
ഡോങ്കി വാട്ടറിന്റെ നാട്ടിലെ മിഷനറിമാർ 2

ഈ നാട്ടില് വൈദ്യുതി സുലഭമല്ല എന്നത് ഒരു പ്രധാന കാര്യമാണ്. അത് എല്ലാവിധ പ്രവര്ത്തനങ്ങളെയും തടസപ്പെടുത്തുകയും ചെയ്യും. ക്ലാസില് ബോര്ഡില്
എഴുതി കൊടുക്കുന്നതും പഠിപ്പിക്കുന്നതും മാത്രമേ കുട്ടികള്ക്ക് പഠിക്കാന് സാധിക്കുന്നുള്ളൂ. വീട്ടില് പോയി ഒന്നും ചെയ്യാന് പറ്റില്ല. ഇലക്ട്രിസിറ്റി ഇല്ലല്ലോ. പുസ്തകങ്ങള് പോലും ഇവിടെ ലഭ്യമല്ല. കുറേ ആളുകള്ക്കൊക്കെ മൊബൈല് ഉണ്ടെങ്കിലും ടവറുകളൊക്കെ കുറവായതിനാല് ഇന്റര്നെറ്റും ലഭ്യമല്ല. ഈ പ്രദേശത്തു ടാറിട്ട റോഡുകള് ഒന്നോ രണ്ടോ മാത്രം. ബാക്കിയെല്ലാം പൊളിഞ്ഞു കിടക്കുന്ന ചെമ്മണ് പാതകളാണ്. അതുകൊണ്ടു തന്നെ വാഹനഗതാഗതം തീര്ത്തും കുറവും എല്ലാവരും കാല്നട യാത്രക്കാരുമാണ്. മണിക്കൂറുകള് നടന്നാണ് കുട്ടികളൊക്കെ സ്കൂളുകളിലും കോളജുകളിലും എത്തുന്നത്. ബസ് ഈ സംസ്ഥാനത്തില്ല. ഇവിടുത്തെ വിമാനത്താവളത്തിന് നമ്മുടെ നാട്ടിലെ ബസ് സ്റ്റാന്ഡിന്റെ അത്ര വലിപ്പമേയുള്ളൂ.
പുല്ലുമേഞ്ഞ വീടുകളാണ് എല്ലാവര്ക്കും. നല്ലൊരു ശതമാനം ആളുകളും വാടകയ്ക്കുമാണ് താമസിക്കുന്നത്. ശക്തമായ മഴ പെയ്താല് വീട്ടില് മുഴുവന് വെള്ളമായിരിക്കും. മറ്റൊരു പ്രധാന പ്രശ്നം മോഷണമാണ്. വീട്ടിലെ സാധനങ്ങള് മോഷണം പോവും. ഇതുമായി ബന്ധപ്പെട്ട് സങ്കടകരമായ ഒരു കാഴ്ച ഞങ്ങള് കാണാറുണ്ട്. ക്ലാസില് വരുമ്പോള് കുട്ടികള്, ബെഡ്ഷീറ്റ്, പുതപ്പ്, ആകെ മിച്ചമുള്ള ഒരു ജോഡി വസ്ത്രം തുടങ്ങിയവയെല്ലാം ബാഗില് നിറച്ച് കൊണ്ടുവരും. വീട്ടില് വച്ചിട്ട് പോന്നാല് മോഷണം പോകുമെന്ന് ഭയന്ന്.
