ഇറാക്കി ജനതയുടെ കണ്ണീരൊപ്പുന്ന കർമ്മലീത്താ സന്യാസിനിമാർ

കീര്‍ത്തി ജേക്കബ്

തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍, ആളൊഴിഞ്ഞ വീഥികള്‍, നശിപ്പിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍, ഭീതി നിറഞ്ഞ കണ്ണുകളുമായി ജീവിക്കുന്ന ക്രിസ്ത്യാനികള്‍. ഇതൊക്കെയാണ് ഇറാഖില്‍ ചെന്നിറങ്ങിയ ആറ് സി.എം.സി. സന്യാസിനിമാര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. യുദ്ധാനന്തര ഇറാഖ്, ഐ.എസിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇറാഖ്, ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ഇറാഖ് – ഇറാഖിന് അങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട്. ‘റെഡ് ചാപ്പല്‍’ എന്നൊരു സ്ഥലമുണ്ടിവിടെ. വിശാലമായ ഒരിടം. അവിടെയാണ് കൊന്നൊടുക്കപ്പെട്ട ക്രിസ്ത്യാനികളെ അടക്കം ചെയ്തിക്കുന്നത്. അത് കാണുമ്പോഴേ നമ്മൾ വേറൊരു ലോകത്താകും.

ചങ്ങനാശ്ശേരി, എറണാകുളം, ഇരിങ്ങാലക്കുട, അങ്കമാലി, കാഞ്ഞിരപ്പള്ളി, ഗാസിയാബാദ് പ്രൊവിന്‍സുകളില്‍ നിന്നുള്ള ആറ് സി.എം.സി. സന്യാസിനിമാരാണ് ഇപ്പോള്‍ ഇറാഖില്‍ മിഷനറി പ്രവര്‍ത്തനത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുമായി പോയിരിക്കുന്നത്. സി. അൻസില, സി. റോസ് മേരി, സി. ദീപ, സി. അന്ന, സി. വിനയ, സി. റ്റെസ് മരിയ എന്നിവരാണ് ആ സിസ്റ്റർമാർ. ഇവരില്‍ നാലു പേര്‍ താമസിക്കുന്നത് ഒരു മൊണസ്ട്രിയിലാണ്. കുര്‍ക്കുക് – സുലൈമാനി എന്നീ രണ്ടു രൂപതകളുടെ കീഴില്‍ ഉള്ള ആശ്രമം. യുദ്ധത്തിനു മുമ്പ് രണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരുമിച്ചാണ് ഈ രൂപതകള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ ആശ്രമത്തിന്റെ സ്ഥാപകനെ ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ഈ ആശ്രമത്തിലെ ഓരോ ദിവസത്തെയും കുര്‍ബാനയ്ക്കു മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്കു മുമ്പില്‍ തിരി തെളിയിച്ചിട്ടേ പള്ളിയിലെ മറ്റു തിരികള്‍ തെളിക്കൂ. ആളുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. മതഭ്രാന്തിന്റെ മൂര്‍ദ്ധന്യരൂപമായ ഐ.എസ്. ഭീകരര്‍ അദ്ദേഹത്തെ എന്തു ചെയ്തു എന്നറിയില്ല. ഇനി അദ്ദേഹം തിരികെ വരുമോയെന്നും അറിയില്ല. എന്നാലും ആളുകള്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു.
ഈ രൂപതയിലെ വിശ്വാസികളെയും വൈദികരെയും ഭീകരർ ഇല്ലാതാക്കിയിരുന്നു. ഏകദേശം 300 കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെ അവശേഷിച്ചിട്ടുള്ളൂ എന്നത് സങ്കടപ്പെടുത്തുന്ന യാഥാർഥ്യമാണ്.

തൊട്ടടുത്ത കാലം വരെ ഐ.എസ്. ഭീകരരുടെ ഏറ്റവും വലിയ വിഹാരകേന്ദ്രമായിരുന്ന ഇവിടെയാണ് നമ്മുടെ സന്യാസിനിമാര്‍ എത്തിയിരിക്കുന്നത് എന്നത് അല്‍പം പേടിയോടെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ. നമ്മുടെ മിഷനറിമാര്‍ ധീരരാണ് എന്നതിന് മറ്റൊരു തെളിവും വേണ്ട. ഇറാക്കിനെക്കുറിച്ചു ഫ്രാൻസിസ് പാപ്പാ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “പ്രത്യാശയും സമാധാനവും നഷ്ടപ്പെട്ട ഈ രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി അവരെ സമാശ്വാസത്തിലേയ്ക്ക് കൊണ്ടുവരുന്നതുവഴി രാജ്യത്ത് മനുഷ്യത്വം വളര്‍ത്തണം. അതുവഴി തുറന്ന ഹൃദയത്തോടും മനസ്സോടുംകൂടെ കാര്യങ്ങളെ സമീപിക്കാന്‍ ഇവരെ ഒരുക്കണം. അതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഇറാക്കിലെ സുലൈമാനിയ, കിര്‍ക്കുക്ക് എന്നീ രൂപതകളുടെ കീഴില്‍ പ്രേഷിത, മിഷനറി വേല ചെയ്യുന്നതിനായി സിഎംസി സഭാംഗങ്ങളായ ആറ് സന്ന്യാസിനികള്‍ എത്തിയിരിക്കുന്നത്. ഭീകരരുടെ വിഹാരഭൂമിയായ ഇറാക്കില്‍ ക്രിസ്തുവിന്റെ സുവിശേഷവുമായി കടന്നുചെല്ലാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രതിനിധിയായി തന്റെ മിഷന്‍ അനുഭവങ്ങള്‍ ലൈഫ്‌ഡേയുമായി പങ്കുവയ്ക്കുകയാണ് സി. അൻസില സിഎംസി.

യുദ്ധം, കുടിയേറ്റം, പലായനം, ഭീകരാക്രമണം എന്നിവയാല്‍ ജീവിതം മടുത്തവരും കുടുംബ പ്രശ്‌നങ്ങള്‍ നേരിടുന്നവരും സാമ്പത്തിക ഞെരുക്കും അനുഭവിക്കുന്നവരുമാണ് ഇവിടെ കണ്ടുമുട്ടുന്നവരില്‍ കൂടുതല്‍. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടക്കാത്തതും പ്രതികൂല സാഹചര്യമാണ് അവിടെയുള്ളവരുടെ ജീവിതത്തിന് സൃഷ്ടിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി മദ്യപാനം, പുകവലി പോലുള്ളവയുടെ അടമത്തത്തിലേയ്ക്കും ആളുകള്‍ നീങ്ങുന്നു. ഇടപഴകാനും സംസാരിക്കാനും യോജിച്ച വ്യക്തികളും ധാരാളം കഴിവുകളും ഉള്ളവരാണെങ്കിലും സുരക്ഷിതമല്ലാത്ത സാഹചര്യം അവരെ അന്തര്‍മുഖരും നിരാശരും ആക്കിയിരിക്കുകയാണ്. ഇവിടേയ്ക്കാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്.

വ്യാപകമായ നാശനഷ്ടങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യമാണ് ഇവിടെ സമൂഹത്തിലും വ്യക്തികളിലും കാണാനാവുന്നത്. അതുകൊണ്ടു തന്നെ കുടുംബന്ധങ്ങളും ശിഥിലമാണ്. മാതാപിതാക്കളും മക്കളും തമ്മിലും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും യോജിപ്പും ഐക്യവും സ്‌നേഹവും തീര്‍ത്തും കുറവാണ്. പ്രായമായവരെ ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരുമുണ്ട്. ഭവനസന്ദര്‍ശന വേളകളില്‍ ഇപ്രകാരം ഒറ്റപ്പെട്ട് ജീവിക്കുന്നവരെ കണ്ടെത്താനാവും. നമ്മുടെ ശുശ്രൂഷ ആവശ്യമായ അവസ്ഥയിലെങ്കില്‍ അവരെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഭാര്യാഭര്‍ത്താക്കന്മാരുമായി സംസാരിച്ച് അവരുടെ ഇടയില്‍ ഐക്യം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളും നടത്തി വരുന്നു. ഇത്തരം അവസരങ്ങളില്‍ ഭാഷ വില്ലനായി വരാറുണ്ട്. ഇറാക്കിലെ സംസാരഭാഷ അറബിയാണ്. അതുകൊണ്ട് അറബിയും ഒപ്പം, സുറിയാനി, കല്‍ദായ ഭാഷകളും പഠിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സിഎംഐ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വൈദികരും ഇവിടെ മിഷന്‍ രംഗത്തുണ്ട്.

രാജ്യത്തിന്റെ ആഭ്യന്തരസമാധാനത്തിലുള്ള തകര്‍ച്ചയാണ് ഇറാക്കില്‍ പ്രധാന പ്രശ്‌നം. കത്തോലിക്കാ സഭയെ സംബന്ധിച്ചാണെങ്കില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവു വരുന്നു എന്നതും വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ അവര്‍ ഭയക്കുന്നു എന്നതും. വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളലുകളും ബലക്ഷയവും സംഭവിക്കുന്നു എന്നത് മറ്റൊരു പ്രശ്‌നം. ഈ മേഖലകളിലേയ്‌ക്കെല്ലാം സാധ്യമായ രീതിയില്‍ കടന്നുചെന്ന് വേണ്ട ഇടപെടലുകള്‍ നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

യുദ്ധക്കെടുതികളുടെ ദുരന്തമുഖത്തുനിന്ന് കരകയറിയിട്ടില്ലാത്തവരുടെ ക്ഷേമം, മക്കള്‍ ഉപേക്ഷിച്ച നിരാലംബരായ അല്‍ഷിമേഴ്‌സ് രോഗികളുടെയും യുവജനങ്ങളുടെയും സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയാണ് ഞങ്ങളുടെ പ്രധാന പ്രവര്‍ത്തനമേഖല. പുതുതായി ആരംഭിക്കുന്ന കിര്‍കുക്കിലെ സിബിഎസ്ഇ സിലബസിലുള്ള സ്‌കൂള്‍, സുലൈമാനിയയിലെ ചാരിറ്റി ഹോം എന്നിവയ്ക്കും നേതൃത്വം നല്‍കും. ഇംഗ്ലീഷ് അറിയാത്തത് ഇവിടുത്തെ ജനങ്ങള്‍ക്ക് പല തടസങ്ങളും ജീവിതത്തില്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ താത്പര്യപ്പെടുന്നതായി ധാരാളം ആളുകള്‍ രൂപതാ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ചെയ്യാന്‍ ഉദ്ദേശമുണ്ട്. ചാരിറ്റി ഹോമില്‍ പ്രായമായവരെയും അള്‍ഷിമേഴസ്, കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുമായി കഴിയുന്നവരെയുമാണ് പ്രധാനമായും ഉള്‍പ്പെടുത്തുക. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളുടെ അതിരുകള്‍ ഇല്ലാതെയാണ് എല്ലാം സേവനവും ഞങ്ങള്‍ നടത്തുന്നതും. പ്രതീക്ഷയറ്റ് കഴിയുന്ന നാനമതസ്ഥരായ ആളുകള്‍ക്ക് ഇടയില്‍ ഭവനസന്ദര്‍ശനം നടത്താനും അവര്‍ക്ക് ഇടയില്‍ മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ശ്രമിക്കുന്നു.

ഇതെല്ലാം ഒന്നിച്ചു കൊണ്ടുപോവുമ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ട യുവജനങ്ങളെ പ്രത്യാശയിലേയ്ക്ക് തിരികെ കൊണ്ടുവരാനും കൊച്ചുകുട്ടികളെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിച്ചുകൊണ്ട്, നന്മയുടെയും സ്‌നേഹത്തിന്റെയും പാതയിലൂടെ വളര്‍ത്തിയെടുക്കാനുമുള്ള ശ്രമങ്ങളാണ് പ്രഥമവും പ്രധാനവുമായി കണക്കാക്കുന്നതും നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നതും. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതും സമാധാനം നിറഞ്ഞ ഭാവിയ്ക്ക് ആവശ്യമായതും അതു തന്നെയാണല്ലോ. അതുകൊണ്ട് കര്‍മം തുടരുന്നു. ഫലം ദൈവം നല്‍കുക തന്നെ ചെയ്യും.

ഇവിടുത്തെ ക്രിസ്ത്യാനികളുടെ കണ്ണുകളിൽ ഇപ്പോഴും ഭീതിയാണ്. സ്വന്തം നാട്ടിൽ അന്യരാക്കപ്പെട്ടവരുടെ ഭീതി! ആ ഭീതിയെ ഇല്ലാതാക്കാനും അവരിൽ സന്തോഷം നിറയ്ക്കാനും ഈ സഹോദരിമാർക്ക് കഴിയട്ടെ.

ആത്മവിശ്വാസവും പ്രത്യാശയും നിറഞ്ഞ സിസ്റ്ററിന്റെ വാക്കുകള്‍ നമ്മെ ഓരോരുത്തരെയും ലോകത്തെ മുഴുവനെയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. ഏറ്റവും കുറഞ്ഞത് പ്രാര്‍ത്ഥനയിലെങ്കിലും ഇതുപോലെ ക്രിസ്തു സ്‌നേഹം പ്രചരിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ അനുസ്മരിക്കാം.

കീർത്തി ജേക്കബ്