കോവിഡ് മൂലം വർദ്ധിക്കുന്ന പട്ടിണിയിൽ വലഞ്ഞു 110 ദശലക്ഷത്തോളം കുട്ടികൾ

കോവിഡ് പകർച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തിൽ ലോകത്ത് പട്ടിണിയിലാകുന്നത് 110 ദശലക്ഷത്തോളം കുട്ടികൾ. ഇത് 8 ദശലക്ഷത്തോളം കുട്ടികളെ ബാലവേലയിലേക്കും ഭിക്ഷാടനത്തിലേക്കും തള്ളിവിടുന്നുവെന്ന് റിപ്പോർട്ടുകൾ.

കൊറോണ വൈറസിന്റെ സാമ്പത്തിക ആഘാതം കുട്ടികളോടുള്ള അതിക്രമം, ദാരിദ്ര്യം എന്നിവ അപകടകരമായ തോതിൽ വർദ്ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും വേൾഡ് ഫുഡ് പ്രോഗ്രാമും മറ്റ് അന്താരാഷ്ട്ര ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തിര നടപടികളില്ലാതെ, ലോകത്തിലെ 2 ബില്ല്യൺ കുട്ടികളിൽ ഓരോ രണ്ടാമത്തെ കുട്ടിയും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഈ സ്ഥിതി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. വേൾഡ് വിഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഏഷ്യയിലെ ഒൻപത് രാജ്യങ്ങളിലെ 14,000 വീടുകളിൽ മൂന്നിലൊന്ന് പേർക്ക് ഇതിനകം ജോലിയോ വരുമാനമോ നഷ്ടപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കംബോഡിയയിൽ, തൊഴിൽ നഷ്ടവും വരുമാനമില്ലാത്ത അവസ്ഥയും മൂലം 28% കുടുംബങ്ങളും കുട്ടികളെ ജോലിക്ക് അയയ്ക്കുന്നു. ബംഗ്ലാദേശിൽ 34% പേർ ഭിക്ഷാടനത്തിന് കുട്ടികളെ അയച്ചതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ നഗര- ചേരികളിൽ, യാത്രാ നിയന്ത്രണവും കുടുംബ വരുമാനത്തിലെ കുറവും മൂലം 40% ഭവനങ്ങളിലും ഗാർഹികപീഡനം വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ അനുസരിച്ച്, പകർച്ചവ്യാധി കാരണം 66 ദശലക്ഷം കുട്ടികൾ വരെ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 385 ദശലക്ഷം കുട്ടികൾ ഇതിനകം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.