പരിശുദ്ധ അമ്മയുടെ സംരക്ഷണവും സ്‌നേഹവും നേടിയെടുക്കാനുള്ള വഴികള്‍

1. മാതാവിന്റെ പതിനാലു സന്തോഷങ്ങളുടെ സ്തുതിക്കായി 14 സ്വര്‍ഗ്.ഗ, 14 നന്മ. എന്ന ജപമോ, തിരുസ്സഭ അംഗീകരിച്ചിട്ടുള്ള സ്വര്‍ഗ്ഗരാജ്ഞി, എത്രയും ദയയുള്ള മാതാവേ, സ്വര്‍ലോകരാജ്ഞി, ത്രികാലജപം മുതലായ പ്രാര്‍ത്ഥനകളോ കാലാനുസൃതം തെരഞ്ഞെടുത്തു ഭക്തിപൂര്‍വ്വം ചൊല്ലുന്നത് ഉത്തമമാണ്.

2. മറിയത്തിന്റെ സ്തുതിക്കായി ഗീതങ്ങള്‍ ആലപിക്കുക.

3. ദിവസവും രാവിലെ, അന്നു മുഴുവന്‍ മാതാവിന്റെ മാധ്യസ്ഥം വഴി കൃപാവരത്തോട് വിശ്വസ്തരായിരിക്കുവാന്‍ അനുഗ്രഹം ലഭിക്കുന്നതിന് പലപ്രാവശ്യം ‘നന്മ നിറഞ്ഞ മറിയമേ,’ വിശ്വസ്തയായ കന്യകേ തുടങ്ങിയ സുകൃതജപങ്ങള്‍ ചൊല്ലുക.

4. ഓരോ ദിവസത്തിന്റെയും അവസാനം അന്ന് ചെയ്തുപോയ പാപങ്ങള്‍ക്കു ദൈവത്തില്‍ നിന്നു പൊറുതി ലഭിച്ചുതരാന്‍ വേണ്ടി മറിയം വഴി ‘നന്മ നിറഞ്ഞ മറിയമേ,’ മറിയമേ കരുണയുള്ള അമ്മേ സ്വസ്തി എന്ന് പല പ്രാവശ്യം ഉരുവിടുക.

5. മരിയസഖ്യങ്ങളുടെ മേല്‍നോട്ടം സ്വീകരിക്കുകയും അള്‍ത്താരകളും പ്രതിമകളും അലങ്കരിക്കുകയും ചെയ്യുക.

6. പരിശുദ്ധ അമ്മയുടെ ഛായ പതിച്ചിട്ടുള്ള മെഡലുകള്‍ അണിയുക, പടങ്ങളും തിരുസ്വരൂപങ്ങളും കൈവശം സൂക്ഷിക്കുക മുതലായവ പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നു രക്ഷപെടുവാന്‍ ഉതകുന്ന ഉത്തമമാര്‍ഗ്ഗങ്ങളാണ്. കൂടാതെ, പ്രദക്ഷിണങ്ങളിലും മറ്റും അവ വഹിക്കുന്നതും ഉത്തമമാണ്.

7. പള്ളികളിലും വീടുകളിലും പട്ടണങ്ങളുടെ പ്രവേശനദ്വാരങ്ങളിലും മറ്റും മാതാവിന്റെ തിരുസ്വരൂപമോ ഛായാപടമോ സ്ഥാപിക്കുക; അല്ലെങ്കില്‍ മറിയത്തിന്റെ നാമം ആലേഖനം ചെയ്യുക.

8. പ്രത്യേകവിധത്തില്‍ തന്നെത്തന്നെ മറിയത്തിനു സമര്‍പ്പിക്കുക.

പരിശുദ്ധാത്മാവ് വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിട്ടുള്ളതും വിശുദ്ധീകരണശക്തിയുള്ളതും യഥാര്‍ത്ഥ മരിയഭക്തര്‍ക്കു യോജിച്ചതുമായ ഭക്താഭ്യാസങ്ങള്‍ ഇനിയുമുണ്ട് . ഈശോസഭാ വൈദികനായ ഫാ. ബാരി രചിച്ചിട്ടുള്ള ‘Paradise open to Philagius’ എന്ന ഗ്രന്ഥത്തില്‍ വിശദമായി ഇവയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. പരിശുദ്ധ കന്യകയുടെ സ്തുതിക്കായി വിശുദ്ധര്‍ ചെയ്തുവന്നിരുന്ന വളരെയേറെ ഭക്താഭ്യാസങ്ങള്‍ അദ്ദേഹം അതില്‍ വിവരിക്കുന്നു. ഉചിതമായ വിധത്തില്‍ അവ അനുഷ്ഠിക്കുമെങ്കില്‍ വലിയ വിശുദ്ധിയിലെത്തിച്ചേരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.