വഴിയും ഇടവഴിയും

[avatar user=”Makkichan” size=”120″ align=”right” /]

ഒരു പുലരിക്കപ്പുറം ചുട്ടുപൊള്ളുന്ന വെയിലിന്റെ ചൂടേറ്റ് അവന്‍ ഏറെ ദൂരങ്ങള്‍ നടന്നു. മരച്ചോലകള്‍ തീര്‍ത്ത സായാഹ്നങ്ങളില്‍ പലവട്ടം ഇരുന്നു വിശ്രമിച്ചു. വഴിയരികിലെ പഞ്ചായത്തുവക പൈപ്പുകളില്‍നിന്ന് വെള്ളം കുടിച്ച് തന്‍റെ ദാഹം ശമിപ്പിച്ചു. വിശന്നപ്പോള്‍ ആരുടെയൊക്കെയോ മുമ്പില്‍ കൈനീട്ടി. ചിലരൊക്കെ വയറു നിറയെ ഭക്ഷണം നല്കി, ചിലരൊക്കെ വയറു നിറയെ അസഭ്യങ്ങളും വിളമ്പി. സായഹ്നനങ്ങളില്‍ മരത്തണലും പ്രഭാതങ്ങളില്‍ പുഴക്കരയും അയാള്‍ക്ക് അന്തിയുറങ്ങാനും യാത്ര തുടങ്ങാനുമുള്ള ഇടങ്ങളായിരുന്നു.

വഴിയായിരുന്നു അയാളുടെ ജീവിതം. വഴിയാണ് എന്നും മനുഷ്യന്റെ ജീവിതത്തില്‍ സന്തോഷവും സങ്കടങ്ങളും സമ്മാനിക്കുക, നന്മതിന്മകളെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തുക. കാഴ്ചകള്‍ക്കപ്പുറവും ഇപ്പുറവും തമ്മിലുള്ള ദൂരവ്യത്യാസത്തിനിടയില്‍ മനുഷ്യന്‍ നടത്തുന്ന സഞ്ചാരങ്ങളൊക്കെ രേഖപ്പെടുത്തുന്നത് വഴിയാണത്രേ. ചിലപ്പോഴൊക്കെയും വഴിയും ആള് നോക്കി നിറം മാറ്റുമെന്നത് കാലമൊരുക്കുന്ന കാഴ്ചകള്‍ തന്നെ. ചിലരൊക്കെ സഞ്ചരിച്ചാല്‍ വഴി മനോഹരമാകും, വര്‍ണ്ണശബളമാകും, വാദ്യമേളമുഖരിതമാകും.

ഒരു ആയുസ്സിന്റെ ദൈര്‍ഘ്യത്തില്‍ പിന്നിട്ട ദൂരങ്ങളൊക്കെ വഴിയായി നിലകൊള്ളുമ്പോള്‍ ചിലരൊക്കെ ഏറെ ദൂരങ്ങള്‍ പിന്നിട്ടു. മറ്റു ചിലരൊക്കെ ഇത്തിരി ദൂരങ്ങള്‍ മാത്രം. ഏറെ ദൂരങ്ങള്‍ സഞ്ചരിച്ചവരൊക്കെ ഏറെ ഇടവഴികളും പിന്നെയും പിന്നെയും തിരിയുന്ന ഇടവഴികളും പിന്നിട്ടിട്ടുണ്ടാകാം.

ഇടവഴികളൊക്കെ മെല്ലെ നടക്കുന്നവര്‍ക്കുള്ള സഞ്ചാര പഥമാണത്രേ. കാരണം വേഗതയില്‍ സഞ്ചരിക്കാനുള്ളവരൊന്നും ഇടവഴികള്‍ തിരഞ്ഞെടുക്കില്ല. വേഗതയില്‍ മനുഷ്യര്‍ തങ്ങളുടെ സുഖസൗകര്യങ്ങള്‍ മാത്രമാണ് അന്വേഷിക്കുക. എവിടെയോ യാത്രയ്ക്കു വിരാമം കുറിക്കാന്‍ കണ്ണും കാതും അടച്ച് അവര്‍ വേഗത്തില്‍ പായുന്നുവത്രേ. ഇടവഴികളൊക്കെ മനുഷ്യന്റെ യാത്രയുടെ വേഗതയെ കുറയ്ക്കുന്നുവത്രേ. കാരണം അവിടെ അപരനിലേക്കുള്ള കണ്ണ് തുറക്കാതെ നടന്നു നീങ്ങാനാകില്ല. സ്വന്തം സുഖസൗകര്യങ്ങളെക്കാള്‍ അപരന്റെ സുഖസൗകര്യങ്ങളെ പരിഗണിക്കാതെ ഈ ഇടവഴിയിലൂടെ നടക്കാനാവില്ല. വഴിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒക്കെ അയാള്‍ തന്‍റെ നെഞ്ചിലൊതുക്കി മുമ്പില്‍ കണ്ട ഇടവഴിയിലൂടെ അയാള്‍ നടന്നുനീങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.