പത്രോണ ബവേറിയ – ജർമ്മനിയിലെ ബവേറിയിലെ മരിയൻ വണക്കം

ഫാ. ജയ്സൺ കുന്നേൽ MCBS

ജയ്സൺ കുന്നേൽ

ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനവുമാണ് ബവേറിയ അല്ലങ്കിൽ ബയൺ. ഇതു ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. സ്വതന്ത്ര സംസ്ഥാനമായ ബവേറിയ ദൈവമാതൃഭക്തിക്കും പേരുകേട്ട പ്രദേശമാണ്. നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളാൽ സമ്പന്നമാണ് കത്തോലിക്കർ കൂടുതലുള്ള ബവേറിയ.

ബവേറിയയിലെ (ബയൺ) കാവൽ വിശുദ്ധയായി ദൈവമാതാവായ കന്യകാമറിയത്തെ വണങ്ങുന്നതിനെയാണ് പട്രോണ ബവേറിയ (Patrona Bavariae) എന്നതുകൊണ്ടു അർത്ഥമാക്കുന്നത്.

ബവേറിയയിലെ മരിയൻ വണക്കം ആദ്യകാലങ്ങൾ

ക്രിസ്തു സന്ദേശവുമായി AD 724 ൽ വി. കൊർബിനിയാൻ ഫ്രൈസിംഗിൽ (Freising) വന്നു. അവർഷം തന്നെ പരിശുദ്ധ കന്യാകമറിയത്തിന്റെ ബഹുമാനത്തിനായി ഒരു ദൈവാലയം അദ്ദേഹം നിർമിക്കുകയും മറിയത്തിന്റെ ജന്മ തിരുനാൾ ദിനമായ സെപ്റ്റംബർ 8 നു കൂദാശ ചെയ്യുകയും ചെയ്തു. AD 739 ൽ ഫ്രൈസിംഗ്‌ രൂപത സ്ഥാപിതമായപ്പോൾ ഈ മരിയൻ ദൈവാലയം കത്തീഡ്രലായി മാറി. മധ്യകാലഘട്ടങ്ങളിൽ ബവേറിയയിലെ മരിയൻ വണക്കങ്ങൾ അക്കാലത്തു സ്ഥാപിതമായ തീർത്ഥാടന കേന്ദ്രങ്ങളും പള്ളികളിലും ക്രേന്ദ്രീകരിച്ചായിരുന്നു. ഏറ്റാൽ ആശ്രമം (Kloster Ettal) മരിയാ താൽഹൈം (Maria Thalheim) ആൾട്ട് ഓട്ടിംഗ്‌ (Altötting) എന്നിവ അവയിൽ ചിലതാണ്. ഔസ്ബർഗിലെ കത്തീഡ്രലും ഐസ്‌റ്റേറ്റിലെ ദൈവമാതാവിന്റെ ദൈവാലയവും ബവേറിയയിലെ മരിയൻ വണക്കത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

റെസിഡൻസിലെ മരിയൻ വെങ്കല പ്രതിമ

മാക്സിമില്യാൻ ഒന്നാമന്റെ കാലത്താണ് മറിയത്തെ ബവേറിയയുടെ മധ്യസ്ഥയായി വണങ്ങുന്നത് ഔദ്യോഗികമായി ആരംഭിച്ചത്. 1610 ൽ മറിയത്തെ മ്യൂണിക് നഗരത്തിന്റെ കാവൽ മധ്യസ്ഥയായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു നാണയം പുറത്തിറക്കി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ പ്രധാന മാനദണ്ഡമായി അക്കാലത്തു മരിയൻ വണക്കത്തെ ചിത്രീകരിച്ചു. 1616-ാം ആണ്ടിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള മുപ്പതു വർഷത്തെ യുദ്ധത്തിനിടയിൽ (യൂറോപ്പ്യൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധങ്ങളിലൊന്നായിരുന്നു മുപ്പതുവർഷ യുദ്ധം(1618–1648). പ്രധാനമായും ജർമൻ പ്രദേശങ്ങളിലായിരുന്നു യുദ്ധം നടന്നതെങ്കിലും യൂറോപ്പിലെ എല്ലാ രാജ്യങ്ങളുംതന്നെ ഏതെങ്കിലും അവസരത്തിൽ ഈ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു) ബവേറിയൻ ഭരണാധികാരിയായ മാക്സിമില്യൻ ഒന്നാമൻ മ്യൂണിക് റെസിഡൻസിന്റെ പടിഞ്ഞാറുവശത്തു 1615 ൽ ഹാൻസ് ക്രുംപ്പെർ (Hans Krumpper) രൂപകൽപ്പന ചെയ്തു ബർതോലോമിയൂസ് വെൻഗിലയിൻ (Bartolomäus Wenglein) വാർത്തെടുത്ത ഒരു വെങ്കല പ്രതിമ സ്ഥാപിച്ചു’.

