മിഷന്‍ വചനവിചിന്തനം: ഒക്ടോബര്‍ 11, ലൂക്കാ 11: 15-26

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലേയ്ക്ക് വെളിച്ചം വീശുന്ന സുവിശേഷ ഭാഗമാണ് ഇന്നത്തെ ചിന്താവിഷയം.

ജയ്സൺ കുന്നേൽ

രണ്ട് ബോധ്യങ്ങള്‍ ഈ തിരുവചന ഭാഗങ്ങള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഒന്നാമതായി, നിഷ്പക്ഷത അസാധ്യമായ കാര്യമാണ്. രണ്ടാമത്തേത്, ദൈവത്തോടുള്ള വിശ്വാസ്യത. ഇവയല്ലാതെ ശിഷ്യന്റെ ജീവിതത്തില്‍ സ്ഥിരമായ മറ്റ് അവസ്ഥകളൊന്നുമില്ല.

ഒരു വ്യക്തിയുടെ ദൈവവുമായുള്ള ബന്ധം തിന്മയെ തിരസ്‌കരിക്കുന്നതിലും അവയ്ക്കുമേല്‍ വിജയം നേടുന്നതിലും വെളിപ്പെടുന്നു. ഈ സുവിശേഷം ഇതിനു തൊട്ടുമുമ്പു വന്ന സുവിശേഷ ഭാഗത്തിലെ പ്രാര്‍ത്ഥന എന്ന പ്രമേയവുമായി (ലൂക്കാ 11:1-13) പിശാചിനെ ബഹിഷ്‌കരിക്കുന്ന പ്രവര്‍ത്തിയെ ബന്ധിപ്പിക്കുന്നു. ഇതിനു മുമ്പുള്ള ഭാഗത്ത്, യേശു ദൈവരാജ്യം വരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. ഇപ്പോള്‍ ദൈവരാജ്യം വന്നിരിക്കുന്നു എന്നും പിശാചിനെ ബഹിഷ്‌കരിക്കുന്നത് അതിന്റെ അടയാളമായും യേശു പറയുന്നു.

ക്രിസ്തുശിഷ്യര്‍ക്ക് നിഷ്പക്ഷത ഭൂഷണമല്ല. തിന്മയെ അപ്രത്യക്ഷമാക്കാനും അവയുടെ അളവ് കുറയ്ക്കുവാനും എന്ന പ്രതീക്ഷയില്‍ ആര്‍ക്കും നിഷ്പക്ഷനായിരിക്കുവാന്‍ കഴിയുകയില്ല. കാരണം, യേശു പറയുന്നു: ‘എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു’ (ലൂക്കാ 11:23). ദൈവരാജ്യം സന്നിഹിതമാക്കാനുള്ള നമ്മുടെ സമര്‍പ്പണത്തില്‍ നമ്മള്‍ യേശുവിന്റെ കൂടെ നില്‍ക്കാന്‍, അവനോടൊപ്പമായിരിക്കാന്‍ തീരുമാനമെടുക്കണം. മരണത്തിനു മേലുള്ള യേശുവിന്റെ വിജയമല്ലാതെ, തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സ്ഥായിയായ ഒരു അവസ്ഥ ഇവിടെയില്ല. ശിഷ്യര്‍ക്ക് ദൈവരാജ്യം പടുത്തുയര്‍ത്താന്‍ സഹകാരികളാകുന്നതിനു വേണ്ട അടിസ്ഥാന യോഗ്യത ഈ ലോക തീര്‍ത്ഥാടനത്തില്‍ സ്ഥായിയായ ഒരു അവസ്ഥകളുമില്ല എന്ന ഉറച്ച ബോധ്യമാണ്.

ഇത് മനസ്സിലാക്കാന്‍ ലൂക്കാ സുവിശേഷകന്‍ ഇന്നത്തെ വചനഭാഗത്ത് 24 മുതല്‍ 26 വരെയുള്ള വാക്യങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥമായ രൂപാന്തരീകരണം സംഭവിക്കണമെങ്കില്‍ എപ്പോഴെങ്കിലും നന്മ ചെയ്തിട്ട് വെറുതേ ഇരുന്നാല്‍ പോരാ. നന്മ ചെയ്യുക എന്നത് നിരന്തര ശീലമായി മാറണം. അല്ലെങ്കില്‍, അശുദ്ധാത്മാവ് ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് തന്നേക്കാള്‍ ദുഷ്ടരായ ഏഴ് അശുദ്ധാത്മാക്കളെക്കൂടി തിരികെ വിളിച്ചുകൊണ്ടു വരുന്ന ദുരനുഭവം ഉണ്ടാകും.

ഒരു പ്രേഷിതശിഷ്യന്‍ യേശുവിനെപ്പോലെ തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹകാരിയാകണം. അത് അവരുടെ പ്രധാന കര്‍മ്മങ്ങളിലൊന്നായിരിക്കണം. കാരണം, അത് ദൈവവുമായുള്ള അവരുടെ പുത്രോചിതമായ ബന്ധവും യേശുവുമായുള്ള അവരുടെ ഐക്യവും കലര്‍പ്പില്ലാതെ പ്രകടമാക്കും. സ്വന്തം മനുഷ്യത്വത്തോടു ചെറുത്തു നിന്നുകൊണ്ടു മാത്രമേ ശിഷ്യര്‍ക്ക് ക്രിസ്തുവിന്റെ സാക്ഷിയാകുവാന്‍ കഴിയുകയുള്ളൂ. ഒരുവശത്ത് യേശുവിന്റെ ദൗത്യത്തില്‍ പങ്കുചേരാന്‍ അവന്റെ കൃപയാല്‍ സാധിക്കുമെന്ന അവബോധമുണ്ടായിരിക്കണം. മറുവശത്ത് യേശുവിന് സാക്ഷ്യം വഹിക്കേണ്ട പല സാധ്യതകള്‍ ഉള്ളപ്പോഴും അവരുടെ പരിമിതികളെക്കുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരിക്കണം. കാരണം, പലപ്പോഴും ഇടറിവീണു പോയ പത്രോസിന്റെ പിന്തുടര്‍ച്ചക്കാരാണവര്‍. അതിനാല്‍, യേശുവിനോടു ചേര്‍ന്നുനിന്നാലേ, അവന്റെ സഹായം ലഭിച്ചാലേ തിന്മയ്‌ക്കെതിരെയുള്ള ക്രിസ്തുശിഷ്യന്റെ പോരാട്ടം വിജയ പരിസമാപ്തിയില്‍ എത്തുകയുള്ളൂ.

ലൂക്കാ സുവിശേഷകനും ഈ യാഥാര്‍ത്ഥ്യം നല്ലതുപോലെ അറിയാം. ശിഷ്യന്മാരെ സുവിശേഷത്തില്‍ ചിത്രീകരിക്കുമ്പോള്‍ അവരുടെ പുണ്യവും സമര്‍പ്പണവും പ്രതിപാദിക്കുന്നതിനൊപ്പം അവരുടെ ബലഹീനതകളും വീഴ്ചകളും സുവിശേഷകന്‍ വിട്ടുകളയുന്നില്ല. ലൂക്കായുടെ അഭിപ്രായത്തില്‍, യേശുവിനെ സംബന്ധിച്ച് ശിഷ്യരുടെ വലിപ്പം അടങ്ങിയിരിക്കുന്നത്, അവര്‍ അവരുടെ പരിമിതികളും ബലഹീനതകളും സ്വയം അംഗീകരിക്കുമ്പോഴാണ്. കാരണം, ഓരോ നിമിഷവും പരിപൂര്‍ണ്ണതയിലേയ്ക്കു വളരേണ്ടവരാണ് ക്രിസ്തുശിഷ്യരെന്ന് ഓരോ ശിഷ്യനും/ ശിഷ്യയും മനസ്സിലാക്കണം.

ഒരു പ്രേഷിതശിഷ്യന്‍/ശിഷ്യ എപ്പോഴും ക്രിസ്തുവിന്റെ പക്ഷത്ത് നില്‍ക്കുന്നവരായിരിക്കണം. പ്രേഷിതമേഖലകളിലെ വിജയം, യേശുവിന്റെ പക്ഷം ചേര്‍ന്നുള്ള മിഷനറിമാരുടെ യാത്രയില്‍ അടിസ്ഥാനമിട്ടിരിക്കുന്നുവെന്ന സത്യം മിഷന്‍ മാസത്തിലെ പതിനൊന്നാം ദിവസം മറക്കാതെ സൂക്ഷിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.