24 രക്തസാക്ഷികളുടെ നാട്ടിലെ മിഷൻ പ്രവർത്തനം

മരിയ ജോസ്

“24 രക്തസാക്ഷികളുടെ ജീവിത മാതൃക പിന്തുടരുന്ന ആളുകളാണ് ഉഗാണ്ടയിലെ ഭൂരിഭാഗം ക്രൈസ്തവരും. ഈ വിശുദ്ധന്മാരുടെ തിരുനാൾ ദിവസം മുന്നൂറോളം കിലോമീറ്ററുകൾ കാൽനടയായി തീർത്ഥാടനം നടത്തുന്ന മനുഷ്യരുടെ ചിത്രം പലപ്പോഴും കണ്ണുകൾക്ക് മുന്നിൽ അത്ഭുതമായി മാറുന്നു” – ഉഗാണ്ടയിലെ എന്റബെയിൽ മിഷൻ പ്രവർത്തനം നടത്തിയ അനുഭവങ്ങൾ വിൻസെൻഷ്യൻ വൈദികൻ ഫാ. ബിജു വള്ളിപ്പറമ്പിലിന്റെ വാക്കുകൾ ആണ് ഇത്. മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിറഞ്ഞ സമൂഹത്തെ ശരിയായ വിശ്വാസത്തിലേയ്ക്ക്, സത്യദൈവത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഫാ. ബിജു വള്ളിപ്പറമ്പിൽ.

ധ്യാനകേന്ദ്രത്തോട്‌ ചേർന്നുള്ള മിഷൻ പ്രവർത്തനം

2009 -ൽ ആണ് അച്ചൻ എന്റബെയിൽ എത്തുന്നത്. ഒരു ധ്യാനകേന്ദ്രത്തിലേയ്ക്കായിരുന്നു അച്ചന്റെ നിയമനം. അങ്ങനെ സഭാധികാരികളുടെ  നിർദ്ദേശം ശിരസാ വഹിച്ചുകൊണ്ട് എന്റബെയിലേയ്ക്ക് എത്തുമ്പോൾ വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. വളരെ നല്ല മനുഷ്യർ. സ്നേഹം നിറഞ്ഞ ആളുകൾ. കൂടുതലും കത്തോലിക്കർ. മിഷനറിമാരെ സംബന്ധിച്ചിടത്തോളം വലിയ എതിർപ്പുകൾ നേരിടുവാൻ സാധ്യതയില്ല എങ്കിലും വിശ്വാസത്തിലേയ്ക്ക് അവരെ കൈപിടിച്ചുയർത്തുവാൻ ധാരാളം പണിപ്പെടേണ്ട സ്ഥലം. അവിടേക്കാണ് അച്ചൻ എത്തുന്നത്. അച്ചൻ എത്തുമ്പോൾ ബിൽ എന്ന മിഷനറി വൈദികന്റെ ജീവിതവും പ്രവർത്തനവും ധാരാളം സ്വാധീനം ചെലുത്തിയ ഒരു സമൂഹത്തെയാണ് അവിടെ കാണുവാൻ കഴിഞ്ഞത്.

മിഷനറി വൈദികനായിരുന്ന അദ്ദേഹം അഫ്രിക്കൻ രാജ്യങ്ങളിൽ ഉടനീളം വർഷങ്ങളായി മിഷൻ പ്രവർത്തനം നടത്തിയിരുന്നു. ഒരു മിഷനറി എന്നതിനേക്കാൾ ഉപരിയായി അദ്ദേഹത്തെ ഉഗാണ്ടക്കാരിൽ ഒരുവനായി കാണുവാൻ അവിടുത്തെ വിശ്വാസികൾ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പകർന്ന വിശ്വാസ തീക്ഷണത എല്ലാരിലും അല്ലെങ്കിലും കുറച്ചെങ്കിലും ആളുകളിൽ ജ്വലിച്ചിരുന്നു. ആ മഹമിഷനറിയുടെ മരണത്തിനു ശേഷം ആണ് അച്ചൻ ഉഗാണ്ടയിൽ എത്തുന്നത്. ഫാ. ബില്ലിനെ അടക്കിയിരുന്നത് എന്റബെയിൽ ആയിരുന്നു. ബിജു അച്ചൻ ശുശ്രൂഷ ചെയ്യുന്ന വിൻസെൻഷ്യൻ പ്രയർ ഹൗസിനു അടുത്തായിരുന്നു ഈ സ്ഥലവും.

ഉഗാണ്ടൻ രക്തസാക്ഷികളുടെ സ്വാധീനം

അച്ചൻ അവിടെ എത്തിയ നിമിഷം മുതൽ ഉഗാണ്ടൻ രക്തസാക്ഷികൾക്ക് ഇവിടുത്തെ ക്രൈസ്തവരുടെ ജീവിതത്തിൽ ഉള്ള വലിയ സ്വാധീനം തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നു. രാജഭരണ കാലത്ത് രാജാവിനെയും രാജാവിന്റെ ദേവന്മാരെയും ആരാധിക്കണം എന്നത് അലിഖിത നിയമം ഉണ്ടായിരുന്നു. എന്നാൽ ഈ 24 രക്തസാക്ഷികൾ സത്യദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളു എന്ന് പറയുകയും ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കുകയും ചെയ്തു. തൽഫലമായി ക്രൂരമായ മാർഗ്ഗങ്ങളിലൂടെ ഈ 24 പേരെയും അധികാരികൾ കൊലപ്പെടുത്തി. ഇതാണ് ഉഗാണ്ടൻ രക്തസാക്ഷികളുടെ ചരിത്രം. ഉഗാണ്ടൻ കത്തോലിക്കരുടെ വിശ്വാസജീവിതത്തിൽ ഈ രക്തസാക്ഷികൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇവരുടെ തിരുനാൾ ദിനം ആയിരക്കണക്കിന് ആളുകളാണ് ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നത്. വരണ്ടതും ചൂട് നിറഞ്ഞതും ആയ കാലാവസ്ഥയിൽ കൊന്ത ചൊല്ലിക്കൊണ്ട് ദിവസങ്ങൾ നടന്നു കൊണ്ട് ഇവർ ഉഗാണ്ടൻ രക്തസാക്ഷികളുടെ സ്മാരകത്തിലേയ്ക്ക് എത്തുന്നു. മുന്നൂറു കിലോമീറ്ററുകളോളം താണ്ടി വരുന്നവരും ഉണ്ട്. അത് തീഷ്ണമായ വിശ്വാസത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണെന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

അന്ധവിശ്വാസങ്ങളുടെ പിടിയിൽ നിന്നും മോചനം

ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രൈസ്തവരുടെ ജീവിതത്തെ പലപ്പോഴും വിശ്വാസത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മന്ത്രവാദവും അന്ധവിശ്വാസവും. ഉഗാണ്ടക്കാരുടെ ഇടയിൽ ഇത്തരം അന്ധവിശ്വാസങ്ങൾ അൽപ്പം കൂടുതലാണെന്നു ബിജു അച്ചൻ വെളിപ്പെടുത്തുന്നു. മന്ത്രവാദിയുടെ അടുത്ത് പോയിട്ട് വരുന്ന വഴിയിൽ ദൈവാലയത്തിൽ കയറി പ്രാർത്ഥിക്കുന്ന അനേകം ആളുകൾ ഉണ്ട് ഇവിടെ. ഇത് കൂടാതെയാണ് പല ഗോത്രവർഗ്ഗങ്ങളും അവരുടെ ആചാരങ്ങളും. വൈദികരെ കാണുമ്പോൾ വലിയ കുശലാന്വേഷങ്ങൾ ഒക്കെ ആണെങ്കിലും എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ അവരുടെ കുടുംബ ജീവിതത്തിലോ വ്യക്തി ജീവിതത്തിലോ വരുമ്പോഴായിരിക്കും അവർ കൂടുതൽ മനസ് തുറക്കുന്നതും വിശ്വാസത്തിന്റെ വിത്ത് പാകുവാൻ മിഷനറിമാർക്കു കഴിയുന്നതും.