വലതു കൈയിൽ ഉണ്ണീയേശുവിനെ കൈകളിലേന്തി ഒരു ചന്ദ്രക്കലയിലാണ് ദൈവമാതാവിന്റെ വലതുകാൽ വച്ചിരിക്കുന്നത് ഇടതു കൈയ്യിൽ ഒരു ദണ്ഡും, സ്വർഗ്ഗരാജ്ഞിയുടെ പ്രതീകമായി ഒരു കീരീടവും അണിഞ്ഞിരിക്കുന്നു. ഉണ്ണിയേശുവിന്റെ ഇടതു കൈയിൽ കുരിശു കൊണ്ടലകൃതമായ ഒരു ഗ്ലോബ് ഉണ്ട്, അതു അവന്റെ സാമ്രാജ്യത്തിന്റെ പ്രതീകമാണ്. ദൈവമാതാവിന്റെ ശിരസ്സിനു ചുറ്റും പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള ഒരു റീത്തു കാണാം. തിരുസ്വരൂപത്തിന്റെ കീഴിലായി മാലാഖമാർ ഒരു കെടാവിളക്കു പിടിച്ചിരിക്കുന്നു. കുട്ടി മാലാഖമാർ പിടിച്ചിരിക്കുന്ന ലിഖിതത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. „Sub tuum praesidium confugimus, sub quo secure laetique degimus“ നിന്റെ സംരക്ഷണത്തിന്റെ കീഴിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു അവിടെ ഞങ്ങൾക്കു സുരക്ഷിതമായും സന്തോഷമായും ജീവിക്കാം. മറിയത്തെ ഈ രീതിയിൽ ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാനം യോഹന്നാനു ലഭിച്ച വെളിപാടിൽ നിന്നുമാണ് (വെളിപാട് 12,1).

മരിയൻ ചത്വരത്തിലെ സ്തൂപവും സ്വരൂപവും

മുപ്പതുവർഷം യുദ്ധത്തിനിടയിൽ മാക്സിമില്യൻ ഒന്നാമൻ ഒരു ശപഥം ചെയ്തിരുന്നു ബവേറിയൻ നഗരങ്ങളായ മ്യൂണിക്കും ലാൻഡ്ഷട്ടും (Munich and Landshut) യുദ്ധത്തിൽ തകരാതിരുന്നാൽ ദൈവത്തിനു പ്രതീകരമായ ഒരു സ്മാരകം സ്ഥാപിക്കുമെന്ന്. യുദ്ധത്തിൽ രണ്ടും നഗരങ്ങൾക്കും ഒന്നും സംഭവിച്ചില്ല അതിന്റെ ഉപകാരസ്മരണയ്ക്കായി 1638 മ്യൂണിക് നഗരത്തിന്റെ ഹൃദയഭാഗത്തു അദ്ദേഹം ഒരു മരിയൻ സ്തൂപവും രൂപവും സ്ഥാപിച്ചു. 1638 നവംബർ മാസം ഏഴാം തീയതി, സകല വിശുദ്ധന്മാരുടെയും തിരുനാൾ കഴിഞ്ഞു വന്ന ആദ്യ ഞായറാഴ്ച ഫ്രൈസിങ്ങ് ബിഷപ്പായിരുന്ന വൈറ്റ് ആഡാം ഫോൺ ഗെപെഹ് (Veit Adam von Gepeckh) മരിയൻ സ്തൂപത്തിന്റെ വെഞ്ചിരിപ്പു കർമ്മം നിർവ്വഹിച്ചു.

ഈ സ്തൂപം ആരു രൂപകൽപ്പന ചെയ്തു എന്നതിനെപ്പറ്റി വ്യക്തമായ അറിവില്ല. അക്കാലത്തെ പ്രഗൽഭനായ ഒരു ശില്പി ആയിരിക്കാം എന്നാണ് വിദഗ്ദ അഭിപ്രായം. പലരും ഹ്യൂബർട്ട് ഗെർഹാർഡിന്റെ പേരു പറയുന്നു. വിൽഹം അഞ്ചാമന്റെ കല്ലറയിൽ സ്ഥാപിക്കാൻ 1593 ൽ ഹ്യൂബർട്ട് രൂപകൽപ്പന ചെയ്തതാണു ഈ സ്തൂതൂപത്തില മരിയൻ തിരുസ്വരൂപം എന്നാണ് പണ്ഡിതമതം. 1613 വരെ ഈ മരിയൻ പ്രതിമ മ്യൂണിക്കിലെ മരിയൻ ദൈവാലയത്തിലെ (Münchner Frauenkirche) പ്രധാന അൾത്താരയിലാണു പ്രതിഷ്ഠിച്ചിരുന്നത്.

മ്യൂണിക് റെസിഡൻസിൽ സ്ഥാപിച്ചിരിക്കുന്ന മരിയൻ തിരുസ്വരൂപത്തോടു സാദൃശ്യമുള്ളതാണു ഈ മരിയൻ സ്വരൂപവും. ചന്ദ്രനെ പാദത്തിൻ കീഴിലാക്കി കിരീടമണിഞ്ഞു നിൽക്കുന്ന മറിയത്തിന്റെ ഇടതു കൈയ്യിൽ ആശീർവ്വദിക്കുന്ന ഉണ്ണിയേശുവിനെയും. വലതു കൈയിൽ ഒരു ദണ്ഡും പിടിച്ചിരിക്കുന്നു. ഈ മരിയൻ തിരുസ്വരൂപം ഇവിടെ സ്ഥാപിച്ചതു മുതലാണ് മ്യൂണിക് നഗരത്തിലെ ഈ ഹൃദയഭാഗം മരിയൻപ്ലറ്റസ് (Marienplatz) എന്നറിയപ്പെടുന്നത്.

ഒന്നാം ലോകമഹായുദ്ധ സമയത്തു ബയേണിലെ രാജാവായ ലുഡ്വിക് മൂന്നാമൻ (Ludwig III) ബവേറിയയിലെ സംരക്ഷകയായി നിത്യകന്യകയും ദൈവമാതാവുമായ മറിയത്തെ പ്രഖ്യാപിക്കണമെന്നും ബവേറിയ മുഴുവൻ ഒരു മരിയൻ തിരുനാൾ ആഘോഷിക്കാൻ അനുവാദം തരണമെന്നും പതിനഞ്ചാം ബനഡിക്ട് മാർപാപ്പയോടു അപേക്ഷിച്ചു. ഇതിന്റെ ഓർമ്മ ചിത്രം മ്യൂണിക്കിലെ പാസിങ്ങിലുള്ള സംരക്ഷക മാതാവിന്റെ പള്ളിയിൽ (Maria Schutz Pasing) ചിത്രീകരിച്ചട്ടുണ്ട്. 1916 ഏപ്രിൽ 26നു മാർപാപ്പ രണ്ടു കാര്യങ്ങളും അനുവദിച്ചു, ആ വർഷം മെയ് പതിനാലാം തീയതി മ്യൂണിക്കിൽ ആദ്യമായി ബവേറിയൻ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു.

1917 മുതൽ ബവേറിയയിലെ എല്ലാ രൂപതകളിലും ഈ തിരുനാൾ ആഘോഷിച്ചു വരുന്നു. 1970 മുതൽ ഈ തിരുനാൾ മെയ് മാസം ഒന്നാം തീയതിയാണു ആഘോഷിക്കുന്നത്. മ്യൂണിക്കിലെ മരിയൻപ്ലറ്റ്സിൽ എല്ലാ ശനിയാഴ്ചയും ജപമാലയും പ്രദിക്ഷണവും നടത്തു്തുന്നു.

2017 ൽ പട്രോണ ബവേറിയയുടെ തിരുനാളിന്റെ നൂറാം ജൂബിലിക്കു ഒരുങ്ങുന്നതിനു വേണ്ടി 2011 മുതൽ ബവേറിയയിലെ രൂപതകൾ മറിയത്തോടൊപ്പം വഴിയിലൂടെ എന്ന ആപ്തവാക്യത്തിലൂന്നി ഏഴു വർഷം നീണ്ടു നിൽക്കുന്ന ആത്മീയ ഒരുക്കം നടത്തിയിരുന്നു. ഓരോ വർഷവും ഓരോ രൂപതയിലെ തീർത്ഥാടന കേന്ദ്രമായിരുന്നു അതിനായി തിരഞ്ഞെടുത്തിരുന്നത്. 2011 ൽ പാസാവു രൂപതയിലെ ആൾട്ട്ഓട്ടിങ്ങിലെ മരിയൻ കപ്പേള.

2012 ൽ ബാംബർഗ് അതിരൂപതയിലെ ഫിയർസ്സേൻ ഹൈലിഗൻ ബസിലിക്ക

2013 ൽ റേഗൻസ്ബർഗ് രൂപതയിലെ ബോഗൻബർഗിലെ തീർത്ഥാടന കേന്ദ്രം

2014 ൽ വ്യൂർസ്ബുർഗ് രൂപതയിലെ റെറ്റ്സ് ബാഹിലെ മരിയ ഇൻ ഗ്രൂനൻതാൽ

2015ൽ ഔസ്ബർഗ് രൂപതയിലെ കുരുക്കഴിക്കുന്ന മാതാവിന്റ പള്ളി

2016ൽ ഐസ്റ്റഡ് രൂപതയിലെ റെസിഡൻസ്പ്ലറ്റ്സ്

2017ൽ മ്യൂണിക് അതിരൂപതയിലെ മരിയൻ കത്തീഡ്രലും മരിയൻ സ്തൂപവും ആയിരുന്നു ആഘോഷ നഗരികൾ.

മരിയൻ വണക്കത്തിന്റെ മെയ് മാസപ്പുലരിയിൽ മറിയത്തിന്റെ സംരക്ഷണ മേലങ്കിക്കുള്ളിൽ നമുക്കും അഭയം തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS