അമേരിക്കൻ സൈനികരുടെ മുൻ ചാപ്ലെയിന്റെ നാമകരണ നടപടികൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു  

അമേരിക്കൻ സൈനികരുടെ മുൻ ചാപ്ലെയിനായി സേവനം ചെയ്ത ഫാ. എമിൽ ജോസഫ് കാപ്പൻ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യത തെളിയുന്നു. കൊറിയൻ യുദ്ധകാലത്താണ് അദ്ദേഹം സൈന്യത്തിൽ ചാപ്ലെയ്നായി സേവനം ചെയ്തിരുന്നത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിലെ അംഗങ്ങളായ ഏതാനും ആർച്ച് ബിഷപ്പുമാരും, കർദ്ദിനാളുമാരും മാർച്ച് പത്താം തീയതി ദൈവദാസ പദവിയിലുള്ള എമിൽ ജോസഫിനെ ധന്യ പദവിയിലേക്ക് ഉയർത്തണമോ എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തും.

1993 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. സൈന്യത്തിൽ നിസ്വാർത്ഥ സേവനം ചെയ്തു വന്നിരുന്ന എമിൽ ജോസഫ് കാപ്പൻ ഉൻസാൻ യുദ്ധത്തിൽ പിടിയിലാകുകയും തടവുകാരനായി തീരുകയും ചെയ്തു. തടവുകാരനായി കഴിയുന്നതിനിടയിൽ അദ്ദേഹം ആളുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും, സഹ തടവുകാരുടെ മൂല്യബോധം ഉയർത്തുവാനും അക്ഷീണം പ്രയത്നിച്ചിരുന്നു.

1951 മെയ് മാസത്തിൽ ന്യൂമോണിയ മൂലമാണ് ഫാ. എമിൽ ജോസഫ് മരണമടഞ്ഞത്. പോഷകാഹാര കുറവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. 2013 ലാണ് കാപ്പന് മരണാനന്തര ബഹുമതിയായി മെഡൽ ഓഫ് ഓണർ ലഭിക്കുന്നത്.

14 വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്റെ മാതൃ രൂപതയായ വിച്ചിത്ത രൂപത 1066 പേജുകളുള്ള റിപ്പോർട്ടാണ് നാമകരണ നടപടികൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 2016ൽ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ ചരിത്ര കമ്മറ്റി പ്രസ്തുത ഗവേഷണ റിപ്പോർട്ട് അംഗീകരിച്ചു. 2018ൽ ദൈവശാസ്ത്ര കമ്മിറ്റിയും റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവച്ചു. ഇരു കമ്മിറ്റികളും എമിൽ ജോസഫ് കാപ്പനെ ധന്യൻ പദവിയിലേക്ക് ഉയർത്തണമോ എന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കും.