ഒരിക്കൽ ഒരു പെൺകുട്ടി വന്നു. ഏതെങ്കിലും ഒക്കെ വിവാഹം ഉറച്ചു വരുന്ന സമയങ്ങളിൽ ആ പെൺകുട്ടിക്ക് രാത്രിയിൽ ഉറങ്ങുവാൻ കഴിയില്ല. ആരോ കഴുത്തിനു പിടിച്ചു കൊല്ലുന്നത് പോലെ ഒരു അനുഭവം ആണ് അവളുടെ പ്രശ്‌നം. എപ്പോഴക്കെ കല്യാണാലോചന വന്നോ അപ്പോഴൊക്കെ ഈ അവസ്ഥയിലൂടെ ആ പെൺകുട്ടിക്ക് കടന്നു പോകേണ്ടി വന്നു. ഈ സമയം ഒക്കെ അവൾ “ഞാൻ ലൂസിഫർ, നിന്റെ ഭർത്താവാണ്” എന്ന് പറയുന്നത് പോലെയും കേട്ടു. ഇത് സഹിക്കാൻ വയ്യാതെയാണ് ആ പെൺകുട്ടി അച്ചന്റെ അടുത്ത് വന്നത്. അവളോട് കാര്യങ്ങൾ സംസാരിച്ചപ്പോഴാണ്, ഈ പെൺകുട്ടി അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോഴേ സാത്താന് സമർപ്പിച്ചു കൊണ്ടുള്ള ദുരാചാരത്തിനു അവളുടെ അമ്മ നിന്നുകൊടുത്തത് മനസിലാകുന്നത്. ഇതുകൂടാതെ ആ പെൺകുട്ടി പേടിപ്പെടുത്തുന്ന പല കാര്യങ്ങളും വെളിപ്പെടുത്തി. ഒരു ഹൊറർ മൂവി കാണുന്നത് പോലെയാണ് ബിജു അച്ചൻ അതെല്ലാം കേട്ടത്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അച്ചൻ പെൺകുട്ടിയോട് പറഞ്ഞു “നീ ധ്യാനം കൂട്. ദൈവം നിന്നെ രക്ഷപ്പെടുത്തും.”

അവൾ ധ്യാനം കൂടാൻ തയ്യാറായി. കത്തോലിക്കയാണെങ്കിലും പള്ളിയിൽ ഒക്കെ പോയിട്ട് നാളുകൾ ആയിരുന്നു. അവൾക്കു അതിനു കഴിയുമായിരുന്നില്ല എന്നാണ് അവൾ വെളിപ്പെടുത്തിയത്. എന്തായാലും ദൈവം സുഖപ്പെടുത്തും എന്ന അച്ചന്റെ ഉറപ്പിൽ അവൾ ധ്യാനം കൂടി തുടങ്ങി. ആരാധനയിൽ യേശുനാമം വിളിച്ചു പ്രാർത്ഥിക്കുവാൻ പറയുമ്പോൾ ഈ പെൺകുട്ടി മാത്രം ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട അച്ചൻ അവളെ വിളിച്ചു ചോദിച്ചു. “എന്താ നീ മിണ്ടാതെ നിൽക്കുന്നത്, ഈശോയ്ക്ക് മാത്രമല്ലെ നിന്നെ രക്ഷിക്കാൻ കഴിയാത്തൊള്ളൂ.” അപ്പോൾ അവൾ പറഞ്ഞു. “അച്ചാ എനിക്ക് ഈശോ മാത്രമാണ് രക്ഷകൻ എന്ന് അറിയാം, പക്ഷെ ആ നാമം എനിക്ക് ചാരിക്കുവാൻ പറ്റുന്നില്ല.” പ്രാർത്ഥിക്കാം എന്ന് പറഞ്ഞു അവളെ ധ്യാന ഹോളിലേയ്ക്ക് മടക്കി അയച്ചു. വീണ്ടും ധ്യാനം തുടർന്നു. തുടർന്നു കുമ്പസാരിപ്പിച്ചു. അവസാന ദിവസം അവൾ യേശു എന്ന് ഉച്ചരിച്ചു. ആ വാക്ക് അവളുടെ നാവിൽ വന്നതും പിന്നീട് കണ്ടത് ആ പെൺകുട്ടി ഒരു പാമ്പുപോലെ ഇഴഞ്ഞു തുടങ്ങുന്നതാണ്. അച്ചന്മാർ പ്രാർത്ഥനയും ആരാധനയും ശക്തപ്പെടുത്തി. വെഞ്ചരിച്ച വെള്ളം തളിച്ച് പ്രാർത്ഥിച്ചു. പതിയെ ആ പെൺകുട്ടി ശാന്തയായി. ഈശോ അവളെ പൂർണ്ണമായും പിശാചിന്റെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു. അവളുടെ വിവാഹം നടക്കുകയും സത്യവിശ്വാസത്തിലേയ്ക്ക് കടന്നു വരുകയും ചെയ്തു. ഇത്തരം നിരവധി സംഭവങ്ങൾക്കു ഈ വൈദികൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും ഇതുപോലുള്ള തിന്മകൾ ഒക്കെ മന്ത്രവാദത്തിലൂടെയും മറ്റും ഇവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നതാണ് എന്ന് അദ്ദേഹം പറയുന്നു.

മന്ത്രവാദിയുടെയും കൂടോത്രക്കാരുടെയും മറ്റും അടുത്ത് പോകരുതെന്നും പറഞ്ഞു കൊടുത്ത് ഒടുവിൽ അവർ പതിയെ സത്യാ വിശ്വാസത്തിലേയ്ക്ക് വരുവാൻ തുടങ്ങി. അങ്ങനെ പെട്ടന്ന് ഒരു മാറ്റം വരുത്തുന്നവരല്ല ഈ ആളുകൾ. എങ്കിലും ആവർത്തിച്ചു ഉള്ള ധ്യാനപ്രസംഗങ്ങളിലൂടെയും മറ്റും ഇതിനു ഒരു പരിധി വരെ മാറ്റം വരുത്തുവാൻ കഴിഞ്ഞതായി അച്ചൻ പറയുന്നു. യേശുവിന്റെ ശക്തി മനസിലായിക്കഴിഞ്ഞാൽ പിന്നെ മന്ത്രവാദികളെയും മറ്റു അന്ധവിശ്വാസങ്ങളെയും വിട്ട് ഇവർ പോരുകയാണ്. പലപ്പോഴും ഇവർക്ക് സത്യ വിശ്വാസം എന്താണെന്നു പറഞ്ഞു കൊടുക്കാൻ ആളില്ലാത്തതിനാലാണ് എങ്ങനെ സംഭവിക്കുന്നത്.

വ്യാജ പ്രവാചകന്മാർക്കിടയിൽ നിന്നും ഈശോയിലേയ്ക്ക്

പലപ്പോഴും ആഫ്രിക്കൻ നാടുകളിലെ ഒരു പ്രത്യേകതയാണ് അവർക്കു സത്യവിശ്വാസം പങ്കുവച്ചു കൊടുക്കുവാൻ ആളില്ല എന്നത്. മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത കൂദാശയും അതിന്റെ പ്രാധാന്യവും ഒക്കെ പഠിക്കുവാനും മനസിലാക്കുവാനും നാളുകൾ കാത്തിരിക്കണം. ഒരു പക്ഷെ അടുത്ത ഒരു മിഷനറിയുടെ വരവിലായിരിക്കും അവർക്കു അതുമായി ബന്ധപ്പെട്ട വിശ്വാസവും അറിവും ലഭിക്കുന്നത്. ഇത് ഒരു പ്രശ്നം തന്നെയാണ്. കൂടാതെ ആളുകളെ മുതലെടുക്കുന്ന ചെറിയ ചെറിയ രജിസ്റ്റേർഡ് സഭകളും വ്യാജ പ്രവാചകന്മാരും ഈ സമൂഹത്തെ സത്യവിശ്വാസത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. ഇത്തരം പ്രതിസന്ധികൾക്കെതിരെയാണ് ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം നടത്തുന്ന ഓരോ മിഷനറി വൈദികനും പ്രവർത്തിക്കുന്നത്.

പലപ്പോഴും ധ്യാനകേന്ദ്രത്തിൽ വന്നു പൂർണ്ണമായും വിടുതൽ ലഭിച്ച ആളുകളിലൂടെയാണ് ഇവിടെ മിഷൻ പ്രവർത്തനം വ്യാപിക്കുന്നത്. ധ്യാനകേന്ദ്രത്തിൽ വന്നു ആത്മീയവും മാനസികവും ശാരീരികവും ആയി സൗഖ്യം ലഭിച്ചവർ മറ്റുള്ളവരെ കൂട്ടികൊണ്ട് വരും. അവരിലേക്ക്‌ ദൈവ വചനം പകർന്നു നൽകികൊണ്ട് അവരെ മിഷനറിമാരാക്കി മാറ്റുകയായിരുന്നു ഈ വൈദികൻ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.