സ്കൂള്, ആശുപത്രി, നഴ്സിംഗ് കോളജ് എന്നിവ കൂടാതെ നൂട്രീഷന് പ്രോജക്ടും അഗ്രികള്ച്ചറല് പ്രോജക്ടുമാണ് ഞങ്ങളുടെ ഇവിടുത്തെ പ്രവര്ത്തന മേഖലകള്. അഗ്രികള്ച്ചറല് പ്രോജക്ടില് ജര്മ്മനിയിലെ കാരിത്താസ് ഉള്പ്പെടെയുള്ള പല NGO കളുടെ സഹായത്തോടെ അവരുടെ മധ്യവര്ത്തിയായി നിന്നുകൊണ്ടാണ് ഞങ്ങള് ഇവിടെ സേവനം ചെയ്യുന്നത്. കൃഷിയ്ക്ക് ആവശ്യമായ വിത്തും ഉപകരണങ്ങളും അവരില് നിന്ന് സ്വീകരിച്ച് ഇവിടുള്ളവര്ക്ക് വിതരണം ചെയ്യും. കൂടാതെ കൃഷിയുടെ ഓരോ ഘട്ടത്തിലും അവരുടെ കൂടെനിന്ന് നിര്ദേശങ്ങളും സഹായങ്ങളും നല്കും. വിളവുകള് കുറെയൊക്കെ വില്ക്കുകയും ബാക്കി അവര്ക്ക് ഉപയോഗിക്കുകയും ചെയ്യാം.
പോഷകാഹാരക്കുറവാണ് കുട്ടികളും മുതിര്ന്നവരും ഒരുപോലെ നേരിടുന്ന മറ്റൊരു പ്രശ്നം. അതുകൊണ്ട്, UNICEF, WFP ( WORLD FOOD PROGRAMME) എന്നിവയുടെ സഹായത്തോടെ നുട്രീഷന് പ്രോജക്ട് നടപ്പിലാക്കി വരുന്നു. കുട്ടികളുടെയും അമ്മമാരുടെയും, ഗര്ഭിണികളുടെയും ഇടയിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ഫീഡിംഗ് പ്രോഗ്രാമാണ് നടത്തുന്നത്. സ്വീഡന്, കാനഡ, അമേരിക്ക, റഷ്യ, ജര്മ്മനി പോലുള്ള വലിയ രാജ്യങ്ങളില് നിന്നുള്ള വോളണ്ടിയര്മാരുടെ സഹായം ഇവിടെ എത്തുന്നുണ്ട്. വില്ലേജ് ഏരിയകളില് മൂന്നുമാസത്തെ ഇടവേളകളില് ഭക്ഷണം എത്തിച്ചുകൊടുക്കും. മിഷന് പ്രവര്ത്തനത്തിലെ പ്രധാന സേവനമാണ് ഇത്.
സ്കൂളില് ജി1 മുതല് ജി8 വരെയാണ് പ്രൈമറി ക്ലാസുകള്. അതു കഴിയുമ്പോള് ബോര്ഡ് പരീക്ഷ ഉണ്ടാവും. പിന്നീട് സെക്കന്ററി ക്ലാസുകള് തുടങ്ങും. സീനിയർ 1 മുതൽ സീനിയർ 4 വരെ. ജാന്പാത് എന്ന ഉള്ഗ്രാമത്തിലാണ് ഞങ്ങള് പ്രൈമറി സ്കൂള് തുടങ്ങിയിരിക്കുന്നത്. നിലവില് മാവിന് ചുവട്ടിലാണ് ക്ലാസുകള് നടക്കുന്നത്. കുട്ടികള്ക്ക് ഇരിക്കാന് മരക്കമ്പുകള് കൊണ്ടുള്ള ബഞ്ച് കുറച്ചൊക്കെയുണ്ട്. അല്ലെങ്കില് ടാര്പായ വിരിച്ച് അതില് ഇരുത്തി പഠിപ്പിക്കും. ബോര്ഡും മരത്തില് കെട്ടിത്തൂക്കിയിരിക്കും. ചെറിയൊരു കെട്ടിടം സമീപത്ത്, പണിതീര്ന്നു വരുന്നുണ്ട്. ഉടനെ അവിടേയ്ക്ക് മാറണമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകം, സ്ലേറ്റ്, പെന്സില് എല്ലാം സൗജന്യമായി കൊടുക്കുമെങ്കിലും ഭക്ഷണം സൗജന്യമായി ലഭിക്കും എന്ന ഒറ്റ കാരണത്താലാണ് ചെറിയ കുട്ടികള് അടക്കമുള്ളവര് ക്ലാസില് എത്തിക്കൊണ്ടിരിക്കുന്നത്.
