മാതാവിന്റെ ദൈവാലയജീവിതം- (മാതാവിന്റെ ബാല്യം) 

മറിയത്തിനു മൂന്നു വയസു പൂര്‍ത്തിയായപ്പോള്‍ ദൈവം അവളുടെ മാതാപിതാക്കള്‍ക്ക് അവളെ ജറുസലേം ദേവാലയത്തിലേയ്ക്ക് അയക്കേണ്ട സമയമായി എന്ന് വെളിപ്പെടുത്തല്‍ നല്‍കി. മറിയത്തെ പിരിയുക മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ വേദന നിറഞ്ഞ ഒന്നായിരുന്നു. എങ്കിലും ദൈവഹിതം നിറവേറുന്നതിനായി അവര്‍ തങ്ങളുടെ വേദനകളെ മാറ്റിവെച്ചു. ദൈവാലയത്തിലേയ്ക്ക് പോകുമ്പോള്‍ തന്നെ  ദൈവത്തിന്റെ ഭവനത്തിലുള്ള താമസത്തെക്കുറിച്ചോര്‍ത്ത് കുഞ്ഞു മറിയത്തിന് ആവേശമായിരുന്നു. ആലയത്തില്‍ എത്തിയപ്പോള്‍ മാതാപിതാക്കളായ അന്നയും യോവാക്കിമും മറിയത്തെ അനുഗ്രഹിച്ച് പറഞ്ഞയച്ചു.

യൂദായുടെയും ലേവിയുടെയും ഗോത്രങ്ങളില്‍ നിന്നുള്ള ആദ്യ ജാതരായ പെണ്‍കുട്ടികളെ വിവാഹപ്രായം വരെ വിശുദ്ധിയില്‍ വളര്‍ത്തിയിരുന്ന സ്ഥലമായിരുന്നു അത്. അവിടെയെത്തിയ മറിയത്തെ വൈദികര്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുകയും അവരെ ചുംബിക്കുകയും ചെയ്തതിനു ശേഷം കുഞ്ഞു മേരി ആ പതിനഞ്ചു പടികള്‍ ഓടിക്കയറി. പതിനഞ്ചാമത്തെ പടിയില്‍ ശിമയോന്‍ എന്ന പുരോഹിതനും ഹന്നാ എന്ന പ്രവാചകയും അവളെ അഭിസംബോധന ചെയ്തു. മാതാവും മറ്റു കുട്ടികളും രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുകയും ദൈവാലയ കാര്യങ്ങളില്‍ മുഴുകുകയും ചെയ്തുപോന്നു.

മറിയത്തിനു ബാല്യത്തില്‍ തന്നെ സ്വര്‍ഗീയമായ ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അവള്‍ക്കു മൂന്നര വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. ഇതു ദൈവം ദര്‍ശനത്തില്‍ കാണിച്ചു കൊടുക്കുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. മറിയം നിരന്തരം ദൈവത്തോടുള്ള സ്‌നേഹത്തില്‍ ആയിരിക്കുകയും പാട്ടുകളിലൂടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തിരുന്നു. മറിയത്തിന്റെ വിശുദ്ധിയും അനുസരണവും എളിമയും കണ്ടു മറ്റു പെണ്‍കുട്ടികള്‍ അസൂയാലുക്കളായി. അവര്‍ മറിയത്തെക്കുറിച്ചു കള്ളങ്ങള്‍ പറഞ്ഞുണ്ടാക്കുകയും കാപഠ്യക്കാരി എന്ന് വിളിക്കുകയും ചെയ്തു.

മറിയത്തിനെതിരെയുള്ള കളവുകള്‍ ആദ്യമായി ശിമയോന്‍ വിശ്വസിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ദര്‍ശനത്തിലൂടെ മറിയം നിഷ്‌കളങ്കയാണെന്ന വെളിപ്പെടുത്തല്‍ അദ്ദേഹത്തിനു ലഭിച്ചു. മറിയത്തിനു 12 വയസുള്ളപ്പോള്‍ അവളുടെ അമ്മ അന്ന മരണമടഞ്ഞു. അമ്മയുടെ മരണനേരത്ത് മാലാഖമാര്‍ അവളെ അമ്മയുടെ പക്കല്‍ എത്തിക്കുകയും അവസാന അനുഗ്രഹം വാങ്ങുവാന്‍ അനുവദിക്കുകയും ചെയ്തു.

(Source: ‘Mary’s Life and Reflections As Seen In The Mystical City of God’ by Mary Joan Wallace)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.