എവറസ്റ്റിന്റെ മടിത്തട്ടിലെ മിഷൻ പ്രവർത്തനം 

കീര്‍ത്തി ജേക്കബ്

1831ല്‍ മാന്നാനത്തു ആരംഭിച്ച ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസസമൂഹം, ഇപ്പോള്‍ 35 രാജ്യങ്ങളില്‍ നിസ്തുലമായ സേവനം ചെയ്യുന്ന ആഗോളസന്യാസസമൂഹമായി വളര്‍ന്നിരിക്കുന്നു എന്നത് സിഎംഐ സമൂഹത്തിന്റെ മാത്രമല്ല, കേരളസഭയുടെയാകെ മിഷന്‍ ചൈതന്യത്തിന് തെളിവാണ്. സന്യാസസമൂഹങ്ങള്‍ അടിസ്ഥാനപരമായി പ്രേഷിതസ്വഭാവമുള്ളതാകണം എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു, സിഎംഐ സന്ന്യാസസമൂഹത്തിന്റേതെന്ന് വ്യക്തം. അവയില്‍ പ്രധാനപ്പെട്ടതാണ് നേപ്പാളില്‍ സിഎംഐ സഭ നടത്തി വരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍. എവറസ്റ്റിന്റെ മടിത്തട്ട് എന്ന് വിളിപ്പേരുള്ള നേപ്പാളിലെ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലൈഫ്‌ഡേയോട് സംസാരിക്കുകയാണ്, ഫാ. ജെയിന്‍ കാളാംപറമ്പില്‍ സിഎംഐ.

ഹിമാലയന്‍ രാജ്യമാണ് നേപ്പാള്‍. മൂന്നു ഭാഗം ഇന്ത്യയുമായും ഒരു ഭാഗം ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യം. ഹിന്ദു രാഷ്ട്രമായാണ് അറിയപ്പെടുന്നതെങ്കിലും സിക്ക്, ബുദ്ധ, ക്രൈസ്തവ, മുസ്ലീം വിശ്വാസികളും ഇവിടെയുണ്ട്. ഇവരേക്കാളെല്ലാം കൂടുതലായി ഗോത്രവിഭാഗക്കാരും ഏറെ. ഓരോരുത്തര്‍ക്കും വ്യത്യസ്ത ഭക്ഷണ- വസ്ത്ര രീതികളും ആചാരാനുഷ്ഠാനങ്ങളും. സ്ത്രീകള്‍ കൂടുതലുള്ള രാജ്യമെന്ന നിലയില്‍ സ്ത്രീ ജനങ്ങള്‍ പരമാവധി സ്വാതന്ത്ര്യം അനുഭവിക്കുന്ന പ്രദേശം കൂടിയാണിത്. പുരുഷന്മാര്‍ നല്ലൊരു ശതമാനവും ഇന്ത്യ, മലേഷ്യ, സൗദി പോലുള്ള വിദേശരാജ്യങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്നവരുമാണ്. 2007 – ലാണ് രാജഭരണം അവസാനിച്ച് നേപ്പാൾ, സെക്കുലര്‍ രാജ്യമായി മാറിയത്. വീണ്ടും പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്, ‘ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് നേപ്പാള്‍’ എന്ന പദവി ലഭിച്ചത്. സംസ്ഥാനങ്ങള്‍ക്കു പകരം നേപ്പാളിനെ ഏഴ് പ്രോവിന്‍സുകളായി വിഭജിച്ചിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം ലോക്കല്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉണ്ട്.

നേപ്പാളില്‍ പതിനേഴാം നൂറ്റാണ്ടു മുതല്‍ തന്നെ മിഷനറിമാരുടെ സാന്നിധ്യം ഉണ്ട്. ടിബറ്റന്‍ മിഷനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ കപ്പൂച്ചിന്‍, ജെസ്യൂട്ട് വൈദികരൊക്കെ ഇവിടെയും തങ്ങളുടെ സേവനം ലഭ്യമാക്കിയതായുള്ള ചരിത്രം ഉണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ദേവാലയം സ്ഥാപിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് പല കാലഘട്ടങ്ങളിലായി പല സഭക്കാരായ മിഷനറിമാര്‍ എത്തി, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിച്ചു.

ഇപ്പോള്‍, പല റിലീജിയസ് കോണ്‍ഗ്രിഗേഷനുകളും അനേകം വൈദികരും സന്ന്യസ്തരും സേവനം ചെയ്യുന്ന ഇടമെന്ന നിലയില്‍ കാഠ്മണ്ഡു, ഈസ്റ്റ് നേപ്പാള്‍, അതിനോട് ചുറ്റിപ്പറ്റി കിടക്കുന്ന താഴ്‌വാര പ്രദേശങ്ങളെല്ലാം വികസനത്തിന്റെ പാതയിലാണ്. കത്തോലിക്കാ സഭയുടെ ശക്തമായ സ്വാധീനവും സഹായവും ലഭിക്കുന്ന പ്രദേശങ്ങളായി ഇവിടം മാറിക്കഴിഞ്ഞിരിക്കുന്നു.

കാഠ്മണ്ടുവില്‍ നിന്ന് 850 കിലോമീറ്റര്‍ അകലെയുള്ള, ഏഴാമത്തെ പ്രൊവിന്‍സിലാണ് സിഎംഐ സഭാംഗങ്ങള്‍ തങ്ങളുടെ മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2011 മാര്‍ച്ചിലാണ്, കാലം ചെയ്ത ബിഷപ്പ് ആന്റണി ശര്‍മ്മയുടെ നിര്‍ദേശപ്രകാരമാണ് നേപ്പാളിലെ കഞ്ചന്‍പൂര്‍ ജില്ലയില്‍ സിഎംഐ ബിജിനോര്‍ സെന്റ്‌ ജോണ്‍സ് പ്രോവിന്‍സിലെ അംഗങ്ങള്‍ പ്രേഷിതപ്രവര്‍ത്തനം ആരംഭിച്ചത്.  ആന്റണി ശര്‍മ്മയാണ് (അമൂല്യനാഥ് ശര്‍മ്മ) നേപ്പാളിലെ ആദ്യ ബിഷപ്പ്. നേപ്പാള്‍ രാജാവിന്റെ സദസില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വ്യക്തിയുടെ മകനായിരുന്നു അദ്ദേഹം. ജെസ്യൂട്ട് ബോര്‍ഡിംഗിലൊക്കെ പഠിച്ച്,  ക്രിസ്തു മതത്തില്‍ ആകൃഷ്ടനായി, ക്രൈസ്തവിശ്വാസം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരനായ പോള്‍ സിമ്മിക്കാണ് നിലവിലെ ഇവിടുത്തെ ബിഷപ്പ്.

നേപ്പാളില്‍ സുവിശേഷ പ്രഘോഷണം നടത്തുക എന്നതായിരുന്നു സി.എം.ഐ. മിഷന്റെ ലക്ഷ്യം. അച്ചന്മാര്‍ ആദ്യമായി ഇവിടെ വരുമ്പോൾ രണ്ട് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.  കഞ്ചന്‍പൂര്‍, രാജ്യത്തെ തന്നെ ഏറ്റവും അപരിഷ്‌കൃത പ്രദേശമാണ്. താരു ഗോത്രത്തില്‍ പെടുന്ന ആളുകളാണ് ഇവിടെ കൂടുതല്‍. കൃഷിയാണ് പ്രധാന വരുമാനമാര്‍ഗം. അതുകൊണ്ടു തന്നെ തീര്‍ത്തും പാവപ്പെട്ട ജനതയാണ് ഇവിടുള്ളത്. വല്ലപ്പോഴുമാണ് ശക്തമായ മഴ ലഭിക്കുക. എന്നാല്‍ തത്ഫലമായുണ്ടാവുന്ന വെള്ളപ്പൊക്കവും പ്രളയവും ജനജീവിതം താറുമാറാക്കും. ഗ്രാമത്തിലേയ്ക്ക് നല്ല റോഡുകള്‍ ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം.

പണ്ടു കാലത്ത് ഇവിടെ എത്തിയ മിഷനറിമാരാല്‍ വിശ്വാസം സ്വീകരിച്ചവര്‍ ഇവിടെ ഉണ്ടെങ്കിലും നേപ്പാളിലെ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് അവര്‍ക്ക് വിശ്വാസത്തില്‍ നിലനില്‍ക്കാനും വളരാനും ആവശ്യമായ ശുശ്രൂഷകള്‍ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ആ കുറവ് പരിഹരിക്കുക എന്നതായിരുന്നു സിഎംഐ മിഷനറിമാരുടെ ദൗത്യം. മിഷനറിമാര്‍ എത്തിയ സമയത്ത് അവിടെയുണ്ടായിരുന്ന വിശ്വാസികള്‍ ആദ്യമായി അവരോട് പങ്കുവച്ച സങ്കടവും അതു തന്നെയായിരുന്നു. വര്‍ഷങ്ങളായി, ക്രിസ്തുമസ്, ഈസ്റ്റര്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ പോലും തങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല! പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം വിശുദ്ധ കുര്‍ബാന ലഭിച്ച ചരിത്രമൊക്കെ അവര്‍ വേദനയോടെ പങ്കുവയ്ക്കുകയുണ്ടായി. ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ യാതൊന്നും വര്‍ഷങ്ങളോളം ലഭിക്കാതിരുന്നിട്ടും സ്വന്തമായ ഭക്താനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമായി വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ അവര്‍ കാണിച്ച മനസ് മിഷനറിമാര്‍ക്കുപോലും പ്രചോദനവും പ്രോത്സാഹനവുമായി.

ബിജ്‌നോര്‍ സെന്റ് ജോണ്‍സ് പ്രൊവിന്‍സ് അംഗങ്ങളായ ഫാ. ജെറാള്‍ഡ് ജോസഫ് പടിഞ്ഞാറെപീടിക, ഫാ. ജോജി വേലിക്കകത്ത് എന്നിവരാണ് ഒരു വാടക വീട്ടില്‍ താമസിച്ചുകൊണ്ട് മിഷന്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. കൃത്യമായി പറഞ്ഞാല്‍  കഞ്ചന്‍പൂര്‍ ജില്ലയി പുനര്‍ബാസ് എന്ന സ്ഥലത്താണ്. ഈ സ്ഥലത്തിന് ഒരു ചരിത്രമുണ്ട്. നാല്‍പ്പതു വര്‍ഷം മുന്‍പ് നടന്നതാണ് അത്. അന്ന് പുനര്‍ബാസ് ഇന്ത്യയോട് ചേര്‍ന്നു കിടന്നിരുന്ന രു കാടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് പുനര്‍ബാസിനെ ഇന്ത്യയില്‍ ചേര്‍ക്കാനുള്ള ഒരു ശ്രമം തുടങ്ങിയപ്പോള്‍ നേപ്പാള്‍ രാജാവ്‌ നേപ്പാളിലെ സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകളെ – മലകളില്‍നിന്നും, താഴ്വാരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും – കൊണ്ടുവന്ന്ഇവിടെ താമസിപ്പിച്ചു.  പുനര്‍ബാസ് എന്ന പേരുതന്നെ അങ്ങനെ വന്നതാണ്‌.

മിഷനറിമാരുടെ വരവ്, ജനങ്ങള്‍ക്ക് വലിയ സന്തോഷവും ഉത്സാഹവും ആവേശവുമാണ് സമ്മാനിച്ചത്. രണ്ട് ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്, ഒന്ന്, യുവതലമുറയെ വിശ്വാസത്തില്‍ ആഴപ്പെടുത്തുക, രണ്ട് ജാതിമത ഭേതമന്യേ എല്ലാവരെയും ദൈവവിശ്വാസത്തില്‍ ആഴപ്പെടുത്തുക. ഒപ്പം അവരുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായങ്ങളും പരിശ്രമങ്ങളും നടത്തിപ്പോന്നു. പടിപടിയായി, ആശ്രമവും, ദൈവാലയവുമെല്ലാം പണിതീര്‍ക്കുകയും ചെയ്തു. നേപ്പാളി, ലത്തീന്‍ ആരാധനാ ക്രമത്തിലുള്ള കുര്‍ബാനയാണ് ഇവിടെ ചൊല്ലുന്നത്. നേപ്പാളില്‍ രൂപതയ്ക്ക് പകരം വികാരിയത്ത് ആണ് ഉള്ളത്. ഇത് ‘വികാരിയത്ത് ഓഫ് നേപ്പാള്‍’ എന്നാണ് അറിയപ്പെടുന്നത്.

അടിയുറച്ച ആത്മീയതയുള്ള ഒരുകൂട്ടം ഇടവക സമൂഹത്തെ ഇതിനോടകം മിഷനറിമാര്‍ക്ക് സ്വന്തമാക്കാനായി. പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി പല നല്ല പദ്ധതികള്‍ ആവിഷ്കരിക്കുകയും ആരോഗ്യമേഖലയിലെ കുറവുകള്‍ പരിഗണിച്ച്, ഗ്രാമീണ മേഖലകളില്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സൗജന്യ ട്യൂഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തുപോരുന്നു. ഭവന സന്ദര്‍ശനവും രോഗീസന്ദര്‍ശനവും സമാന്തരമായി നടത്തി വരുന്നു. മൊബൈല്‍ ക്ലിനിക്ക് തുടങ്ങി, മരുന്നും ചികിത്സയുമായി ഗ്രാമങ്ങളിലേയ്ക്ക്, ആളുകളുടെ അടുത്തേയ്ക്ക് എത്തുകയും അവരെ ശുശ്രൂഷിക്കുകയും അതുവഴി അവരുമായി ഒരു അടുപ്പവും ബന്ധവും സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

2015 – ല്‍ തങ്ങളോടൊപ്പം പ്രേഷിതവേല ചെയ്യാനായി ഇവിടെ എത്തിയ സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂഡ് സന്ന്യാസിനികളോട് ചേര്‍ന്ന് ധാരാളം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടത്തുകയുണ്ടായി. പേരന്റിംഗ്, കുട്ടികളെ വളര്‍ത്തേണ്ട രീതി എന്നീ വിഷയങ്ങളിലെല്ലാം ക്ലാസുകളും പരിശീലനവും നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പല പ്രവര്‍ത്തനങ്ങളിലും വെല്ലുവിളിയായി നിന്നിട്ടുണ്ട്. എന്നാല്‍ കുറവുകളില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ മുടക്കിയില്ല എന്നുവേണം പറയാന്‍. സിസ്റ്റര്‍മാരുടെ പ്രവര്‍ത്തനം ഏറ്റവും പ്രധാനമാണ് ഇവിടെ. അവരുടെ ഭവനസന്ദര്‍ശനം വളരെ ഫലപ്രദമാണ്. എല്ലാ ശനിയാഴ്ചയും കുര്‍ബാനയ്ക്ക് ഒരു പുതിയ കുടുംബം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അത് വിജയകരമായി മുമ്പോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

2015 ലാണ് സ്വന്തമായി, താമസയോഗ്യമായ ഒരു കെട്ടിടം നിര്‍മിച്ചത്. നേപ്പാള്‍ വേറൊരു രാജ്യമായതുകൊണ്ട് ഒന്നും ഉടമസ്ഥതയിലാക്കാന്‍ സാധിക്കില്ല. പൗരത്വം ഇല്ലാത്തതാണ് ഒരു കാരണം. അതുകൊണ്ട്, സ്ഥലം മേടിക്കുക, കെട്ടിടം നിര്‍മിക്കുക പോലുള്ള പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നതിനുവേണ്ടി നേപ്പാള്‍ കാര്‍മല്‍ മാതാ സമാജ് എന്ന പേരില്‍ ഒരു സൊസൈറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവിടുത്തെ വൈദികരും സന്ന്യസ്തരും അത്മായരും അംഗങ്ങളായുള്ള സൊസൈറ്റിയാണത്. മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ മികവുറ്റ സമൂഹം കെട്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

2017 -ല്‍ 250 ഓളം കുട്ടികള്‍ക്കാണ് ട്യൂഷന്‍ നല്‍കിയിരുന്നത്. പല ക്ലാസുകളായി തിരിച്ചാണ് ട്യൂഷന്‍ എടുക്കുന്നത്. ഇതിനായി അധ്യാപകരേയും നിയമിച്ചിരുന്നു. എന്നാല്‍ അവിടെ കുട്ടികള്‍ പൊതുവേ, സ്‌കൂള്‍ വിട്ടു വന്നാല്‍ പറമ്പില്‍ എന്തെങ്കിലും പണി ചെയ്യാനും വിറക് ശേഖരിക്കാനുമൊക്കെ പോവുകയാണ് പതിവ്. പരീക്ഷക്കാലത്ത് മാത്രം ട്യൂഷന് വരുന്നത് ശീലമായി. അങ്ങനെ വന്നപ്പോള്‍ ട്യൂഷന്‍ നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു.പിന്നീട് ഇവിടെ തുടങ്ങിയ ശ്രദ്ധേയമായ പ്രവര്‍ത്തനം, ഡേ ബോര്‍ഡിംഗാണ്. പാവപ്പെട്ട ഏതാനും കുട്ടികളെ തിരഞ്ഞെടുക്കും. അവര്‍ ആശ്രമത്തില്‍ രാവിലെ വരും. പിന്നീട് അവര്‍ക്ക് ഭക്ഷണവും, ട്യൂഷന്‍ ഉള്‍പ്പെടെയുള്ള പഠനാന്തരീക്ഷവും വിനോദത്തിനുള്ള അവസരവും എല്ലാം ഒരുക്കിക്കൊടുക്കും. ഇതിനിടയില്‍ അവര്‍ക്ക് സ്‌കൂളിലും പോകാം. വൈകിട്ട് ഏഴു മണിയോടെ അവര്‍ വീട്ടിലേയ്ക്ക് തിരിച്ചു പോകുകയും ചെയ്യും. ജാതിമത വേര്‍തിരിവ് കൂടാതെ എല്ലാ മതവിഭാഗങ്ങളിലുമുള്ള കുട്ടികളെ ഡേ ബോര്‍ഡിംഗിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇപ്പോഴും വളരെ നല്ല രീതിയില്‍ ഡേ ബോര്‍ഡിംഗ് സമ്പ്രദായം അവിടെ നിലനിന്നുപോരുന്നു.

യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമാണ് മറ്റൊരു ശ്രദ്ധേയ പ്രവര്‍ത്തന മേഖല. പ്ലമ്പിംഗ്, ബ്യൂട്ടീഷന്‍, തയ്യല്‍, ഇലക്ട്രോണിക് മേഖലകളില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍നൈപുണ്യം നേടുന്നതിനുള്ള പരിശീലനം നൽകുന്നു. മദ്യം, പുകവലി, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, അവയവക്കടത്ത് പോലുള്ളവയ്‌ക്കെതിരെ സ്‌കൂളുകള്‍ തോറും നടത്തുന്ന അവബോധ ക്ലാസുകളും ഏറെ ഫലപ്രദമാണ്. ലൈംഗിക ഉല്ലാസം തേടി ധാരാളം ആളുകള്‍ വന്നുപോകുന്ന ഇടമെന്ന നിലയില്‍ ലൈംഗിക അരാജകത്വവും തത്ഫലമായി ഗര്‍ഭച്ഛിദ്രവും വലിയ തോതില്‍ ഇവിടെ അരങ്ങേറാറുണ്ട്. അതുകൊണ്ട് ഈ മേഖലയിലും അറിവും മൂല്യങ്ങളും പകര്‍ന്നു കൊടുക്കാനും ശക്തമായ പരിശ്രമം നടത്തി വരുന്നു. നേപ്പാളില്‍ പബ്ലിക് കലണ്ടര്‍ അനുസരിച്ച് ശനിയാഴ്ചയാണ് അവധി ദിവസം. അതുകൊണ്ടു തന്നെ ശനിയാഴ്ചകളിലാണ് കുര്‍ബാനയും നടത്തുക. 120 കത്തോലിക്കരാണ് ഇപ്പോള്‍ ഇവിടുത്തെ മിഷന്‍ മേഖലയിലുള്ളത്. അതുകൊണ്ട് ശനിയാഴ്ചകളില്‍ മൂന്നിടങ്ങളില്‍ പതിവായി കുര്‍ബാനയുണ്ട്. ഒരു ദേവാലയത്തിന്റെ നിര്‍മാണവും നടന്നു വരുന്നു.

ആത്മീയ മേഖലയില്‍ കൈപിടിച്ച് നടത്താന്‍ ആരുമില്ലാതിരുന്ന അവസരത്തിലും അടിയുറച്ച വിശ്വാസത്തില്‍ ഉത്തമ ക്രിസ്ത്യാനിയ്ക്ക് യോജിച്ച ജീവിതം നയിച്ചിരുന്നവരെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. അക്കൂട്ടത്തിലുള്ള ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നേപ്പാളിലെ മിഷന്‍ അനുഭവ വിവരണം അവസാനിപ്പിക്കാം. വിസ്മയകരമായ ജീവിതം നയിച്ച ഒരു വന്ദ്യവയോധികയായിരുന്നു, ഹരി മായ തമാംഗ് എന്ന എലിസബത്ത്. ദൈവവിശ്വാസവും കുലീനത്വവുമുള്ള ആ സ്ത്രീ, 2018 ജൂണ്‍ ആറിന് തന്റെ എണ്‍പതാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടപ്പോള്‍ അവരെ അടുത്ത് അറിഞ്ഞിട്ടുള്ളവര്‍ക്ക് അത് നീറുന്ന വേദനയായിരുന്നു.

നേപ്പാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍, കാടിന് നടുവില്‍ ഒറ്റപ്പെട്ട ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. മണ്ണുകൊണ്ട് നിര്‍മ്മിച്ച് ഷീറ്റ് മേഞ്ഞ ഒരു ഒറ്റമുറി കുടിലായിരുന്നു അവരുടെ വീട്. ഒറ്റയ്ക്കായിരുന്നെങ്കിലും അവര്‍ ചെയ്യാത്ത ജോലികളില്ല. വിറകു ശേഖരിക്കല്‍, കൃഷി ചെയ്യല്‍,  ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങി ഒറ്റയ്ക്കുള്ള തിരക്കിട്ട ജീവിതം ആസ്വദിച്ച സ്ത്രീ. എളിമ നിറഞ്ഞ പെരുമാറ്റവും സദാ സന്തോഷം തുളുമ്പി നില്‍ക്കുന്ന മുഖവും യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവുമാണ് അവരെ ഒരു അത്ഭുതമായി മറ്റുള്ളവര്‍ക്ക് തോന്നാനുള്ള മറ്റുചില കാരണങ്ങള്‍. മരണം വരെയും അത്യുത്സാഹവും പ്രസരിപ്പും അവരുടെ പ്രത്യേകതയായിരുന്നു.

നേപ്പാളില്‍ പൊതു അവധിദിനമായ ശനിയാഴ്ചകളില്‍ എന്തെങ്കിലുമൊക്കെ കാഴ്ച വസ്തുക്കളുമായെത്തി, എലിസബത്ത് ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുത്തിരുന്നു. ഇന്നും പുനര്‍ബാസിലെ സെന്റ് മേരീസ് സിഎംഐ ആശ്രമത്തില്‍ എലിസബത്ത് നല്‍കിയ കോഴികളുടെ അനേകം തലമുറകള്‍ വളരുന്നുണ്ട്. ഉയര്‍ന്ന നര്‍മ്മബോധവും എലിസബത്തിന്റെ പ്രത്യേകതയായിരുന്നു. ഒരിക്കല്‍ ഇടവകയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് ചോറും കോഴിക്കറിയും സ്‌നേഹവിരുന്നായി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍ പാവപ്പെട്ട ആളുകളെ സംബന്ധിച്ച് അത് ബുദ്ധിമുട്ടായിരുന്നു. മാത്രവുമല്ല ഇടവകക്കാര്‍ക്കുവേണ്ടി ഇത്രയധികം കോഴികളെ എവിടുന്ന് ലഭിക്കും എന്ന് സംശയമുയര്‍ന്നു. ഉടനടി എലിസബത്തിന്റെ കമന്റ് വന്നു, ആരും പേടിക്കണ്ട. നമ്മുടെ ഇടവക വികാരിയുടെ ഫാമില്‍ ധാരാളം കോഴികളുണ്ട് എന്ന്. ജീവിതത്തിലെ പ്രശ്ങ്ങളെയും പ്രതിസന്ധികളെയും അവര്‍ എങ്ങനെയാണ് നേരിട്ടിരുന്നത് എന്നതിന് ഇത് ചെറിയ ഉദാഹരണം.

എലിസബത്തിന്റെ പ്രാര്‍ത്ഥനയിലുള്ള ഉത്സാഹവും അവരുടെ സാന്നിവും മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമായിരുന്നു. മരണാസന്നയായിരുന്ന സമയത്ത് അവര്‍ ഇടവകയിലെ വൈദികരുടെ പ്രാര്‍ത്ഥനയും കൈവയ്പ്പും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ എലിസബത്ത് ഞങ്ങളോടൊപ്പം ഇല്ലെങ്കിലും അധ്വാനത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും അടിയുറച്ച വിശ്വാസ ജീവിതത്തിലൂടെയും അവര്‍ പകര്‍ന്ന പാഠം ഇന്ന് അവരെ അറിയാവുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്.

സ്വന്തം മണ്ണില്‍, താന്‍ ജീവിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്ന് മാത്രമാണ് അവസാന നാളുകളില്‍ എലിസബത്ത് ആവശ്യപ്പെട്ടത്. വൈദികരും സന്യസ്തരും അടക്കം നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഞങ്ങളത് ചെയ്യുകയും ചെയ്തു. ഉത്തമ ക്രിസ്തുവിശ്വാസിയ്ക്ക് ഉദാഹരണമായി ഞങ്ങളിന്ന് എലിസബത്തിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരു പൂവിന്റെ പരിമളം കാറ്റിന്റെ ദിശയിലേയ്ക്ക് മാത്രമേ സഞ്ചരിക്കുകയുള്ളു. എന്നാല്‍ ഒരു മനുഷ്യന്റെ നന്മപ്രവര്‍ത്തികളുടെ പരിമളം എല്ലാ ദിശകളിലേയ്ക്കും വ്യാപരിക്കും എന്നതിന് തെളിവാണ് എലിസബത്തിന്റെ ജീവിതം.

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