ഫ്രാൻസിസ് പാപ്പായുടെ നാട്ടിലെ മിഷൻ വിശേഷങ്ങളുമായി മലയാളി മിഷനറിമാർ

മരിയ ജോസ്

അർജന്റീന – ലോകരാഷ്ടങ്ങൾക്കിടയിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന രാജ്യം. പ്രത്യേകിച്ച് കത്തോലിക്കരുടെ ഇടയിൽ ഈ രാജ്യത്തിനു മറ്റൊരു വിളിപ്പേര് കൂടെയുണ്ട്. അതിപ്രകാരമാണ് ‘ഫ്രാൻസിസ് പാപ്പായുടെ നാട്’. അർജന്റീനയിലെ ബ്യുണസ് ഐറസിലാണ് ഫ്രാൻസിസ് പാപ്പാ ജനിച്ചത്. ഇവിടെ കഴിഞ്ഞ ആറ് വർഷമായി മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഫാ. ജോസ് പല്ലാട്ട് സിഎംഐ എന്ന മലയാളി വൈദികൻ. പാപ്പായുടെ നാട്ടിലെ സുവിശേഷ വേലയ്ക്കായി തങ്ങളെ വിളിച്ച ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് തങ്ങളുടെ മിഷൻ അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.

ബ്യുണസ് ഐറസിലെ ലോമോസ്റ്റ് സമോറ എന്ന രൂപതയിൽ കഴിഞ്ഞ ആറു വർഷമായി ഇടവക വൈദികനായി സേവനം ചെയ്തു വരികയാണ് ജോസ് അച്ചനും ജോയി കവുങ്ങുംപള്ളി അച്ചനും. പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന്റെ നാമത്തിൽ ഉള്ള ദേവാലയത്തിന്റെ വികാരിയായി ആണ് അച്ചൻ ഇപ്പോൾ സേവനം ചെയ്യുന്നത്. സ്പാനിഷ് സംസാരിക്കുന്ന ആളുകളാണ് ഇവിടെ കൂടുതലും. വളരെ നല്ല ആളുകൾ. അച്ചൻ തന്റെ പ്രവർത്തന മണ്ഡലത്തെ കുറിച്ച് ചുരുക്കത്തിൽ പറയുന്നത് ഇങ്ങനെയാണ്.

വിളവധികം വേലക്കാരോ ചുരുക്കം

അർജന്റീനയിൽ ജനസംഖ്യയുടെ 75 % ആളുകളും കത്തോലിക്കാരാണ്. പിന്നെ ഉള്ളത് പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളും മറ്റ് മത വിശ്വാസികളും. കത്തോലിക്കാ വിശ്വാസികൾ ഏറെയുള്ള നാട്; ഒപ്പം വലിയ പള്ളികളും. എന്നാൽ ഈ പള്ളികളിൽ ഒക്കെ തിരുക്കർമ്മങ്ങൾ നടത്താൻ വൈദികർ വേണ്ടേ? ആ ഒരു കാര്യത്തിൽ മാത്രം രൂക്ഷമായ ക്ഷാമമാണ് ഇവിടെ. വൈദികരെ കിട്ടാനില്ല. നമ്മുടെ നാട്ടിൽ വീട്ടിൽ ഒരു ചടങ്ങു നടത്തിയാൽ ഓടി വരുന്നവരാണ് വൈദികർ. എന്നാൽ ഇവിടെ സ്ഥിതി ഗതികൾ അങ്ങനെ അല്ല. വൈദികർക്ക് എത്ര ഓടിയാലും എത്തിപ്പെടാൻ പറ്റാത്ത അത്രയധികം ഇടങ്ങൾ ഉണ്ട്. അച്ചൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു തുടങ്ങി.

ഒരു ഇടവക എന്ന് പറഞ്ഞാൽ സാധാരണ ഗതിയിൽ ഏകദേശം ആയിരം കുടുംബങ്ങൾ ഉള്ള ഒരു ദേവാലയം; കൂടിവന്നാൽ മൂവായിരം എന്നൊക്കെയാണ് കേരളത്തിലുള്ളവരുടെ വിചാരം. എന്നാൽ ജോസച്ചൻ വികാരിയായിരിക്കുന്ന പള്ളിയുടെ കീഴിൽ വരുന്ന കുടുംബങ്ങളുടെ എണ്ണം കേട്ടാൽ കണ്ണുതള്ളും. അത് ആയിരമോ രണ്ടായിരമോ അല്ല. അൻപതിനായിരം! വൈദികരുടെ ക്ഷാമം മൂലം ആണ് ഇത്തരം ഒരു അവസ്ഥയിൽ എത്തി നിൽക്കുന്നത് എന്ന് അച്ചൻ പറയുന്നു. ഇടവകയെ പലതായി തിരിക്കാതെ കുരിശു പള്ളിയായി നിലനിർത്തി കൊണ്ടാണ് ഇവിടെ പള്ളികളുടെ പ്രവർത്തനങ്ങൾ. സ്വന്തം ഇടവക കൂടാതെ നാല് പള്ളികളുടെ ചാർജ്ജ് കൂടെയുണ്ട് ജോസച്ചന്. ഇവിടെയൊക്കെ എത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിൽ കൂടെ ദൈവജനത്തിനു ദൈവത്തിന്റെ സാമിപ്യം പകരാനായി ഓടിനടക്കുന്നു. ഭൂതോച്ചാടനത്തിനുള്ള അനുമതി മെത്രാൻ നൽകിയിട്ടുണ്ട്. ആ കുർബാനയ്ക്കും പ്രാർത്ഥനകൾക്കും ഒട്ടനവധി വിശ്വാസികൾ എത്തുന്നുമുണ്ട്.

കാഴ്ചയ്ക്കപ്പുറത്തെ അർജന്റീനിയൻ ജീവിതം

കണ്ടാൽ നല്ല ജീവിത മൂല്യങ്ങൾ ഉള്ളവരാണ് അർജന്റീനക്കാർ എന്ന് തോന്നും എങ്കിലും മൂല്യ ശോഷണം കാര്യമായി ഇവർക്കിടയിൽ സംഭവിച്ചിട്ടുണ്ട് എന്ന് അച്ചൻ പറയുന്നു. കത്തോലിക്കാ വിശ്വാസം അനുസരിച്ചുള്ള കുടുംബജീവിതം തന്നെ കുറവാണു ഇവർക്കിടയിൽ. വിവാഹം കഴിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അത് തെറ്റാണു എന്ന് സഭാ പഠിപ്പിക്കുന്നുണ്ട് എങ്കിലും അതിനെ ഗൗരവമായി എടുക്കുവാൻ ഇവിടെയുള്ളവർ മുതിരുന്നില്ല. അതുപോലെ തന്നെ ഫ്രീ സെക്സ് രീതിയും പൊതുവെ നിലനിൽക്കുന്നു. ഇതൊന്നും തെറ്റാണെന്നോ, പാപമാണെന്നോ ഇവർ ചിന്തിക്കുന്നില്ല. അതിനു തക്കതായ ബോധം ഇല്ലാത്ത കൊണ്ടല്ല മറിച്ചു അവരുടെ രീതികൾ, സാഹചര്യങ്ങൾ അങ്ങനെ ആയതു കൊണ്ടാണ്.

പലപ്പോഴും കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാൻ ആളില്ലാത്തതിന്റെ ഒരു കുറവ് ഇവർക്കിടയിലുണ്ട്. ശരിയായ മൂല്യബോധം പകരുവാൻ സന്യാസികളും വൈദികരും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ സാഹചര്യങ്ങൾക്ക് ഒരു മാറ്റം ഉണ്ടായേനെ. അച്ചൻ പറഞ്ഞു. ഇനി ഇതു മാത്രമല്ല പുറമെ നല്ല വിദ്യാസമ്പന്നരാണെങ്കിലും അന്ധവിശ്വാസങ്ങൾ ഏറെയുള്ളവരാണ് ഇവർ. ബാധയൊഴിപ്പിക്കൽ, മരിച്ചവരുടെ ശരീരം കുറച്ചു സമയം പോലും വീട്ടിൽ വയ്ക്കാതെ ഇരിക്കൽ… അങ്ങനെ പലതും ഉണ്ട് ഇവർക്കിടയിൽ . ഒരു വീട്ടിൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ പലപ്പോഴും അവരുടെ മൃത ശരീരം  കുറച്ചു സമയം പോലും വീട്ടിൽ സൂക്ഷിക്കാറില്ല. അതിനു പിന്നിൽ പിശാചിനെയും ഭൂതത്തെയും ഒകെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ ഉണ്ട്. അതിനാൽ തന്നെ മൃതശരീരം സൂക്ഷിക്കുന്നതിനായി ഉള്ള പ്രത്യേക സ്ഥലത്ത് കൊണ്ടുപോയി അവിടെ വയ്ക്കുകയാണ് പതിവ്.

ഇനി മറ്റൊരു കാര്യം, നമ്മുടെ നാട്ടിൽ ഉള്ളത് പോലെ മൃത സംസ്കാര ചടങ്ങുകൾ ഒന്നും തന്നെ ഇവിടെ ഇല്ല. സാധാരണ ഗതിയിൽ ആരേലും മരിച്ചാൽ പോലും അച്ചന്മാരുടെയടുത്ത് പറയുന്നത് ചുരുക്കം ചിലർ മാത്രമാണ്. കൃത്യമായി പറഞ്ഞാൽ പള്ളിയുമായി അത്ര അടുത്തു നിൽക്കുന്നവർ മാത്രം. അങ്ങനെ വിളിക്കുന്നിടങ്ങളിൽ അച്ചൻ പോയി ഒപ്പീസ് ചൊല്ലും. അതാണ് മരണാനന്തരം നടക്കുന്ന ഏക ശുശ്രൂഷ. ഇതൊക്കെ വൈദികരുടെ കുറവ് എന്ന വലിയ കാരണത്തിലേയ്ക്കാണ്‌  വിരൽ ചൂണ്ടുന്നത്.

ആഗ്രഹത്തോടെ കാത്തിരിക്കുന്ന വിശ്വാസികൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിശ്വാസകാര്യങ്ങൾക്കായി ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്നവരാണ് ഇവിടുത്തെ വിശ്വാസികൾ. അതിനു ഉത്തമ ഉദാഹരണമാണ് ഞായറാഴ്ചകളിലെ തിങ്ങി നിറഞ്ഞ ദേവാലയങ്ങൾ. ശനിയാഴ്ച വൈകിട്ട് നാലുമണി മുതൽ ഞായറാഴ്ച കുർബാന ആരംഭിക്കും. അച്ചന്മാർ ഇല്ലാത്തത് കൊണ്ടും കുർബാനയ്ക്കായി എത്തേണ്ട സ്ഥലങ്ങൾ വളരെ ദൂരത്തായത്കൊണ്ടുമാണ് ഈ ക്രമീകരണം. മൊത്തം എട്ടു കുർബാനയാണ് ഞായറാഴ്ച ഉള്ളത്. കടന്നു ചെല്ലുന്ന എല്ലാ പള്ളികളിലും ആൾക്കാരുടെ നിറസാന്നിധ്യമാണ്. അത് പലപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ദേവാലയത്തിൽ വളരെ ആദരവോടും ഭക്തിപൂർവവും ആണ് ഇവർ പങ്കെടുക്കുക. അതുപോലെ തന്നെ അവരെ കേൾക്കണം എന്ന് ആഗ്രഹം ഉള്ള ആളുകളാണ്. മണിക്കൂറുകൾ എടുത്ത് കുമ്പസാരിക്കുന്നവർ ഉണ്ട്. സമയക്കുറവും ശുശ്രൂഷകൾക്കായി എത്തേണ്ട സ്ഥലങ്ങളും ഏറെയാണ്. അതുകൊണ്ട് തന്നെ അധികം നേരം അവിടെ ചിലവഴിക്കാൻ സാധിക്കാറില്ല. അച്ചൻ പറയുന്നു.

കൂദാശ സ്വീകരണത്തിനായി കുട്ടികളെ ഒരുക്കുന്നതിനും ഏറെ ശ്രദ്ധാലുക്കളാണ് ഇവർ. അതിനാൽ തന്നെ ഓരോ വർഷവും മുന്നൂറോളം കുട്ടികളാണ് ഇവിടെ നിന്നും ആദ്യകുർബാന സ്വീകരണത്തിനായി അണയുന്നത്. വെള്ളഉടുപ്പുകൾ അണിഞ്ഞെത്തുന്ന കുട്ടികളുടെ ഒരു വലിയ സമൂഹം. വളരെ മനോഹരവും ആത്മീയ ആനന്ദം പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് ആ കാഴ്ച.

ക്രിസ്തീയ മൂല്യങ്ങളുടെ ശോഷണം ഒരു വശത്തുണ്ടെങ്കിലും വളരെ നല്ല മനുഷ്യരാണ് ഇവർ. പറയുന്ന കാര്യങ്ങൾ മനസിലാക്കുവാനും അതിനോട് പ്രതികരിക്കുവാനും കഴിയുന്നവർ. എന്നാൽ അവരുടെ ആവശ്യങ്ങൾക്കനുസരിച്ചു അവർക്കു ഒപ്പം ആയിരിക്കുവാൻ വൈദികർക്ക് സമയം കിട്ടുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. അത് അച്ചന്മാർ വെറുതെ ഇരിക്കുന്നത് കൊണ്ടോ തങ്ങളുടെ കടമ നിർവഹിക്കാത്തത് കൊണ്ടോ അല്ല. ചുരുക്കി പറഞ്ഞാൽ വെറുതെ ഇരിക്കാൻ ഒരു സെക്കന്റ് പോലും കിട്ടാറില്ല. അത്രയേറെ സ്ഥലങ്ങളിൽ ആളുകളുടെ ഇടയിൽ എത്തിച്ചേരാനുണ്ട്. അതിനായി ഏറെ ബുദ്ധിമുട്ടുകളും ഉണ്ട് എങ്കിലും അതൊന്നും ഒരു തടസമായോ പ്രയാസമായോ ചിന്തിക്കുന്നില്ല. എല്ലാം ദൈവത്തിനു വേണ്ടിയാണല്ലോ എന്ന ചിന്ത മാത്രം. അച്ചൻ പറഞ്ഞു നിർത്തി.

മരിയ ജോസ്