നഴ്സിംഗ് കോളജില് മൂന്ന് കോഴ്സുകളാണുള്ളത്. ഡിപ്ലോമ ഇന് നഴ്സിംഗ്, ഡിപ്ലോമ ഇന് മിഡ്വൈഫ്റി, ബാച്ചിലര് ഓഫ് നഴ്സിംഗ് എന്നിവ. ഇവിടെ കോളജില് പഠിക്കുന്ന കുട്ടികളില് പലരും വിവാഹിതരുമാണ്. കാരണം പതിനഞ്ചും പതിനെട്ടും വയസാകുമ്പോള് അവര് വിവാഹം കഴിക്കും. വിവാഹം എന്നത് ചെറിയ ഒരു ചടങ്ങ് മാത്രമാണ്. പള്ളികളില് വിവാഹം നടത്താറില്ല. കാരണം അതിന് കൂടുതല് പണം വേണം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് ഇങ്ങനെയുള്ളവരെ കാര്യം പറഞ്ഞ് മനസിലാക്കി പള്ളികളില് എത്തിച്ച് വിവാഹം ആശീര്വദിക്കുകയും മാമ്മോദീസ സ്വീകരിക്കാത്തവര്ക്ക് കുടുംബസമേതം, മാമ്മോദീസ സ്വീകരിക്കാനുള്ള അവരം ഒരുക്കി കൊടുക്കുകയും ചെയ്തുവരുന്നു.
ഹോസ്പിറ്റലില് വരുന്നതും ഗ്രാമപ്രദേശങ്ങളില് നിന്നു തന്നെയുള്ളവരാണ്. അതുകൊണ്ട് പരമാവധി സൗജന്യ സേവനമാണ് നല്കുന്നത്. ഗര്ഭിണികള്ക്കും അമ്മാര്ക്കും കുഞ്ഞുങ്ങള്ക്കും വേണ്ടിയാണ് കൂടുതല് ചികിത്സകള് നല്കുന്നത്. ഗ്രാമപ്രദേശങ്ങളില് നിന്ന് എത്തുന്നവരായതിനാല് ആളുകള്ക്ക് ശുചിത്വം കുറവാണ്. അതുകൊണ്ടു തന്നെ പ്രാഥമിക ശുചിത്വം പാലിക്കുന്നതിനുള്ള പരിശീലനവും ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. അര്ധനഗ്നമായ വസ്ത്രധാരണമാണ് അവിടെ പൊതുവെ ഉള്ളത്. നാട്ടില് നിന്നും മറ്റും വസ്ത്രം ശേഖരിച്ച് എത്തിച്ചുകൊടുക്കുന്നുണ്ടെങ്കിലും അത് വേണ്ട രീതിയില് ഉപയോഗിക്കാന് അവര്ക്ക് ഇനിയും പരിശീലനം ആവശ്യമാണ്.
മലേറിയയാണ് ആരോഗ്യരംഗത്തെ മറ്റൊരു പേടിസ്വപ്നം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്ക്കുപോലും ഉണ്ടാവും ആ രോഗം! നമ്മുടെ നാട്ടിലൊക്കെ ഉപയോഗിക്കുന്ന പല മരുന്നുകള്ക്കും ഇവിടെ വിലക്കുണ്ട്. ക്യുനിന് എന്ന ഒരു മരുന്ന് മാത്രമാണ് ഉപയോഗിക്കാവുന്നത്. ഇത് ചികിത്സാരംഗത്ത് വലിയ വെല്ലുവിളി ഉയര്ത്തുന്നുണ്ട്. നമ്മുടെ നാട്ടിലൊക്കെ വളരെ അപൂര്വമായി കാണുന്ന സെറിബ്രല് മലേറിയ എന്ന രോഗം ഇവിടെ സര്വസാധാരണവും അതുമൂലം മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലുമാണ്.
