മിഷന്‍ വചനവിചിന്തനം – 24 ഒക്‌ടോബര്‍ ലൂക്കാ 12: 49-53

ജയ്സൺ കുന്നേൽ

തികച്ചും വ്യത്യസ്തനായ ഒരുയേശുവിനെയാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം  കാണുക. വിചിത്രമെന്നു തോന്നാവുന്ന മൂന്ന് ആഗ്രഹങ്ങള്‍ യേശു ഇവിടെ പറയുന്നു. ഒന്നാമതായി, ഭൂമിയില്‍ തീയിടുക; രണ്ടാമതായി, ഒരു സ്‌നാനം സ്വീകരിക്കുക; അവസാനമായി ഭൂമിയില്‍ഭിന്നത ഉണ്ടാക്കുക.

ഭൂമിയില്‍ തീയിടാന്‍ വന്ന യേശു

ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തി ജ്വലിച്ചിരുന്നെങ്കില്‍! (ലൂക്കാ 12:49-50). ബൈബിളില്‍ തുടര്‍ച്ചയായി വരുന്ന അഗ്നി എന്ന അടയാളത്തിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. പഴയനിയമത്തില്‍ അഗ്നി, ദൈവത്തിന്റെ ശക്തമായ സാന്നിധ്യത്തിന്റെ അടയാളമാണ്. മോശ കത്തിയമര്‍ന്ന മുള്‍ച്ചെടികള്‍ക്കിടയിലും, ഇസ്രായേല്‍ ജനത കാനാന്‍ ദേശത്തേയ്ക്കുള്ള യാത്രയില്‍ രാത്രി അഗ്നി സ്തംഭമായും ദൈവശക്തി തിരിച്ചറിഞ്ഞു. അതു ചിലപ്പോള്‍ നശീകരണത്തിന്റെയും ശിക്ഷ യുടെയും ധ്വനി നല്‍കുമ്പോള്‍ മറ്റുചിലപ്പോള്‍ അത് ശുദ്ധീകരണത്തിന്റെയും ബോധജ്ഞാനത്തിന്റെയും ഉറവിടമാകുന്നു(ഏശയ്യാ 1:25; സഖ. 13:9). ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ അഗ്നി സംരക്ഷണത്തിന്റെ പ്രതീകമാകുന്നു. ‘അഗ്നിയിലൂടെ നടന്നാലും നിനക്ക് പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹി പ്പിക്കുകയുമില്ല (ഏശയ്യാ 43:2). ‘സ്‌നാപകയോഹന്നാന്‍ ജലം കൊണ്ട് സ്‌നാനം നല്‍കിയപ്പോള്‍ യേശു അഗ്നിയാലാണ് സ്‌നാനം നല്‍കിയത് (ലൂക്കാ 3:16). പെന്തക്കുസ്താ ദിവസം  തീനാവുകളുടെ രൂപത്തിലാണ് ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് വന്നിറങ്ങിയത്(അ പ്പ. 2:2-4). അന്നു ആവസിച്ച പരിശുദ്ധാത്മ അഗ്നിയാണ് മനുഷ്യഹൃദയങ്ങളെ ശുദ്ധി ചെയ്ത് മാനസാന്തരാനുഭവത്തിലേയ്ക്ക് കൊണ്ടു വരുന്നത്. യേശുവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ -ദൈവസ്‌നേഹാഗ്നി എല്ലായിടത്തും പ്രചരിപ്പിക്കാന്‍ നമ്മള്‍ പ്രേഷിതര്‍ അവരുടെ കടമ നിര്‍വ്വഹിക്കണം. ദൈവസ്‌നേഹാഗ്നിയുടെ വാഹകരാണ് ഓരോ പ്രേഷിതനും/ പ്രേഷിതയും.

യേശുവിന്റെ രണ്ടാമത്തെ ആഗ്രഹം

ഒരു സ്‌നാനം സ്വീകരിക്കലാണ് (ലൂക്കാ 12: 50). നമ്മളെ രക്ഷിക്കാനായി യേശു കടന്നു പോയ ഭയാനകമായ പീഡാസഹനങ്ങളും മരണത്തെയുമാണ്  മാമ്മോദീസായിലൂടെ അവന്‍ വിവക്ഷിക്കുക. ജ്ഞാനസ്‌നാന കര്‍മ്മത്തില്‍ ഒരു വ്യക്തിയെ ജലത്തില്‍ മുക്കുമ്പോള്‍ യേശുവിന്റെ മരണത്തിലൂടെ കടന്ന് ഉത്ഥാനത്തിലെ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്ന് വി. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു.

