സകല മരിച്ച വിശ്വാസികളുടെയും ഓര്‍മ്മത്തിരുന്നാള്‍ (നവംബര്‍ 02)

വിവാഹാശീര്‍വാദ അവസരങ്ങളിലെ പ്രസംഗങ്ങളില്‍ പഴയനിയമത്തിലെ ഉത്തമഗീതത്തില്‍ നിന്നും ഒരു വാചകം ഉദ്ധരിക്കാറുണ്ട്. എട്ടാം അധ്യായം ആറാം വാക്യമാണത്. ”മരണം പോലെ ശക്തമാണ് സ്‌നേഹം.” എന്നാല്‍, ഓരോ വര്‍ഷവും നിരവധി സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുകയും, പ്രിയപ്പെട്ടവര്‍ അവരോട് വിട പറയുന്നത് കാണുകയും, എനിക്ക് പ്രിയപ്പെട്ട പലരോടും അന്തിമമായി വിട പറയേണ്ടി വരികയും ചെയ്തപ്പോള്‍ സ്‌നേഹം എത്രമാത്രം ശക്തമാണെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് ഉത്തമഗീതത്തിലെ, ‘മരണം പോലെ ശക്തമാണ് സ്‌നേഹം’ എന്ന വാക്യം ‘സ്‌നേഹം പോലെ ശക്തമാണ് മരണം’ എന്ന് തിരിച്ചുപറയുവാന്‍ എനിക്ക് തോന്നുന്നു. കാരണം, മരണത്തിലൂടെ നമ്മള്‍ മരണപ്പെട്ടവരോട് നിത്യമായി വിട പറയുകയല്ല, മറിച്ച് മരണപ്പെട്ടവരുമായി നമ്മള്‍ നിത്യസ്‌നേഹത്താല്‍ നമ്മെത്തന്നെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

സ്ഥലത്തിനും സമയത്തിനും അതീതമായി, കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങള്‍ക്കും പരാതികള്‍ക്കുമതീതമായി, ഒരിക്കലും മറക്കാനും പിരിയാനും പിണങ്ങാനും പറ്റാത്ത നിത്യവും ഹൃദ്യവുമായ ഒരു ആത്മബന്ധത്തിലേയ്ക്ക് നമ്മള്‍ നമുക്ക് പ്രിയപ്പെട്ട മരിച്ചവരുമായി ഇഴുകിച്ചേരുകയാണ്. പ്രത്യേകിച്ച്, മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുന്ന ഈ ദിനത്തില്‍ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ നമ്മോടൊത്തുണ്ടെന്നും അവര്‍ നിത്യമായി ദൈവസന്നിധിയില്‍ വസിക്കുന്നുവെന്നുമുള്ള വിശ്വാസമാണ് പ്രാര്‍ത്ഥനാവേളയില്‍ അവരെ ഓര്‍ക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്.

കുട്ടികള്‍, യുവാക്കള്‍, മദ്ധ്യവയസ്‌കര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, വൃദ്ധര്‍ തുടങ്ങിയ നിരവധിയായ, മൃതിയടയുന്നവരുടെ വാര്‍ത്തകള്‍ നാം ദിനവും വായിക്കുന്നുണ്ട്. ലോകമെമ്പാടും എല്ലാ ദിവസവും രോഗം, യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങി നിരവധി കാരണങ്ങളാല്‍ മരിക്കുന്നവരെപ്പറ്റിയുള്ള വാര്‍ത്തകളും നാം അറിയുന്നു. എന്നാല്‍, ഇതൊന്നും വ്യക്തിപരമായി നമ്മെ അത്രയും ബാധിക്കാറില്ല, അത്തരം വാര്‍ത്തകള്‍ കേട്ട് നമ്മുടെയൊന്നും ഉറക്കം നഷ്ടപ്പെടാറുമില്ല. എന്നാല്‍, മരണമടഞ്ഞ വ്യക്തി നമ്മുടെ മാതാപിതാക്കളോ, സഹോദരങ്ങളോ, നമ്മള്‍ സ്‌നേഹിക്കുന്ന അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ ആണെങ്കില്‍ ആ വാര്‍ത്ത നമ്മെ ഏറെ വേദനിപ്പിക്കും. ചിലപ്പോള്‍ നമ്മള്‍ മാനസികമായി തകര്‍ന്നുപോയെന്നും വരാം. അപ്പോഴാണ് മരണം സ്‌നേഹം പോലെ ശക്തമായിത്തീരുന്നത്. നമുക്ക് പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍, മരണം സ്‌നേഹം പോലെ ശക്തമാണെന്ന് നാമറിയുന്നു. മരണം മൂലം വേര്‍പിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവരോടുള്ള നമ്മുടെ ആഴമായ അടുപ്പവും, ഹൃദ്യമായ സ്‌നേഹവുമാണ് അവരെ ഓര്‍മ്മിക്കുവാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി ഇന്നിവിടെ ഒത്തുചേരാന്‍ നമ്മെ പ്രേരിപ്പിച്ചത്.

ഈ അവസരത്തില്‍ അവരെന്നും നമ്മോടൊത്തുണ്ടെന്നും, നമ്മള്‍ അവരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെന്നും വിശ്വസിച്ച്, നമുക്ക് പ്രിയപ്പെട്ട നമ്മുടെ മരിച്ചുപോയ സ്വന്തക്കാരോട് ആത്മബന്ധം പുലര്‍ത്തുമ്പോള്‍ അവര്‍ക്കു വേണ്ടി നമുക്ക് ദൈവത്തോടു പ്രാര്‍ത്ഥിക്കാം. ഒപ്പം അവര്‍ നമുക്ക് ജീവിതകാലത്തു ചെയ്ത എല്ലാ നന്മകള്‍ക്കും നന്ദി പറയാം. സ്‌നേഹം ഒരു ഉത്തരവാദിത്വമായതുകൊണ്ട്, പൊള്ളയായ വാക്കുകള്‍ക്കതീതമായി ഒരു സമര്‍പ്പണമായതുകൊണ്ട് അവര്‍ നമ്മോടു ചെയ്തതുപോലെ അവരോടുള്ള നമ്മുടെ കടമകള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ഒരുപക്ഷേ നാം ചിന്തിച്ചേക്കാം. ജീവിച്ചിരുന്ന കാലത്തു തന്നെ അവരോട് ഒരു നല്ല വാക്ക് പറയുവാനും അവരോട് നന്ദി പറയുവാനും ചിലപ്പോള്‍ അവരോട് മാപ്പ് പറയുവാനും അവരെ വേണ്ടതുപോലെ വേദനകളില്‍ ആശ്വസിപ്പിക്കുവാനും നമുക്ക് വീഴ്ച വന്നിട്ടുണ്ടാകും. ഒരുപക്ഷേ, ജീവിച്ചിരുന്നപ്പോള്‍ അവരെ മനസിലാക്കുകയോ, അവരുടെ വാക്കുകള്‍ ഗൗരവമായി എടുക്കുകയോ ചെയ്തിട്ടുണ്ടാവുകയില്ല. അതുകൊണ്ട് കുറ്റബോധമോ, നിരാശയോ നമ്മെ അലട്ടുന്നുണ്ടാകാം. നിര്‍ഭാഗ്യവശാല്‍ ഇത്തരം ചിന്തകളൊക്കെ വരുന്നത് നമ്മുടെ മാനുഷികമായ പരിമിതി മൂലവും നമുക്ക് മരിച്ചവരുമായുള്ള അഗാധമായ സ്‌നേഹം മൂലവും ആഴമായ ബന്ധം മൂലവുമാണ്. ഇത്തരം ചിന്തകള്‍ വരുമ്പോഴാണ് നാമറിയുക, നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരെ നമ്മള്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന്… അവര്‍ നഷ്ടപെടാന്‍ നമ്മള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലയെന്ന്… മരണവും, വേര്‍പാടും നമുക്ക് തരുന്ന അനുഭവം സ്‌നേഹമാണെന്ന് നാമറിയുന്നു. മരണം, സ്‌നേഹം പോലെ ശക്തമാണെന്ന് നാം അനുഭവിക്കുന്നു.

ചിലപ്പോള്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ വേര്‍പിരിയലിന്റെ വേദനയില്‍ നിന്നും സ്‌നേഹാനുഭവത്തിന്റെ നെറുകയിലേയ്ക്ക് ഉയരാന്‍ മാസങ്ങളും വര്‍ഷങ്ങളും ആവശ്യമാകാം. ഇന്ന് നമ്മള്‍ ഈ പരിശുദ്ധ ദൈവാലയത്തില്‍ വന്നത്, മരിച്ചുപോയ പ്രിയപ്പെട്ടവരെ ഓര്‍ക്കാനും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവരോടു നന്ദി പറയുവാനും മാത്രമല്ല. നമ്മുടെ അനുദിന ജീവിത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് തിരികെ വരാനും നമ്മുടെ പ്രിയപ്പെട്ടവരില്ലാത്ത, നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ലോകത്തില്‍ അവരില്ലാതെ ജീവിതം സുഗമമായി മുന്നോട്ടു നയിക്കുവാന്‍ ആവശ്യമായ സര്‍വ്വേശ്വരന്റെ കൃപ യാചിക്കുവാനുമായിട്ടാണ്.

നമ്മുടെ ജീവിതമാകുന്ന വിശ്വാസയാത്ര സുഗമമായി മുന്നോട്ടു നയിക്കുവാന്‍ നമുക്ക് ശക്തിയും ആത്മവിശ്വാസവും ആവശ്യമാണ്. വി. പൗലോസ് അപ്പസ്‌തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നതുപോലെ, “മരിച്ചവരോടുള്ള നമ്മുടെ സ്‌നേഹം വിശ്വാസത്തോടും പ്രത്യാശയോടും കൂടെ നിറച്ചാല്‍ സകലത്തെയും കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ദുര്‍ബല ശരീരത്തെ മഹത്വമുള്ള ശക്തിയായി ഉയര്‍ത്തും.” വിശ്വാസത്തിലും സ്‌നേഹത്തിലും വളര്‍ന്ന് ദൈവത്തോടു ഐക്യപ്പെടുന്നതുപോലെ മരിച്ചവരോടും നമുക്ക് ഐക്യപ്പെടാമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് നമുക്കിന്ന് പ്രത്യാശയും, പ്രതീക്ഷയും നല്കുന്നത്. മരിച്ചവര്‍ മണ്‍മറഞ്ഞു പോവുകയോ നഷ്ടപ്പെടുകയോ ഇല്ലാതാവുകയോ അല്ല. മറിച്ച്, മരിച്ചവര്‍ പരിവര്‍ത്തന വിധേയരാവുകയും ജീവന്റെയും ജീവിതത്തിന്റെയും പുതിയൊരു ഭാവം ഉള്‍ക്കൊണ്ട് പുതിയൊരു ലോകത്ത് രൂപഭാവങ്ങളില്ലാതെ ദൈവത്തോടൊത്തു ജീവിക്കുകയുമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: “എന്റെ ഭവനത്തില്‍ ധാരാളം വാസസ്ഥലമുണ്ട്. നിങ്ങള്‍ക്ക് സ്ഥലമൊരുക്കുവാന്‍ ഞാന്‍ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലമൊരുക്കി കഴിയുമ്പോള്‍ ഞാനായിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കുന്നതിനു വേണ്ടി നിങ്ങളെ ഞാന്‍ കൂട്ടികൊണ്ടു പോകും” എന്ന്. അപ്പസ്‌തോലനായ പൗലോസ് പറഞ്ഞതുപോലെ, മരിച്ചവരെക്കുറിച്ചു വിശ്വാസമില്ലാത്തവരെപ്പോലെയാകരുത് നമ്മള്‍ (1 തെസ. 4:13-14). അതിനാല്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട, മരിച്ചവരെ ഓര്‍ക്കുന്ന ഈ വേളയില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ സ്‌നേഹം ഓര്‍ക്കുകയും അവരോടുള്ള നമ്മുടെ സ്‌നേഹം ഒരിക്കല്‍ക്കൂടെ അനുഭവവേദ്യമാക്കുകയും ചെയ്യാം.

ഫാ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS