ഫാ. മൈക്കിള്‍ മക്‌ഗിവ്‌നിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ കാരണമായ അത്ഭുതം

തങ്ങളുടെ പതിമൂന്നാമത്തെ കുഞ്ഞു ജനിക്കുന്നതിന് മുന്‍പ് തന്നെ ഡൗൺ സിൻഡ്രോം ബാധിതനാണെന്നും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും മനസിലാക്കിയ മിഷേലും ഭർത്താവ് ഡാനിയേലും നിരാശരായില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും ആ കുഞ്ഞിനെ കൈവെടിഞ്ഞു. കാരണം കുഞ്ഞു മരിക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ മാതാപിതാക്കൾ ദൈവത്തില്‍ ആശ്രയിച്ചു. തങ്ങളുടെ കുഞ്ഞിനുവേണ്ടി അവർ പ്രാര്‍ത്ഥിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് ഈ സംഭവം നടന്നത്.

“ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. 30 വര്‍ഷമായി ഇത്തരം കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്യാറുണ്ട്. പ്രതീക്ഷയ്ക്ക് വകയില്ല.” പിതാവ് ഡാനിയേല്‍ പറയുന്നു. നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ മൈക്കൽ മക്ഗിവ്‌നിയോട് ഇവര്‍ വളരെക്കാലമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പ്രതീക്ഷകൾ  നശിച്ചു തുടങ്ങിയപ്പോൾ അവര്‍ വളരെ ശക്തമായി മക്ഗിവ്‌നിയോട് മാധ്യസ്ഥ്യം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചു. നൂറുകണക്കിന് ആളുകള്‍ ഈ കുഞ്ഞിനുവേണ്ടി മക്‌ഗിവ്‌നിയുടെ പക്കല്‍ മാദ്ധ്യസ്ഥം വഹിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പ്രാർത്ഥനയുടെ ഫലമായി അത്ഭുതകരമായി ആ കുഞ്ഞ് സുഖപ്പെട്ടു. അവന്‍ ജനിച്ചപ്പോള്‍ ഈ കുട്ടിക്ക് തന്നെയാണോ മുന്‍പ് രോഗം സ്ഥിരീകരിച്ചത് എന്ന് പോലും ഡോക്ടര്‍മാര്‍ സംശയിച്ചു.

അന്നുവരെ, ആ മാതാപിതാക്കള്‍ കുഞ്ഞിന് ബെനഡിക്റ്റ് എന്ന് പേരിടാൻ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ തന്റെ കുട്ടി സുഖം പ്രാപിച്ചുവെന്ന് കേട്ടപ്പോൾ, അവര്‍ അവനു ഫാ. മക്ഗിവ്‌നിയോടുള്ള ബഹുമാനാർത്ഥം മൈക്കിള്‍ എന്ന പേരു തന്നെ നല്‍കി. കുഞ്ഞു മിക്കിക്ക് ഇപ്പോള്‍ അഞ്ചു വയസായി.

പിന്നീട് വിപുലമായ വൈദ്യ പരിശോധനകൾക്ക് ശേഷം മൈക്കിളിന്റെ രോഗശാന്തി ഒരു അത്ഭുതമായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഗർഭാവസ്ഥയിൽ തന്നെ മരിച്ചുപോകുമെന്ന് പറഞ്ഞ കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്ന് മാത്രമായിരുന്നു ആ മാതാപിതാക്കൾ ആഗ്രഹിച്ചത്. അത് അവർക്ക് ലഭിക്കുകയും ചെയ്തു. വിപുലമായ അന്വേഷണത്തിന് ശേഷം, 2020 മെയ് 27 ന് ഫ്രാൻസിസ് മാർപാപ്പ ഇത് ഫാ. മൈക്കൽ മക്ഗിവ്‌നിയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതമായി സ്ഥിരീകരിച്ചു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചത് ഈ അത്ഭുതമാണ്‌.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.