അള്‍ത്താര സമര്‍പ്പണത്തിന്റെ വാര്‍ഷികദിനത്തില്‍ നോത്രദാം കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു

2019 ഏപ്രിലിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടാതിരിക്കുന്ന ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലില്‍ ജൂണ്‍ 16, ബുധനാഴ്ച ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. പാരീസ് ആര്‍ച്ചുബിഷപ്പ് മൈക്കല്‍ ഓപ്പെറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകുന്നേരം ആറിനായിരുന്നു അടച്ചിട്ട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടത്തിയത്.

1989-ല്‍ കര്‍ദ്ദിനാള്‍ ലസ്റ്റിഗര്‍ നടത്തിയ അള്‍ത്താര സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. 2019 ഏപ്രില്‍ 15-ന് അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത്. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. അടുത്ത വേനല്‍ക്കാലത്തായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ബാക്കി ഭാഗം നടക്കുക.

2024-ല്‍ വിശ്വാസികള്‍ക്കായി കത്തീഡ്രല്‍ തുറന്നുകൊടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. വലിയ രീതിയിലുള്ള സാമ്പത്തിക സഹായവും ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് ആവശ്യമാണ്. ഈ ബുധനാഴ്ച അര്‍പ്പിച്ച ദിവ്യബലി മധ്യേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികളോട് ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.