മരണം എന്നാല് സ്വന്തം വീട്ടിലേയ്ക്കുള്ള തിരിച്ചു പോക്കായാണ് ഇവിടുള്ളവര് കരുതുന്നത്. അതുകൊണ്ട് മരണവും ഇവര് ആഘോഷിക്കും. കരയുന്നുണ്ടാവും, എങ്കിലും പാട്ടുപാടി ഡാന്സ് ചെയ്ത് ആഘോഷത്തോടെ പരേതനെ അടക്കം ചെയ്യും. അവരവരുടെ സമ്പത്തിനനുസരിച്ച് മൃതസംസ്കാരത്തില് പങ്കെടുക്കാന് എത്തുന്നവര്ക്ക് കാളയേയോ പശുവിനെയോ ഒക്കെ കൊന്ന് വിരുന്ന് നല്കുകയും ചെയ്യും. മാത്രമല്ല, സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മദ്യപിക്കുകയും ചെയ്യും. സെമിത്തേരിയില് കൊണ്ടുപോയി അടക്കുന്നവര് കുറവാണ്. സ്വന്തമായി സ്ഥലമുണ്ടെങ്കില് അവിടെത്തന്നെ അടക്കും. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും മരണ സമയത്തും പിന്നീട് കുറച്ച് നാളുകളിലും കറുപ്പ് വസ്ത്രം മാത്രമേ ധരിക്കുകയുള്ളു. വൈദ്യുതി ഇല്ലാത്തതിനാല് മോര്ച്ചറി ഉപയോഗിക്കാന് സാധിക്കാത്തതു കൊണ്ട് സംസ്കാരം പരമാവധി വേഗത്തില് തന്നെ നടത്തുകയും ചെയ്യും.
സ്നേഹിച്ചാല് അതിഭയങ്കരമായി സ്നേഹിക്കും, സ്വന്തം ആളുകള്ക്കുവേണ്ടി മരിക്കാനും തയാറാവും. ദേഷ്യം വന്നാല് കൊല്ലാന് മടിയ്ക്കാത്ത അത്ര വെറുപ്പും ആയിരിക്കും അതാണ് ഇവിടുത്തെ ജനത്തിന്റെ പ്രത്യേകത. അവരുടെ ഞായറാഴ്ച ആചരണം അതീവ ആഘോഷമാണ്. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്നവരായതിനാല് താളമേളങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെയാണ് കുര്ബാന. സ്വന്തമായുണ്ടാക്കുന്ന അനേകം വ്യത്യസ്ത സംഗീതോപകരണങ്ങള് ഉപയോഗിച്ച് പാട്ടുപാടിയും ഡാന്സു കളിച്ചും ദൈവത്തെ ആരാധിക്കുന്ന രീതി. അതിന് എത്ര സമയമെടുത്താലും അവര്ക്ക് പരാതിയില്ല. അതുപോലെ, വിളവ് ശേഖരിക്കുന്ന സമയത്ത് വിളവിന്റെ ഒരുഭാഗം ദൈവത്തിന് സമര്പ്പിക്കുന്ന പതിവും അവര്ക്കുണ്ട്. വൈദികരെ സംബന്ധിച്ച് ഞായറാഴ്ചയാണ് ജനങ്ങളെ അടുത്തു കിട്ടുന്നത്. അതുകൊണ്ട് ആ ദിവസം എത്രമാത്രം കാര്യങ്ങള് പറഞ്ഞുകൊടുക്കാമോ അത്രയും കാര്യങ്ങള് പറയുകയും പഠിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് പ്രസംഗമൊക്കെ വളരെയധികം നീണ്ടുപോകും. എങ്കിലും ക്ഷമയോടെയും താത്പര്യത്തോടെയും ആളുകൾ അത് കേട്ടിരിക്കും. കാരണം ആളുകൾക്ക് അത് അത്രമാത്രം താല്പര്യമാണ്. മാതാവിനോട് അതീവ ഭക്തി പുലര്ത്തുന്നവരാണ് ഇവിടുത്തെ ആളുകള്. മാതാവിന്റെ തിരുനാള് ദിനങ്ങളും അത്യാഘോഷത്തോടെ അവര് നടത്തും.
അവരുടെ ഇടയില് ദൈവിശ്വാസം ഉണ്ടെങ്കിലും മാമ്മോദീസ, വിവാഹം, രോഗീലേപനം പോലുള്ള കൂദാശകള് അവര്ക്ക് അധികം പരിചിതമല്ല. അതുകൊണ്ട്, കൂദാശകളില് ആഴപ്പെടുത്താനുള്ള ശ്രമങ്ങളും മിഷനറിമാര് ഇവിടെ നടത്തി വരുന്നുണ്ട്. ആദ്യവെള്ളിയാഴ്ചകളിലാണ് കൂദാശകള് പരികര്മ്മം ചെയ്തു കൊടുക്കാറ്. അന്ധവിശ്വാസങ്ങളും ക്ഷുദ്രപ്രയോഗങ്ങളും സമാന്തരമായി ഈ നാട്ടില് പ്രചാരത്തിലുണ്ട്. ചില അവസരങ്ങളില് അവര് അതും പരീക്ഷിക്കാന് തുനിയും. ദാമ്പത്യ വിശ്വസ്തത പുലര്ത്തുന്ന സ്ത്രീകള്ക്ക് മാത്രമേ പ്രസവ സമയത്ത് കഠിന വേദന ഉണ്ടാവുകയുള്ളൂ, ഒന്നില്കൂടുതല് ഭര്ത്താക്കന്മാരുണ്ടെങ്കില് കുഞ്ഞിന്റെ യഥാര്ത്ഥ പിതാവ് എത്തിയാല് മാത്രമേ ആ സ്ത്രീ പ്രസവിക്കുകയുള്ളൂ തുടങ്ങിയ രീതിയിലുള്ള അന്ധവിശ്വാസങ്ങള് ഇവർക്കിടയിലുണ്ട്. ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും ലിംഗഛേദനം, ആണ്കുട്ടികളുടെ ധീരത തെളിയിക്കാന് പന്ത്രണ്ടാമത്തെ വയസില് വരുന്ന പുതിയ പല്ല് പറിച്ചെടുക്കുക, ഏഴാമത്തെ വയസില് പെണ്കുട്ടികളുടെയും ആണ്കുട്ടികളുടെയും ദേഹത്ത് പലയിടത്തായി വര്ഗം തെളിയിക്കുന്ന ചിഹ്നം കമ്പി പഴുപ്പിച്ച് വച്ച് ടാറ്റു പോലെ പതിക്കുക തുടങ്ങിയ പ്രാകൃത രീതികളും അവരുടെ ഇടയിലുണ്ട്. ഇതില് മാറ്റം വരുത്താനായി സ്കൂളുകളില് എല്ലാ ക്ലാസുകളിലും ലിംഗനീതി എന്ന വിഷയം സിലബസില് ഉള്പ്പെടുത്തിയിട്ടുണ്ട്.
എട്ടു വര്ഷമായി ഞങ്ങളുടെ ഇവിടുത്തെ ബിഷപ്പ് മരിച്ചിട്ട്. ഇതേവരെ പുതിയ ബിഷപ്പിനെ ലഭിച്ചിട്ടില്ല. ഒരു അഡ്മിനിസ്ട്രേറ്ററാണ് ഉള്ളത്. ഇക്കാരണത്താല് തന്നെ അത്രകണ്ട് ഏകീകൃതമായ മിഷന് പ്രവര്ത്തനം സാധ്യമായിട്ടില്ല. ഫ്രാന്സിസ്കന് സിസ്റ്റേഴ്സ്, കോംബനി ഫാദേഴ്സ്, സിസ്റ്റേഴ്സ്, ബ്രദേഴ്സ്, സലേഷ്യന്സ്, വിന്സെന്ഷ്യന് സിസ്റ്റേഴ്സ്, ഇവിടെ തന്നെയുള്ള സേക്രട്ട് ഹാര്ട്ട് സിസ്റ്റേഴ്സ്, ജെസ്യൂട്ട് ഫാദേഴ്സ് എന്നിവരെല്ലാം ചേര്ന്നാണ് എഡ്യൂക്കേഷന് മിഷന്, ഹോസ്പിറ്റല് മിഷന്, ഫുഡ് മിഷന്, അഗ്രിക്കള്ച്ചറല് മിഷന് എന്നിവയെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇതെല്ലാം ഞങ്ങള് ചെയ്യുമ്പോഴും ചൂഷണത്തിന്റെയും അത്യാഗ്രഹത്തിന്റെയും അസംതൃപ്തിയുടെയും മനോഭാവമാണ് ഇവിടെ പലരിലും കാണാന് സാധിക്കുന്നത്. വളരെ ചെറിയ സമൂഹം മാത്രമാണ് നന്ദിയുടെ മനോഭാവം പ്രകടിപ്പിക്കുക. എന്നാല് തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ, സമയവും ആരോഗ്യവും കഴിവുകളും അവര്ക്കായി സമര്പ്പിക്കുകയാണ് ഞങ്ങള് മിഷനറിമാര് ചെയ്തുവരുന്നത്. അതുകൊണ്ടു തന്നെ പരിപൂര്ണ സംതൃപ്തിയോടും സന്തോഷത്തോടും കൂടെയാണ് ഞങ്ങള് ഇവിടെ പ്രവര്ത്തിച്ചു പോരുന്നതും.
ഇത്രയും നാളത്തെ അനുഭവം കൊണ്ട് ഞങ്ങള് മനസിലാക്കിയ ഒരു പ്രധാന കാര്യം ഇതാണ്. ഭൗതിക സൗകര്യങ്ങള് മാത്രം ഒരുക്കി നല്കി അവരെ സഹായിക്കുന്നതിലും ഉപരിയായി അവരുടെ മേല് ദൈവകരുണയ്ക്കുവേണ്ടി അതിശക്തമായ പ്രാര്ത്ഥന ആവശ്യമുണ്ട്. കാരണം, പരസ്പരം ക്ഷമിയ്ക്കുമാവും പൊറുക്കുവാനുമുള്ള കൃപ അവര്ക്ക് ലഭിക്കണം. കൂടാതെ, തങ്ങളുടെ അവസ്ഥ മനസിലാക്കാനും അതില് നിന്ന് ഉയിര്ത്തെഴുന്നേല്ക്കാനുമുള്ള ജ്ഞാനം ലഭിക്കണം. അത് പൊതുജനത്തിന്റെ കാര്യത്തിലായാലും അധികാരികളുടെ കാര്യത്തിലായാലും. ഇതിനെല്ലാം ദൈവത്തിന്റെ കരുണയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളും അത്യാവശ്യമാണ്. ഭൗതികവും ആത്മീയവുമായി ഏറെ മുന്നിട്ടു നില്ക്കുന്ന, ഞങ്ങളെ വായിക്കുന്ന ജനത്തോടും അപേക്ഷിക്കാനുള്ളത് ഇതാണ്, അറിവില്ലായ്മയുടെയും നിസ്സഹായതയുടെയും പേരില് അടിച്ചമര്ത്തപ്പെട്ട ഈ ജനതയുടെമേല് ദൈവത്തിന്റെ ആത്മാവ് നിറയപ്പെടുന്നതിനായി നിങ്ങളും പ്രാര്ത്ഥിക്കണമേ…
കീർത്തി ജേക്കബ്