സമാധാനമല്ല, ഭിന്നത സൃഷ്ടി ക്കാനാണ് യേശു വന്നതെന്നു പറയുന്നു (ലൂ ക്കാ 12:51).

ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വചനമാണിത്. കാരണം, നിരവധി ചോദ്യങ്ങള്‍ ഇത് ശിഷ്യരുടെ മനസ്സിലുണര്‍ത്തും. സമാധാനരാജാവായ യേശുവിന് എങ്ങനെ ഭിന്നതയെപ്പറ്റി സംസാരിക്കാന്‍ കഴിയും? അന്ത്യഅത്താഴ സമയത്ത് ഈ ലോകത്തിനു നല്‍കാന്‍ കഴിയാത്ത സമാധാനം ശിഷ്യന്മാര്‍ക്കു വാഗ്ദാനം ചെയ്തത് യേശുവല്ലേ? അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നു പറഞ്ഞതും യേശു തന്നെയാണ്. മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സമാധാനമാണ് യേശു ആശംസിക്കുന്നത്. ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു (ലൂ ക്കാ 12:51).

യേശുവിന്റെ ഈ സത്യവാചകം ഒരിക്കലും യേശു ഭിന്നതയെ അനുകൂലിക്കുന്നു എന്നല്ല  മനസ്സിലാക്കേണ്ടത്. മറിച്ച്, നസ്രത്തിലെ മിശിഹാ, യഹൂദര്‍ക്കിടയില്‍ താന്‍ ഭിന്നതയ്ക്കു കാരണമാകും എന്ന സത്യം യേശു പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഒരു കുടുംബത്തിലോ സമൂഹത്തിലോ ഉള്ളവരില്‍ ചിലര്‍ സമാധാനത്തിലായിരിക്കുന്ന മറ്റുചിലരുമായി ഭിന്നതയിലായിരിക്കും. ആ അര്‍ത്ഥത്തില്‍ യേശുവിന്റെ സുവിശേഷം ഭിന്നതയുടെ ഉറവിടവും വിവാദ വിഷയമായ അടയാളവുമാകുന്നു(ലൂക്കാ 2:34). അല്ലെങ്കില്‍ യേശു പറഞ്ഞതുപോലെ, ‘ഭിന്നി ച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടുപേര്‍ക്ക് എതിരായും, രണ്ടുപേര്‍ മൂന്നുപേര്‍ക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവ് പുത്രനും, പുത്രന്‍ പിതാവിനും എതിരായും; അമ്മ മകള്‍ക്കും, മകള്‍ അമ്മയ്ക്കും എതിരായും; അമ്മായിയമ്മ മരുമകള്‍ക്കും, മരുമകള്‍ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും’ (ലൂക്കാ 12:52-53). യേശുവാകുന്ന സുവിശേഷം നിഷേധിക്കുന്നതു കൊണ്ടാണ് കുടുംബങ്ങളിലും സമൂഹങ്ങളിലും ഭിന്നത ഉറവയെടുക്കുന്നത്. മനുഷ്യവംശത്തില്‍ സാഹോദര്യത്തിന്റെ കണ്ണികള്‍ അറ്റു പോകുന്നതും സുവിശേഷം സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതു കൊണ്ടാണ്.

ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രേഷിതര്‍. അവര്‍ സമാധാനത്തില്‍ ജീവിച്ചില്ലെങ്കില്‍ അത് വിവാദ വിഷയമായ ഒരു അടയാളമായിരിക്കും. സുവിശേഷത്തിനു വിരുദ്ധമായ ജീവിതശൈലി പ്രേഷിത മേഖലകളില്‍ നിന്നു വേരോടെ പിഴുതെറിയണം. ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ ദൈവം അയച്ച ദൂതന്മാരാണ് മിഷനറിമാര്‍. അവരുടെ ആയുധം യേശു തരുന്ന സമാധാനമാണ്. വി. പോള്‍ ആറാമന്‍ പാപ്പ ‘ജനതകളുടെ പുരോഗതി’ എന്ന ചാക്രികലേഖനത്തില്‍, വികസനം എന്നത് സമാധാനത്തിന്റെ പുതിയ പേരായി അവതരിപ്പിക്കുന്നു.

സമാധാന സ്ഥാപകര്‍ ഭാഗ്യവാന്മാര്‍ ആണ് (മത്തായി 5:9); അവര്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുമ്പോള്‍ (യാക്കോബ്3:18) പ്രേഷിതര്‍ സമാധാനത്തിന്റെ വിശുദ്ധരായി രൂപാന്തരപ്പെടുന്നു.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS