സ്നേഹം വിളമ്പി ഹൃദയവും വയറും നിറയ്ക്കുന്ന വിശപ്പിന്റെ കാവൽക്കാരി

“നിങ്ങൾ ആളുകളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർ നിങ്ങളോട് ചോദിക്കേണ്ട ആവശ്യമില്ല. അവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ മതി അവരുടെ ആവശ്യങ്ങൾ നിങ്ങളുടെ ഹൃദയം കൊണ്ട് കാണുവാൻ സാധിക്കും.” -ഡോറമൈസ് മൊറോ എന്ന അറുപതുകാരിയുടെ വാക്കുകള്‍ ആണിത്. ഹെയ്തിയിലെ വിശക്കുന്ന അനേകരുടെ അന്നമാണ് ഈ അമ്മ. ബാല്യകാലം മുതൽ മറ്റുള്ളവരുടെ വിശപ്പിനെ സ്വന്തമായിക്കണ്ട് അടുക്കളയിൽ നിന്ന് അവർക്കൊക്കെ ഭക്ഷണം എടുത്ത് കൊടുക്കുവാൻ കാണിച്ച ഒരു കുഞ്ഞു മനസ്സുണ്ടായിരുന്നു, ഡോറമൈസ് മൊറോയ്ക്ക്. അമ്മയുടെ നിരന്തരമായ ഭീഷണികളൊന്നും അവളെ തളർത്തിയില്ല. അവൾ വളർന്നതിനോടൊപ്പം കാരുണ്യമുള്ള അവളുടെ മനസ്സും വളർന്നു.

ഫ്ലോറിഡയിലെ മിയാമിയിൽ മക്കളും കൊച്ചു മക്കളുമടങ്ങുന്ന ഈ കൊച്ചു കുടുംബത്തിന്റെ അടുക്കളയിൽ എല്ലാ ദിവസവും രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിന്റെ ഗന്ധമുയരും. ഏകദേശം 1500 -ഓളം പേർക്കാണ് ഒരാഴ്ച മൊറോ എന്ന ഈ അമ്മ സ്നേഹത്തോടെ വയറും മനസ്സും നിറയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ അനേകർ പട്ടിണിയിലായപ്പോൾ തന്റെ ഇല്ലായ്മയിൽ നിന്നും മറ്റുള്ളവരുടെ ഹൃദയത്തെ നിറയ്ക്കുകയാണ് ചെയ്യേണ്ടതെന്ന തിരിച്ചറിവാണ് മോറോയ്ക്കുണ്ടായത്. അങ്ങനെയാണ് ഒരു സ്കൂളിലെ കാവൽക്കാരിയായിരുന്ന മോറോ തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് മറ്റുള്ളവരുടെ വിശപ്പിനു പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നതിലേക്ക് വളർന്നത്. പിന്നീട് തന്റെ ഇടവകാ ദൈവാലയത്തിൽ നിന്നും വലിയ സഹായമാണ് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. “എല്ലാ വിശപ്പിനും ഒരേ മുഖമാണുള്ളത്. അതിനു അമേരിക്കക്കാരെന്നോ സ്പാനിഷ് എന്നോ ഹെയ്ത്തിയൻ എന്നോ വ്യത്യാസമില്ല. അതിനാൽ ആര് വന്നു ഭക്ഷണമാവശ്യപ്പെട്ടാലും അത് അവർക്ക് നൽകുന്നു. നിരാശരാക്കി പറഞ്ഞയച്ചാൽ പിന്നീട് എന്റെ ഹൃദയത്തിനത് താങ്ങുവാൻ സാധിക്കില്ല,” -മൊറോ പറയുന്നു.

മറ്റുള്ളവരോടുള്ള അനുകമ്പയും കാരുണ്യവും അവരുടെ വലിയ പ്രതീക്ഷയാക്കി മാറ്റുവാൻ കഴിവുള്ള ദൈവത്തിന്റെ ഏറ്റവും മികച്ച ദാസിയാണ് മൊറോ. തന്റെ പരിമിതികൾക്കുമപ്പുറത്ത് മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായമാകുന്ന മോറോയുടെ ഹൃദയ വിശാലതയും ദൈവം നൽകിയ വലിയ വിളിയും എക്കാലവും ഈ ജനതയ്ക്ക് വലിയ അനുഗ്രഹമാണ്. ഇത്രയുമാളുകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനോടൊപ്പം ജോലിയുടെ ഉത്തരവാദിത്വങ്ങളും ഏറ്റവും മനോഹരമായി ചെയ്യുന്ന മൊറേയോട് ആളുകൾക്ക് വലിയ സ്നേഹവും ബഹുമാനവുമാണ്. ഇതിനൊക്കെപുറമെ ദൈവാലയം വൃത്തിയാക്കുന്ന ജോലിയും മോറോ ചെയ്യുന്നുണ്ട്. ആളുകൾ തന്നോട് ‘മടുത്തോ’ എന്ന് സ്നേഹപൂർവ്വം ചോദിക്കാറുണ്ട്. ഈ സ്നേഹം തന്നെയാണ് തനിക്കുള്ള പ്രചോദനമെന്ന് അവർ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുന്നു.

“സമ്പത്ത് ഭദ്രമായി സൂക്ഷിക്കുവാൻ ആർക്കും കഴിയും. ആർക്കും ഒരു രൂപപോലും നൽകാതെ എല്ലാം നമുക്കായി കരുതി വെക്കാം. എന്നാൽ നിങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതെ ഹൃദയത്തിൽ നിന്നും നൽകുകയാണെങ്കിൽ നിങ്ങളുടെ അടുക്കളയിൽ തീർച്ചയായും സമൃദ്ധമായ ഭക്ഷണം ഉണ്ടായിരിക്കും.” മൊറോ കൂട്ടിച്ചേർത്തു. ചെയ്യുന്നതെല്ലാം സന്തോഷത്തോടെ മറ്റുള്ളവർക്കായി സമർപ്പിക്കുന്ന ഈ സ്കൂൾ കാവൽക്കാരി അനേകായിരങ്ങളുടെ വിശപ്പിന്റെ വിളിയുടെ കാവൽക്കാരി കൂടിയായി മാറിയിരിക്കുകയാണ്. പങ്കുവെയ്ക്കലിന്റെ ഈ മാതൃകയിലൂടെ ഇനിയും ഒരുപാട് ഹൃദയങ്ങൾ നിറയട്ടെ.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.