാതെയുള്ള ബലിയര്‍പ്പണം ദൈവതിരുമുമ്പില്‍ സ്വീകാര്യമല്ല. ‘നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സ ഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ടുപോയി സഹോദരനുമായി രമ്യതപ്പെടുക; പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക’ (മത്തായി 5:23 -24).

വിധിക്കാനും നമുക്ക് അവകാശമില്ല. ഒരു വ്യക്തിയെ ശരിയായി വിധിക്കണമെങ്കില്‍ ആ വ്യക്തിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ അറിവ് ആവശ്യമാണ്. നമ്മുടെ വിധികള്‍ പലപ്പോഴും തെറ്റാന്‍ കാരണം, കാര്യങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ഭാഗീകമായ അറിവ് മാത്രമേ നമുക്കുള്ളൂ എന്നതാണ്. ഒരു വ്യക്തിയെ ശരിയായി അറിഞ്ഞാല്‍ അവനില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ക്ഷമിക്കുവാനും, രമ്യതപ്പെടുവാനും വേഗം സാധിക്കും. വികലമായ അറിവുകള്‍ നിമിത്തം മറ്റുള്ളവരെ നമ്മള്‍ ചിലപ്പോള്‍ വേഗത്തില്‍ വിധിക്കും. പ്രേഷിതര്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ മേഖലയാണിത്. വിധിക്കുന്നതില്‍ തിടുക്കം കാട്ടാതിരിക്കുക. രമ്യതയുടെ അവസരങ്ങള്‍ സുലഭമായി ഉപയോഗിക്കുക.

മിഷന്‍ മേഖലയില്‍ ആയിരിക്കുമ്പോള്‍ അനുദിന ജീവിതത്തില്‍ ഈ ഉപദേശം വലിയ പ്രാധാന്യം അര്‍ഹിക്കുന്നുവെങ്കില്‍ ന്യായാധിപന്മാരുടെ ന്യായാധിപനായ യേശുവിനെ അഭിമുഖീകരിക്കുമ്പോള്‍ നാം എത്രകണ്ട് ശ്രദ്ധിക്കണം. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കഴിയുന്നത്ര വേഗം തീര്‍പ്പാക്കണം. അവയ്ക്ക് ഭാവിയിലേക്ക് അവധി കൊടുക്കരുത്. ക്രിസ്തുവിലൂടെ വരുന്ന ദൈവത്തിന്റെ വിളിയുടെ അടയാളങ്ങള്‍ വായിച്ച് നമ്മുടെ ഹൃദയ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്താനുള്ള മാനസാന്തരത്തിനായുള്ള ക്ഷണമാണിത്. മാനസാന്തരത്തിലേയ്ക്കു കടന്നുവന്നാല്‍ നമ്മളെ കുറ്റം വിധിക്കാന്‍ യാതൊരു തെളിവുകളും കാണുകയോ, ന്യായാധിപന്റെ മുമ്പില്‍ കണക്കു കൊടുക്കേണ്ടി വരുമ്പോള്‍ ഭയപ്പെടുകയോ വേണ്ടിവരില്ല.

ഒരു പ്രേഷിതന്‍/ പ്രേഷിത എന്ന നിലയില്‍ ശരിയായ ഒരു നീതിബോധം നമ്മള്‍ വികസിപ്പിച്ചെടുക്കണം. പക്ഷപാതം പ്രേഷിതവഴികളില്‍ ഇടറിവീഴ്ത്തുന്ന പാറക്കല്ലുകള്‍ സൃഷ്ടിക്കും. ക്ഷമയും അനുരജ്ഞനവും നമ്മുടെ മുഖ്യ പരിഗണനാ വിഷയമാവണം. പ്രേഷിതരുടെ ജീവിതങ്ങളില്‍ ബാലിശമായ പകവീട്ടലിന്റെയോ ധനസമ്പാദനത്തിന്റെയോ ഇടം കാണരുത്.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS